പ്രിയ സുഹൃത്തുക്കളെ,

കേരളസാഹിത്യഅക്കാദമിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ നടക്കുന്ന ദേശീയപുസ്തകോത്സവം - 2014ൽ മലയാളം വിക്കിപീഡിയ പ്രവർത്തകർ സജീവമായി പങ്കെടുത്തു. വിക്കിമീഡിയ പദ്ധതികൾ കൂടുതൽ ജനകീയമാക്കുന്നതി്‌ന്റെ ഭാഗമായി സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത്തെ പഠന ശിബിരമായിരുന്നു ഇത്.കേരളത്തിലെ സർക്കാർ സ്ഥാപനം ഔദ്യോഗികമായി സംഘടിപ്പിക്കുന്ന പഠനശിബിരം എന്ന സവിശേഷതകൂടി ഇതിനുണ്ട്.

പത്ര മാധ്യമങ്ങൾ വഴിയും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയം വഴിയും പ്രചരണങ്ങൾ നൽകിയിരുന്നു. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായുള്ള നാൽപ്പതോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. രണ്ടു ഭാഗങ്ങളായി നടന്ന പരിപാടിയിൽ ആദ്യത്തേതു് രാവിലെ 10.30നു് പ്രധാന വേദിയിൽ ആരംഭിച്ചു. സ്വാഗതഭാഷണം നടത്തിയ മനോജ് കെ. മോഹൻ വിക്കിപീഡിയയെ കുറിച്ച് ലളിതമായി പരിചയപ്പെടുത്തി.

അക്കാദമി സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരമ്പരാഗതമായ ചട്ടക്കൂടുകളിൽ നിന്നും ഇറങ്ങിവന്ന്, വിക്കിമീഡിയാ സംരംഭങ്ങളെപ്പോലുള്ള നവവൈജ്ഞാനികമണ്ഡലങ്ങളുമായി സഹകരിക്കുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും അക്കാഡമി എന്നും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. വിക്കിപീഡിയയിൽ കൂടുതൽ ജനപങ്കാളിത്തം ഉണ്ടാകുന്നതോടെ തെറ്റുതിരുത്തൽ പ്രക്രിയകൾ സജീവമാകാനും അതുവഴി വിക്കിപീഡിയയുടെ ഗുണമേന്മ വർദ്ദിപ്പിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവമാധ്യമപ്രചാരകരായ വിക്കിപീഡിയ വിജ്ഞാന വ്യാപനരംഗത്ത്‌ അതുല്യമായ സംഭാവനയാണ്‌ ചെയ്യുന്നതെന്ന്‌ മലയാളം വിക്കിപീഡിയ എഴുത്തുകാരുടെ സംഗമത്തിൽ സംസാരിച്ച അക്കാദമി സെക്രട്ടറി ആർ. ഗോപാലകൃഷ്‌ണൻ പറഞ്ഞു. വിജ്ഞാനദാഹികൾക്ക്‌ ലോകത്തെവിടെയുമുള്ള അറിവ്‌ വിരൽതുമ്പിൽ പകർന്നുനൽകാൻ സാധിക്കുന്നുണ്ട്‌. 20ാം നൂറ്റാണ്ടിന്റെ അവസാനത്തിലുണ്ടായ ഡിജിറ്റൽ യുഗത്തിലേക്കുള്ള കുതിച്ചുചാട്ടം ചരിത്രത്തിൽ രേഖ പ്പെടുത്തിയേക്കാം. സ്വതന്ത്രപകർപ്പവകാശമുള്ള നിരവവധി പുസ്‌തകങ്ങൾ ഇന്ന്‌ വെബ്‌സൈറ്റിൽ ലഭ്യമാണ്‌. എന്നാൽ സ്വതന്ത്രപകർപ്പവകാശം ഏതിനെല്ലാം നൽകണമെന്നതിനെക്കുറിച്ച്‌ ചിന്തിക്കേണ്ടതുണ്ട്‌. വൈജ്ഞാനികപുസ്‌തകങ്ങൾ പൊതുവായി ലഭിക്കേണ്ടതായതിനാൽ അവ സ്വതന്ത്രപകർപ്പവകാശത്തിന്റെ പരിധിയിലുൾപ്പെടുത്താം. എന്നാൽ പുസ്‌തകം ഉപജീവനമാർഗ മാക്കിയ നിരവധി എഴുത്തുകാരുണ്ടെന്നും അതിനാൽ സർഗാത്മകകൃതികൾ സ്വതന്ത്രപകർപ്പവകാശത്തിന്‌ പരിധിയിലുൾപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്റെ ജംഗമസ്വത്താണ്‌ പുസ്തകം. അതിന്റെ പകർപ്പവകാശം തീരുമാനിക്കേണ്ടത്‌ എഴുത്തുകാരൻ തന്നെയാണെന്നും സെക്രട്ടറി ആർ.ഗോപാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷങ്ങളായി മലയാളം വിക്കിപീഡിയയുടെ പ്രവർത്തനങ്ങൾക്കു് സാഹിത്യഅക്കാദമി നൽകുന്ന പിന്തുണ ഭാവിയിൽ കൂടുതൽ ശക്തമാക്കുമെന്നു് അദ്ദേഹം ഉറപ്പുനൽകി.

