പ്രിയപ്പെട്ടവരെ,

    അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 നോടനുബന്ധിച്ച്  മലയാളം വിക്കിപീഡിയയിലെ സന്നദ്ധപ്രവർത്തകർ 'വനിതാദിന തിരുത്തൽ യജ്ഞം' നടത്തുന്നു. മാർച്ച് 1 മുതൽ 31 വരെയുള്ള ഒരു മാസമാണ് തിരുത്തൽ യജ്ഞം നടക്കുക. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിച്ച ലേഖനങ്ങൾ വികസിപ്പിക്കുകയും, സ്ത്രീ ഉപയോക്താക്കളെ വിക്കിമീഡിയ സംരംഭങ്ങളിലേക്ക് ആകർഷിക്കുകയുമാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ ഉദ്ദേശം.  സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, ലേഖനങ്ങൾ തിരുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ ഉപയോക്താക്കളെ തിരുത്താൻ സഹായിച്ചും മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കുചേരാവുന്നതാണ്. വിക്കിമീഡിയരല്ലാത്ത, എന്നാൽ വിക്കിപീഡിയയിൽ എഴുതാൻ താല്പര്യമുള്ള നിങ്ങളുടെ സുഹൃത്തുക്കളെ (പ്രത്യേകിച്ചും സ്ത്രീസുഹൃത്തുക്കളെ) തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി ക്ഷണിക്കുമല്ലോ.


തിരുത്തൽ യജ്ഞത്തിന്റെ ആസൂത്രണ താൾ ഇവിടെ കാണാം : 
https://ml.wikipedia.org/wiki/Wikipedia:WHMIN14

തുടങ്ങേണ്ടതും, വികസിപ്പിക്കേണ്ടതുമായ താളുകളുടെ ഒരു പട്ടിക ആസൂത്രണ താളിലുണ്ട്. പട്ടികയിലുള്ള താളുകൾ സൃഷ്ടിക്കുകയോ, ശ്രദ്ധേയതയുള്ള മറ്റ് സ്ത്രീകളുടെ ജീവചരിത്രങ്ങൾ എഴുതുകയോ, സ്ത്രീകളുടെ ജീവചരിത്രങ്ങൾ മറ്റ് ഭാഷാ വിക്കിപീഡിയകളിൽ നിന്ന് തർജ്ജമ ചെയ്യുകയോ ആവാം. തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി താങ്കൾ സൃഷ്ടിച്ച താളുകൾ ആസൂത്രണ താളിൽ ചേർക്കാൻ ശ്രദ്ധിക്കുമല്ലോ. കഴിഞ്ഞ വർഷം നൂറിൽപ്പരം ലേഖനങ്ങളാണ് വനിതാദിന തിരുത്തൽ യജ്ഞത്തിലൂടെ നമ്മൾ സൃഷ്ടിച്ചത്. യജ്ഞം സമാപിച്ചതിനു ശേഷം ഇതിനെപ്പറ്റിയുള്ള വിശദമായ റിപ്പോർട്ട് വിക്കിമീഡിയ ഗ്ലോബൽ ബ്ലോഗിലും, വിക്കിമീഡിയ ന്യൂസ്ലെറ്ററുകളിലും പ്രസിദ്ധീകരിക്കുന്നതായിരിക്കും. 


എല്ലാവരും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 


സസ്നേഹം,

നത


--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com