മലയാളം കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തവർക്കിടയിൽ തെറ്റിദ്ധാരണകൾ ജനിപ്പിക്കാൻ പര്യാപ്തമാണ് ശ്രീ മനോജ് കെ പുതിയവിള എഴുതി മാതൃഭൂമി വാരികയുടെ 2013 ഡിസംബർ 29ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ച "തനതുലിപിതന്നെ വേണം; മാനകീകരണവും അനിവാര്യം" എന്ന ലേഖനം.

ലേഖനത്തിന്റെ ലിങ്ക്

"മിക്കവാറും എല്ലാ ഓൺലൈൻ പ്രയോഗങ്ങളിലും ഈ ലിപിസഞ്ചയം തന്നെയാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഡെബിയൻ, ഫെഡോറ, ഉബുണ്ടു, വിക്കിപീഡിയ തുടങ്ങിയ വമ്പന്മാരെല്ലാം ഇതിന് അംഗീകാരം നൽകി സ്വീകരിച്ചും കഴിഞ്ഞു. അതുകൊണ്ട് ഇനിയുള്ള എല്ലാ ഇന്റർനെറ്റ് അധിഷ്ഠിത പ്രയോഗങ്ങൾക്കും ഇതുതന്നെ ആയിരിക്കും ആധാരം."

എത്രത്തോളം തെറ്റിദ്ധാരണാജനകമാണ് ഈ വാചകം? വിക്കിപീഡിയ എന്നുമുതലാണ് ഒരു പ്രത്യേകലിപിസഞ്ചയത്തെ "അംഗീകരിക്കാ"നും "സ്വീകരിക്കാ"നും തുടങ്ങിയത്? ആർക്കും ഫോണ്ട് മാറ്റി പുതിയലിപിയോ പഴയലിപിയോ ദൃശ്യമാക്കാം എന്നിരിക്കെ ഡെബിയൻ, ഫെഡോറ, ഉബുണ്ടു തുടങ്ങിയ ലിനക്സ് ഡിസ്ട്രോകൾ ഒക്കെ എങ്ങനെയാണ് പഴയലിപിയെ "അംഗീകരിക്കു"ക? ഇനിയുള്ള എല്ലാ ഇന്റർനെറ്റ് അധിഷ്ഠിത പ്രയോഗങ്ങൾക്കും പഴയലിപി ആയിരിക്കും ആധാരം എന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നത്?

ഇതുപോലെയുള്ള ധാരാളം അർദ്ധസത്യങ്ങളോ അസത്യങ്ങളോ ആയ കാര്യങ്ങൾ കുത്തിനിറച്ച ഒരു അബദ്ധപഞ്ചാംഗമാണ് പ്രസ്തുത ലേഖനം. പാഠപുസ്തകത്തിന് കരിക്കുലം കമ്മറ്റി പഴയലിപി തെരഞ്ഞെടുത്തു എന്നാണ് ശ്രീ മനോജ് അഭിപ്രായപ്പെടുന്നത്. എന്നാൽ സംഭവിച്ചത് എന്താണ്? അച്ചടിയ്ക്കുമ്പോൾ ഭംഗിയുള്ള ഒരു പഴയലിപിഫോണ്ടിലും (രചന) അത്ര ഭംഗിയില്ലാത്ത പുതിയലിപിഫോണ്ടിലും (രഘു) ടൈപ്പ് സെറ്റ് ചെയ്ത് കാട്ടിയ മാതൃകകളിൽ നിന്ന് ഭംഗിയുള്ള ഫോണ്ട് തെരഞ്ഞെടുക്കുക മാത്രമാണ് കമ്മറ്റി ചെയ്തത്. അച്ചടിയ്ക്കുമ്പോൾ ഭംഗിയുള്ള പുതിയലിപി ഫോണ്ടുകളായ നോട്ടോ സാൻസ്, കൗമുദി, അഞ്ജലി ന്യൂലിപി എന്നിവയോ കാണാൻ ഭംഗിയില്ലാത്ത പഴയലിപി ഫോണ്ടുകളോ കരിക്കുലം കമ്മറ്റിയെ കാട്ടിയില്ല. അതിന്റെ ഫലമായിട്ടാണ് കമ്മറ്റി രചനയെ തെരഞ്ഞെടുത്തത്. എന്നാൽ പഴയലിപിയുടെ ഭംഗി കണ്ട് കമ്മറ്റി അത് തെരഞ്ഞെടുത്തു എന്നാണ് ലേഖനത്തിൽ പറയുന്നത്. അതുപോലെ ഡെബിയനിലും, ഫെഡോറയിലും, ഉബുണ്ടുവിലും ഒക്കെ SMC അപ്സ്ട്രീമിൽ നൽകിയത് പഴയലിപിഫോണ്ടുകൾ മാത്രമാണ്. ഇതൊക്കെ സമർത്ഥമായി മറച്ചുവയ്ക്കുന്ന ലേഖനം സാങ്കേതിക പരിജ്ഞാനമില്ലാത്തരെ പറ്റിയ്ക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഒരു ഉദാഹരണം നോക്കൂ: "എല്ലാ സർക്കാരാപ്പീസുകളിൽ സ്വതന്ത്രസോഫ്റ്റ്‌വെയർ നിർബന്ധമാക്കിയിട്ടുള്ളതിനാൽ അവിടങ്ങളിലെല്ലാം സ്വാഭാവികമായും തനതുലിപിയാണ് പ്രയോഗത്തിലുള്ളത്."

അച്ചടി വ്യാപകമായതിനുശേഷമുള്ള ലിപിവ്യതിയാനങ്ങൾ മാത്രമേ തനതുലിപി ചർച്ചകളിൽ പരിഗണിക്കേണ്ടതുള്ളൂവത്രേ. ഈ ലോജിക് വെച്ച് കേരളസംസ്ഥാനം നിലവിൽ വന്നതിനുശേഷമുണ്ടായ കാര്യങ്ങൾ മാത്രമേ കേരളത്തനിമയായി പരിഗണിക്കുകയുള്ളായിരിക്കും.

ബാലിശമായ ധാരാളം കണ്ടുപിടുത്തങ്ങൾ ശ്രീ മനോജ് പ്രസ്തുത ലേഖനത്തിൽ നടത്തുന്നുണ്ട്. പഴയലിപി ഉപയോഗിച്ചാൽ കടലാസിന്റെ ഉപയോഗം കുറയ്ക്കാമെന്നും മരങ്ങളെ സംരക്ഷിക്കാമെന്നും പേജിന്റെ എണ്ണം കുറയുന്നതുകൊണ്ട് പുസ്തകം വായിക്കാനെടുക്കുന്ന സമയം കുറഞ്ഞുകിട്ടുമെന്നും പത്രങ്ങൾക്ക് ലാഭിച്ചുകിട്ടുന്ന സ്ഥലത്ത് കൂടുതൽ പരസ്യം കൊടുത്ത് ലക്ഷക്കണക്കിനു രൂപ നേടാമെന്നും ഒക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു.

വായിച്ച് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.