മലയാളഭാഷാഗവേഷകനായ ഡോ. പി രഞ്ജിത്ത് 'വൈജ്ഞാനിക സാഹിത്യവും വിക്കി പദ്ധതികളും' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.

ഡോ. പി രഞ്ജിത്തിന്റെ പ്രസംഗത്തിലെ ആദ്യ ഭാഗം ഇങ്ങനെ...

വിക്കിപ്പീഡിയയുടെ വിവരങ്ങളുടെ ആധികാരികതയെന്താണ് ?എന്ന ചോദ്യത്തില്‍ നിന്നുതന്നെ നമുക്ക് വിഷയം ആരംഭിക്കാം.ഇതിന് രണ്ടു തരത്തില്‍ മറുപടി പറയാം.ചില വിഷയങ്ങളില്‍ ഉണ്ടെന്നും ചില കാര്യങ്ങളില്‍ ഇല്ലെന്നും മറുപടി പറയാം.ചില വിഷയങ്ങളില്‍ ആധാകാരികതകളുടെ വക്താക്കള്‍ തന്നെയാണ് ലേഖനങ്ങള്‍ എഴുതുന്നത്.എന്നാല്‍ എല്ലാ വിഷയത്തിലും അങ്ങിനെയല്ല.യഥാര്‍ത്ഥ പ്രശ്‌നം ഈ ആധികാരികത എന്നാലെന്താണ് ?

ഈ വിഷയത്തില്‍ ഒരു ചരിത്ര വിശകലനം ആവശ്യമാണ്.ചിലരുടെ അഭിപ്രായത്തില്‍ അച്ചടിക്കപ്പെട്ടതെല്ലാം ആധികാരികമാണെന്നാണ്.എന്നാല്‍ അച്ചടിയുടെ ചരിത്രം പരിശോധിച്ചാല്‍ ആദ്യകാലത്ത് അച്ചടിക്കപ്പെട്ടതിന് ആധികാരികത ലഭിച്ചിരുന്നില്ലെന്ന് മനസ്സിലാക്കാനാവും.അച്ചടിക്ക് തൊട്ടുമുമ്പ് താളിയോല ഗ്രന്ഥങ്ങളാണ് എഴുതാനായി ആശ്രയിച്ചിരുന്നത്.പിന്നീട് കയ്യെഴുത്ത് വന്നു.ഈ കയ്യെഴുത്തില്‍ നിന്ന് അച്ചടിയിലേക്ക് മാറുന്നത് 200 വര്‍ഷം മുമ്പുള്ള ഒരു ഘട്ടത്തിലാണ്.

