നാം കബളിപ്പിക്കപ്പെട്ടതിന് സമാധാനമായിട്ടില്ല, വിജ്ഞാന കോശങ്ങളെക്കുറഇച്ച് നാം മനസ്സിലാക്കിയിരിക്കേണ്ട ചില വസ്തുതകള്‍ എന്ന നിലയ്ക്ക്, വിക്കിഉപയോക്താവ് കൂടിയായ calicocentric ന്റെ ഒരു ബ്ലോഗ് പോസ്റ്റിലേക്ക് താല്പര്യമുള്ളവരുടെ ശ്രദ്ധക്ഷണിക്കുന്നു. താഴെകാണുന്ന തലക്കെട്ടില്‍ ബ്ലോഗ് ലിങ്ക് ലഭ്യമാണ്. (ഇതൊരുപക്ഷേ, മുന്‍പ് എപ്പോഴെങ്കിലും ഈ ലിസ്റ്റില്‍ ചര്‍ച്ചചെയ്തിട്ടുള്ളതാവാം. പഴയവായനക്കാര്‍ ക്ഷമിക്കുക)

മലയാളം ബ്രിട്ടാനിക്കാതട്ടിപ്പും ഉപഭോക്തൃകോടതി വിധിയും

ഡിസിബുക്സ് പ്രസിദ്ധീകരിച്ച മലയാളം ബ്രിട്ടാനിക്ക എന്ന പുസ്തകത്തിനെതിരെ കോഴിക്കോട് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ ആറു വര്‍ഷമായി ഇഴഞ്ഞുവന്ന കേസ് വിധിയായപ്പോള്‍ വിധിയെ വിമര്‍ശിച്ച് അദ്ദേഹം എഴുതിയതാണത്. ഇതുസംബന്ധമായി വിക്കിതാളും നിലവിലുണ്ട് മലയാളം ബ്രിട്ടാനിക്ക
എന്ന വിക്കി ലേഖനത്തിലും ഇതുസംബന്ധമായ ചര്‍ച്ച നടന്നിട്ടുള്ളതായി കാണാം.

ഇത്തരം പിഴവുകളെക്കുറിച്ച് വിജ്ഞാനകോശത്തിലെ എഴുത്തുകാര്‍ എന്ന നിലയില്‍ നമ്മളേവരും മനസ്സിലാക്കിയിരിക്കേണ്ടത് പ്രധാനവുമാണ്.

ആ കേസില്‍ മലയാളം ബ്രിട്ടാണിക്കയ്കെതിരെ ഉന്നയിച്ച പ്രധാനവാദങ്ങള്‍ ഇവയാണെന്ന് ബ്ലോഗര്‍ സൂചിപ്പിക്കുന്നു :

മലയാളം ബ്രിട്ടാനിക്ക എന്ന പേരില്‍ പരസ്യംചെയ്ത  തട്ടിപ്പു പുസ്തകം എങ്ങനെയൊക്കെ ആളെപ്പറ്റിക്കുന്നു എന്നു വെളിപ്പെടുത്താന്‍ വിപുലമായ ഉദാഹരണങ്ങളും വസ്തുതകളും നിരത്തുന്നതായിരുന്ന പരാതി. ഏതാനും കാര്യങ്ങള്‍ ഇവിടെ പറയാം.
1.മലയാളം ബ്രിട്ടാനിക്ക ഇറക്കുന്നു എന്നു വ്യാപകമായി പ്രചാരണം നടത്തിയ പ്രസാധകര്‍ അവസാനം പ്രസിദ്ധീകരിച്ചത് മലയാളം എന്‍സൈക്ലോപീഡിയ, ഡെസ്ക് റെഫറന്‍സ് എന്നു പേരുള്ള ഒരു പുസ്തകമാണ്. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഉള്ളടക്കം കേരളത്തിലെ വായനക്കാര്‍ക്ക് അനുയോജ്യമായി adapt ചെയ്തു പ്രസിദ്ധീകരിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇറക്കിയതാവട്ടെ Britannica Concise Encyclopedia എന്ന ഒരു ഒറ്റ വാല്യം പുസ്തകത്തിന്റെ തര്‍ജ്ജമയും. തര്‍ജ്ജമ എന്നു പറഞ്ഞാല്‍ എന്തു തരമാണെന്ന് ഇവിടെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ നോക്കിയാല്‍ മനസ്സിലാവും.

