'വിക്കിപീഡിയ' ഇന്റര്‍നെറ്റും കടന്ന്‌ എസ്‌എംഎസിലേക്ക്‌

വിജ്‌ഞാന കുതകികളെ ഇന്റര്‍നെറ്റിന്റെ കൈപിടിച്ച്‌ അറിവിന്റെ മഹാ ലോകത്തേക്ക്‌ കടത്തിവിടുന്ന 'വിക്കിപീഡിയ' വിശാല സ്‌ക്രീന്‍ കടന്ന്‌ മൊബൈലിന്റെ ഇടുങ്ങിയ ടച്ച്‌ സ്‌ക്രീനിലേക്കും.

ഇന്റര്‍നെറ്റ്‌ തല്‍പ്പരരായ യൂസര്‍ക്കും വിജ്‌ഞാനസാഗരത്തിനും ഇടയിലെ ഈ പ്രസിദ്ധ വാതായനത്തില്‍ നിന്നും യൂസറിന്‌ ആവശ്യമുള്ള ലേഖനം എസ്‌എംഎസിന്റെ രൂപത്തില്‍ പകരാനുള്ള സൗകര്യം അണിയറയില്‍ ഒരുങ്ങുന്നുണ്ട്‌. യൂസര്‍ക്ക്‌ അറിയേണ്ട വിഷയം ഏതാണെങ്കിലും അത്‌ ആവശ്യപ്പെട്ട്‌ വിക്കിപീഡിയയുടെ സൈറ്റിലേക്ക്‌ ഒരു എസ്‌എംഎസോ യുഎസ്‌എസ്‌ഡിയോ അയയ്‌ക്കുക. ആ വിഷയം എസ്‌എംഎസ്‌ ആയി തന്നെ മൊബൈലിലേക്ക്‌ വരും. അതായത്‌ കമ്പ്യൂട്ടര്‍, നെറ്റ്‌ കണക്ഷന്‍ എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങളെയും തലവേദനകളെയും മറികടന്നും വേണ്ട വിവരം നിങ്ങള്‍ക്ക്‌ മുന്നിലേക്ക്‌ എത്തുമെന്ന്‌ സാരം.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യം സാധ്യമാക്കിത്തുടങ്ങും. നിലവില്‍ 31 രാജ്യങ്ങളിലായി 230 മില്യണ്‍ യൂസര്‍മാരാണ്‌ വിക്കി പീഡിയ ഉപയോഗിക്കുന്നത്‌. 2013 ജൂണോടെ പേജ്‌ വ്യൂവര്‍മാരുടെ എണ്ണം നാല്‌ ബില്യണും സ്‌ഥിരം യൂസര്‍മാരുടെ എണ്ണം 2015 ല്‍ ഒരു ബില്യണുമാക്കാനാണ്‌ ശ്രമം. വിക്കിപീഡിയ ഉപയോക്‌താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതി അന്വേഷണ തല്‍പ്പരരായ യൂസര്‍ക്ക്‌ ഇന്റര്‍ നെറ്റിലേക്ക്‌ കയറാതെ തന്നെ ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ ഇത്‌ സഹായകമാകും.

ഇക്കാര്യത്തില്‍ വിക്കിമീഡിയ അവരുമായി ഒത്തു പോകുന്ന ചില സംഘടനകളുമായി ചേര്‍ന്നാണ്‌ സൗകര്യം ഒരുക്കുന്നത്‌. നോണ്‍ പ്രോഫിറ്റ്‌ മീഡിയാ ആന്റ്‌ ജര്‍ണലിസം സപ്പോര്‍ട്ട്‌ ഓര്‍ഗനൈസേഷനായ നൈറ്റ്‌ ഫൗണ്ടേഷനും ദക്ഷിണാഫ്രിക്കന്‍ സംഘടനയായ പ്രീക്കല്‍റ്റ്‌ ഫൗണ്ടേഷനും വിക്കിക്ക്‌ പിന്തുണയുമായി കൂട്ടിനുണ്ട്‌.

(കടപ്പാട് : മംഗളം)