അച്ചടിയുടെ തുടക്കത്തില്‍ അന്ന് കയ്യെഴുത്തായും മറ്റും വൈജ്ഞാനിക രംഗത്തോ സാഹിത്യ രംഗത്തോ എഴുതിയിരുന്ന പലരും അച്ചടിയെ സംശയത്തോടെയായിരുന്നു കണ്ടിരുന്നത്.അച്ചടിച്ചത് കൂടുതല്‍ പകര്‍പ്പ് ഉണ്ടാകുമ്പോഴും അതില്‍ പല സംശയങ്ങളും ഉയര്‍ന്നിരുന്നു. പകര്‍ത്തുന്നതും അച്ചടിക്കുന്നതും ഈ വിഷയത്തിലെ പണ്ഡിതന്‍മാര്‍ ആയിരുന്നില്ല എന്നതായിരുന്നു ഒരു കാരണം.അതുകൊണ്ട് കയ്യെഴുത്താണ് പ്രാമാണികമായി പരിഗണിച്ചിരുന്നത്.മറ്റൊരു കാര്യം അച്ചടിയിലേക്ക് മാറുന്നത് വഴി ധാരാളം തെറ്റുകള്‍ സംഭവിക്കുന്നു എന്നതിനാലും കയ്യെഴുത്ത് പ്രതിക്കാണ് പ്രധാന്യം നല്‍കിയത്.

കയ്യെഴുത്ത് പ്രതിയിലും സംശയങ്ങളുണ്ടായിരുന്നു.പഴയ കാലത്ത് എഴുത്തുപുര എന്ന കേന്ദ്രങ്ങളില്‍വെച്ച് പകര്‍ത്തെഴുതുന്ന പ്രവണതയുണ്ടായിരുന്നു.മറ്റു ആളുകള്‍ക്ക് വേണ്ടി പുസ്തകങ്ങള്‍ പകര്‍ത്തി എഴുതുകയായിരുന്നു ഇവരുടെ ജോലി.

ചില ആളുകളുടെ അഭിപ്രായത്തില്‍ അച്ചടിച്ചതിന് കയ്യെഴുത്തു പ്രതിയേക്കാള്‍ പത്തിരട്ടി തെറ്റുകളുണ്ടാകുമെന്നാണ്.പിന്നീട് ക്രമേണ എഴുത്തുകാരും മറ്റും അച്ചടിയെ അംഗീകരിച്ചുതുടങ്ങി.പ്രസുകളുടെ വ്യാപനമൊക്കെ ഇതിന് സഹായിച്ചിട്ടുണ്ട്.മാറികൊണ്ടിരിക്കുന്ന ഒരു ആധികാരികത ആദ്യകാലത്തുതന്നെ നമുക്ക് കാണാന്‍ സാധിക്കുമായിരുന്നു.കൂടാതെ പഴയ കാലത്ത് പകര്‍പ്പവകാശം എഴുത്തുകാരന്റെ അവകാശമായിരുന്നില്ല.പകര്‍പ്പവകാശം സംരക്ഷിക്കാനുള്ള നിയമങ്ങളുണ്ടായിരുന്നില്ല.നിയമങ്ങളില്ലാതിരുന്നതിനാല്‍ പകര്‍പ്പ് എന്നത് എല്ലാവരുടെയും അവകാശമായിമാറി.അതായത് പകര്‍പ്പവകാശമെന്നത് ജനകീയമായുള്ള ഒരു അവകാശമായിരുന്നു.ആദ്യകാലത്തെ പകര്‍പ്പ് എഴുത്തുകാരന്‍ എഴുതിയപോലെ പകര്‍ത്തുക മാത്രമായിരുന്നില്ല.ഒരു പടി കൂടി കടന്ന് എഴുത്തുകാരന്‍ എഴുതിയതിനെ അല്‍പ്പസ്വല്‍പ്പം മാറ്റിപകര്‍ത്തുന്ന ആള്‍ക്കാരും ഉണ്ടായിരുന്നു.യഥാര്‍ത്ഥത്തില്‍ പകര്‍പ്പ് എന്നത് എഴുത്തിന്റെ ഒരു സംവാദമാണ്.അതായത് വിജ്ഞാനം പകര്‍ത്തിയും കൂട്ടിചേര്‍ക്കലുകള്‍ നടത്തിയു മാറികൊണ്ടിരിക്കുന്ന ദ്രവാവസ്ഥയായിരുന്നു.മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഫഌയിഡിറ്റി അവസ്ഥയായിരുന്നു എന്നു പറയാം.

