എങ്ങനെ ഉള്‍പ്പെടുത്താമെന്നല്ല, എങ്ങനെ ഒഴിവാക്കാമെന്നാണു് സിമി ചിന്തിക്കുന്നതു്. സഗീര്‍ പണ്ടാരത്തിലിനെയും ബാജി ഓടംവേലിയേയും മെറിറ്റുള്ള കവികള്‍ പങ്കെടുക്കുന്ന എത്ര കവി സമ്മേളനങ്ങളില്‍ ആളുകള്‍ വിളിച്ചിരുത്തും? എന്താണു്, അവരെ മാറ്റിനിര്‍ത്തുന്നതിനുപയോഗിക്കുന്ന മാനദണ്ഡം? എന്തുകൊണ്ടാണു്, ചില കവികളുടെ രചനകള്‍ വായനക്കാര്‍ സ്വീകരിക്കുന്നതും ചിലരുടേതു് തിരസ്കരിക്കപ്പെടുന്നതും? സാഹിത്യമൂല്യം ഉണ്ടോ ഇല്ലയോ എന്നതാണു് ചിലരുടെ കവിതകളെ മെച്ചപ്പെട്ടതും ചിലരുടെ കവിതകളെ പരിഹാസ്യവുമാക്കുന്നതു്. കവിയായാലും കഥാകൃത്തായാലും peer groupല്‍ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണെങ്കില്‍ അയാളുടെ കവിതകള്‍ പുസ്തകമായിട്ടില്ലെങ്കില്‍ കൂടി ശ്രദ്ധേയമാവുന്നില്ലേ? peer group എന്നുദ്ദേശിച്ചതു് സുഹൃത്തുക്കളുടെയിടയില്‍ എന്ന അര്‍ത്ഥത്തിലല്ല, മറിച്ചു് ഇതരകവികളുടെയിടയില്‍ / കഥാകൃത്തുക്കളുടെയിടയില്‍ എന്ന അര്‍ത്ഥത്തിലാണു്. ഒരാളുടെ കവിതകളെക്കുറിച്ചു് പഠനങ്ങളുണ്ടാവുക, പഠനങ്ങളെഴുതുന്നയാളുകള്‍ അക്കാദമിക്‍ / സാഹിത്യ സര്‍ക്കിളുകളില്‍ ബഹുമാന്യസ്ഥാനമുള്ളയാളായിരിക്കുക, അതു് മറ്റിടങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുക എന്നതൊക്കെ ശ്രദ്ധേയതയ്ക്കു് മതിയായ കാരണങ്ങളല്ലേ?

പുസ്തകം അഞ്ചെണ്ണമെന്തിനു്, ഒരെണ്ണമിറക്കിയാലും അതു് പുസ്തകം തന്നെയല്ലേ? അറിയപ്പെടുന്ന പ്രസാധകര്‍ ഇറക്കുന്ന പുസ്തകങ്ങളെ സ്വീകരിക്കരുതോ? മിക്ക പ്രസാധകരും അവര്‍ കാശുമുടക്കിയിറക്കുന്ന പുസ്തകങ്ങള്‍ക്കു് ഒരു ബാനറും, കാശു് അങ്ങോട്ടു് കൊടുത്തു് ഇറക്കുന്ന പുസ്തകങ്ങള്‍ക്കു് വേറൊരു ബാനറുമാണു് വയ്ക്കാറു്. ഇതുവച്ചുതന്നെ പുസ്തകങ്ങളെ കണ്മതിക്കു് തിരിക്കാം. ഏതു പുസ്തകക്കടയിലും ചെന്നാല്‍കാണുന്ന അപ്രശസ്തരുടെ ഹിമാലയന്‍ യാത്രാവിവരണങ്ങളെക്കുറിച്ചു് ഇന്നു് ശ്രീചിത്രന്‍ എഴുതിയിരിക്കുന്നതു് കണ്ടിരുന്നു. അത്തരം സബ്ജക്റ്റീവ് രചനകളുടെ പേരില്‍, അല്ലെങ്കില്‍ എച്ച്ആന്‍ഡ്സിക്കു് വേണ്ടി ഒരു ഗൈഡ് എഴുതിയതിന്റെ പേരില്‍ ഒരാള്‍ വരേണ്ടതില്ല. അതേസമയം എച്ച്ആന്‍ഡ്സിയുടെ മിക്ക പത്തുരൂപ / ഇരുപതുരൂപ പുസ്തകങ്ങളും എഴുതുന്നതു് ഒരാളാണെങ്കില്‍ അയാള്‍ പരാമര്‍ശത്തിനര്‍ഹനല്ലേ? ഒരാള്‍ തന്നെ പലപേരില്‍ പല പ്രസിദ്ധീകരണങ്ങളില്‍ പൈങ്കിളി നോവലുകളെഴുതുന്നുണ്ടെങ്കില്‍ അയാളെക്കുറിച്ചു് ഒരു ലേഖനം വരേണ്ടതല്ലേ? (ഉദാ: സി വി നിര്‍മ്മല, സി വി ജോസ്, ജോസി വാഗമറ്റം... എല്ലാം ഒരാളാണു്). പള്‍പ്പ് ഫിക്ഷന്‍ എഴുത്തുകാര്‍ മോശം എഴുത്തുകാരകണം എന്നു നിര്‍ബന്ധവുമില്ലല്ലോ. 

മുകളിലെഴുതിയ 'അനേകം കവികള്‍' മോശം കവികളാണോ? ബ്ലോഗില്‍ എഴുതുന്നു എന്നതു് അവരുടെ കവിതകളെ രണ്ടാംതരമാക്കുന്നുണ്ടോ? കുറേക്കാലം കലാകൌമുദിയില്‍ പണിയെടുത്തയാളാണു് ഞാന്‍. അവിടെ 'ഒരു' സീനിയര്‍ എഡിറ്ററെ ചുരിദാറിട്ടോ സാരിയുടുത്തോ ഒരാള്‍ ചെന്നുകണ്ടാല്‍, വെറുതെ അഭ്യര്‍ത്ഥിച്ചാല്‍, അവരുടെ കവിത രണ്ടോ മൂന്നോ ലക്കത്തിനകം പ്രസിദ്ധീകരിച്ചുവരുന്നതു് ഞാന്‍ കണ്ടിട്ടുണ്ടു്. അതായതു് ഉന്നതമാനദണ്ഡം പുലര്‍ത്തുന്നതുകൊണ്ടുമാത്രമല്ല, കവിതകള്‍ അച്ചടിമഷി പുരളുന്നതു്. എഡിറ്റര്‍ക്കു് താത്പര്യമുള്ളയാരും കവിയാകും. സമകാലികമലയാളത്തില്‍ മാത്രം കഥ വരുന്നവരുണ്ടു്. ദേശാഭിമാനി വാരികയില്‍ മാത്രം കവിത വരുന്നവരുണ്ടു്. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ വിക്കിയില്‍ വരാമെങ്കില്‍ ഒരു കവിതപ്രസിദ്ധീകരിച്ചാലും വിക്കിയില്‍ വരുന്നതില്‍ തെറ്റൊന്നുമില്ല.