2. പുസ്തകം നിറയെ അസംബന്ധവും വിവരക്കേടുമാണ്. ആറു കിലോമീറ്റര്‍ നീളമുള്ള പാമ്പിനെയൊക്കെക്കാണാം പുസ്തകത്തില്‍. ഇത്തരം വിവരക്കേടുകളുടെ ഡസന്‍ കണക്ക് ഉദാഹരണങ്ങള്‍ നിരത്തിയിരുന്നു.

3. പുസ്തകത്തിന്റെ പ്രസാധകക്കുറിപ്പ് നുണകളുടെ ഒരു കൂമ്പാരമാണ്. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഉള്ളടക്കം ലോകത്താദ്യമായി മലയാളത്തിലാണ് പരിഭാഷ ചെയ്യപ്പെടുന്നതെന്ന കാര്യത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാമെന്ന് രവി ഡി സി അവിടെ തട്ടിവിട്ടിരിക്കുന്നു. അതുമാത്രമല്ല, പുസ്തകത്തിലെ entries ന്റെ എണ്ണത്തെക്കുറിച്ചും അതില്‍ നുണ പറയുന്നു.

4. ക്രോസ് റെഫെറെന്‍സുകള്‍ മിക്കതും വ്യാജമാണ്. ഒന്നാം പേജില്‍ ഇരുപതിലധികം വരുന്ന ക്രോസ് റെഫറന്‍സുകള്‍ മുക്കാലും വ്യാജമാണ്.  ഇതിലും മോശമാണ് തുടര്‍ന്നങ്ങോട്ട്.

5. ഒരേ ലേഖനം രണ്ടു പേരില്‍ ആവര്‍ത്തിക്കുന്നു എത്രയോ ഇടത്ത്.  ഉദാഹരണത്തിന് നാരകം എന്ന  പേരിലും സാത്തുക്കുടി എന്ന പേരിലും ലേഖനങ്ങളുണ്ട്. രണ്ടിന്റെയും ഉള്ളടക്കം ഒന്നുതന്നെ. പക്ഷേ രണ്ടു മണ്ടന്‍മാര്‍ വെവ്വേറെ പരിഭാഷ ചെയ്തതിനാല്‍ ഇത്തരം ആവര്‍ത്തനങ്ങളില്‍ പരിഹാസ്യമായ വൈരുദ്ധ്യമുണ്ട്. സുഹൃത്സഭ, സൊസൈറ്റി ഓഫ് ഫ്രണ്ട്സ് എന്നീ പേരുകളില്‍ ഒരേ ഉള്ളടക്കം ആവര്‍ത്തിക്കുന്നു. പക്ഷേ രണ്ടിലുമുള്ള വൈരുദ്ധ്യം നോക്കൂ.

ദൈവമെന്ന വാക്ക് കേട്ടാലുടനെ അവര്‍ക്ക് വിറയലുണ്ടായി എന്നു പറഞ്ഞുകൊണ്ട് ഒരു ജഡ്ജിയാണ് ഈ പേരു നല്കിയത് (പുറം 2309)
ദൈവവചനംവിറയലോടെ ശ്രവിക്കുവാന്‍ ഇവരോട് കല്പിച്ച ഒരു ന്യായാധിപന്‍ ഇവര്‍ക്ക് പേരു നല്കിയ വര്‍ഷം (പുറം 2264)
ഇങ്ങനെ പരിഹാസ്യമായ വൈരുദ്ധ്യങ്ങളോടെ രണ്ടുപേരില്‍ ആവര്‍ത്തിക്കുന്ന എന്‍ട്രികള്‍ ഡസന്‍ കണക്കാണ്.

ഇതും ഇതിലപ്പുറവും ഉദാഹരണങ്ങള്‍ നിരത്തി ഈ പുസ്തകം റെഫെറന്‍സിനോ മറ്റെന്തിനെങ്കിലുമോ ഉതകില്ല എന്നു ചൂണ്ടിക്കാണിച്ച പരാതി വായിച്ചുനോക്കുക പോലും ചെയ്യാതെയാവണം വിധി എഴുതിയത്.....


സുജിത്ത്