ആധികാരികതയുടെ ചരിത്രം എന്നതിൽ നിന്ന് തുടങ്ങിയ അവതരം താളിയോല ഗ്രന്ഥങ്ങളുടെ എഴുത്തും പകർത്തിയെഴുത്തും - വാമൊഴിയിൽ നിലനിന്ന / പകർന്ന കീഴാള വിജ്ഞാനം - അച്ചടിയും ആധുനികതയും - അച്ചടി മുതലാളിത്തം - ഭരണകൂടം തന്നെ വിജ്ഞാനകോശം സൃഷ്ടിക്കുന്നതിലെ രാഷ്ട്രീയം - സ്ഥാപനവൽക്കരിക്കപ്പെട്ട ആധുനിക വിജ്ഞാനത്തെ വിക്കിപ്പീഡിയിലൂടെ മാറ്റിപ്പണിയുന്നു - ആധുനികതയുടെ അധികാരബന്ധങ്ങളിൽ നിന്ന് വിജ്ഞാനത്തെ മോചിപ്പിക്കാൻ ശ്രമിക്കുന്നു - എന്തുകൊണ്ട് ഭാഷാവിക്കികൾ ? - ഒന്നാംഭാഷയിൽ അറിവ് ആർജ്ജിക്കാനും പകർന്നുകൊടുക്കാനുമുള്ള അവകാശം - മലയാളത്തിൽ മാത്രം പകർന്നു ശീലമുള്ള അറിവുകൾ - നാട്ടറിവുകൾ - നാട്ടുചരിത്രം - ദേശചരിത്രം - പ്രാദേശികമായും സാമൂഹ്യമായും വ്യത്യസ്തമായ വാമൊഴികൾ എന്നീ വിഷയങ്ങളിലൂടെയൊക്കെ കടന്നുപോയ വളരെ വിജ്ഞാനപ്രദമായ ഒന്നായിരുന്നു. വിക്കിപീഡിയ ഭാഷയിലെ വിജ്ഞാനസാഹിത്യത്തിൽ നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന വികാസപരമായ പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞ അവതരണം പുരാതനകാലം മുതൽക്കേ, ക്രമമായി, കയ്യെഴുത്തിൽനിന്നും അച്ചടിയിലേക്കും തുടർന്നു് നവമാദ്ധ്യമങ്ങളിലേക്കും വിവരങ്ങളുടെ ആധികാരികത എങ്ങനെ കൈമാറപ്പെട്ടുവരുന്നു എന്നതും ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.

കേരളത്തിലെ പ്രശസ്തമായ വാസ്തുനിർമ്മാണഗവേഷണകേന്ദ്രമായ കോസ്റ്റ്ഫോർഡ് മേധാവി ചന്ദ്രദത്തിനു് വ്യക്തിപരമായ കാരണങ്ങളാൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. എന്നാൽ അദ്ദേഹം പ്രത്യേകം അയച്ചുതന്ന ആശംസാസന്ദേശം മലയാളം വിക്കിപീഡിയയുടെ സജീവ അണിയറപ്രവർത്തകനായ അശോക് എസ്. സുബ്രഹ്മണ്യൻ സദസ്സിനെ വായിച്ചുകേൾപ്പിച്ചു. കോസ്റ്റ്ഫോർഡ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളും പകർപ്പവകാശവിമുക്തമായ സ്വതന്ത്രലൈസൻസോടെ ലഭ്യമാക്കാൻ സന്നദ്ധമാണെന്നു് അദ്ദേഹം അറിയിച്ചു.

വിക്കിമീഡിയ ഇന്ത്യാ ചാപ്റ്റർ ബോർഡ് മെമ്പറായ വിശ്വപ്രഭ, ഇന്ത്യൻ ഭാഷകളിൽ മലയാളം വിക്കിപീഡിയയുടെ പ്രാമുഖ്യത്തെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കും വിക്കിപീഡിയ കൈപുസ്തകം വിതരണം ചെയ്തു.ആലപ്പുഴയിൽ നിന്ന് ഇർഫാനും അശോകൻ ഞാറയ്ക്കലുമാണ് എത്തിച്ചത്.

പരിപാടിയുടെ അടുത്ത ഭാഗമായി, വൈലോപ്പിള്ളി ഹാളിൽ വെച്ച് ഒരു ലഘുവിക്കിപരിശീലനശിബിരവും നടന്നു. വിക്കിപ്രവർത്തകരായ ശ്രീജിത്ത് കൊയ്ലോത്ത് Sreejith Koiloth (വയനാട്), ഇർഫാൻ ഇബ്രാഹിം സെയ്ട്ട് Erfan Ebrahim Sait (ആലപ്പുഴ), അക്ബർ അലി Akbarali Charankav (വണ്ടൂർ), ടോണി ആന്റണി Tony Antony, സതീശൻ Satheesan Vn, നിസാർ വി.കെ. Nizar Vk , സൂരജ് കേണോത്ത്, മനോജ് .കെ , വിശ്വപ്രഭ എന്നിവർ ശിബിരത്തിനു നേതൃത്വം നൽകി. നാല്പതോളം പഠിതാക്കൾ ഉത്സാഹപൂർവ്വം ശിബിരത്തിൽ പങ്കെടുത്തു. പുതുതായി ഉപയോക്തൃനാമം എങ്ങനെ സൃഷ്ടിക്കാം, സ്വന്തം ഉപയോക്തൃക്രമീകരണങ്ങൾ എങ്ങനെ മാറ്റാം, അതുപയോഗിച്ച് ULS വഴി വിവിധരീതികളിൽ മലയാളം എങ്ങനെ ടൈപ്പ് ചെയ്യാം തുടങ്ങിയ മേഖലകളിലായിരുന്നു ഈ ശിബിരത്തിലെ പരിശീലനം മുഖ്യമായും കേന്ദ്രീകരിച്ചതു്. രണ്ടുമണിയോടെ വിക്കിപഠനശിബിരം അവസാനിച്ചു.

പൊതുപരിപാടി സമാപിച്ചതിനുശേഷം, വിക്കിപ്രവർത്തകർ ഒന്നിച്ചുചേർന്നു്, ഇപ്പോൾ മലയാളം വിക്കിഗ്രന്ഥശാലയിൽ നടന്നുവരുന്ന ഡിജിറ്റൈസേഷൻ മത്സരത്തെക്കുറിച്ച് അവലോകനം നടത്തുകയുണ്ടായി. സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി നടക്കുന്ന മത്സരത്തിലെ അടുത്ത പടി എങ്ങനെ ഫലപ്രദമായി പൂർത്തീകരിക്കാമെന്നു് ചർച്ച ചെയ്തു.

പഠനശിബിരം നടത്താനുള്ള ദിവസത്തെയ്ക്കുറിച്ചുള്ള അറിയിപ്പ് വൈകിയാണ് ലഭിച്ചതെന്നതും പ്രവൃത്തിദിവസമായിരുന്നതിനാലും പല വിക്കിപ്രവർത്തകർക്കും പങ്കെടുക്കാൻ സാധിച്ചില്ല.

ദേശീയപുസ്തകോത്സവത്തോടനുബന്ധിച്ച് ഇപ്പോൾ മൂന്നാം തവണയാണു് വിക്കിപീഡിയ എഴുത്തുകാരുടെ സംഗമം നടക്കുന്നതു്. 2012 ജനുവരിയിലായിരുന്നു ആദ്യപരിപാടി. മലയാളം ബ്ലോഗർമാരുടെ സംഗമത്തിന്റെ അനുബന്ധമായി 2013 ജനുവരിയിലും വിക്കിപീഡിയയെക്കുറിച്ച് വേദിയിൽ പ്രഭാഷണവും ചർച്ചയും അവതരിപ്പിക്കപ്പെടുകയുണ്ടായി.

പദ്ധതി താള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



--
സസ്‌നേഹം

                    അക്‌ബറലി ചാരങ്കാവ്‌