പത്രക്കുറിപ്പ്്
വിക്കിയുവസംഗമം
കുത്തകവല്കരണം വിവരസാങ്കേതികരംഗത്തെ മുരടിപ്പിച്ചു- ഇ. നന്ദകുമാര്‍
കംപ്യൂട്ടര്‍ രംഗത്തെ കുത്തകവല്കരണം ഈ രംഗത്തുണ്ടാകേണ്ടിയിരുന്ന സ്വാഭാവിക വളര്‍ച്ചയെ വളരെയധികം തടസ്സപ്പെടുത്തിയിട്ടുണ്ടെന്ന് ഇ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. മലയാളം വിക്കിപീഡിയരുടെ വാര്‍ഷിക സംഗമത്തിനു മുന്നോടിയായി ആലപ്പുഴ നഗരചത്വരത്തില്‍ സംഘടിപ്പിച്ച യുവസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തെ യുവപ്രതിഭയായ നന്ദകുമാര്‍. ഓപ്പണ്‍ സോഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്ഡ് പോലുള്ള സോഫ്റ്റ് വെയറുകളുടെ വരവോടുകൂടിയാണ് സാധാരണക്കാരിലേക്ക് വരെ വിവരസാങ്കേതിക വിദ്യ എത്തപ്പെട്ടത്. മൈക്രോസോഫ്റ്റ് എന്ന ഒറ്റ കുത്തകയുടെ കീഴിലായിരുന്നെങ്കില്‍ ഇന്നുകാണുന്ന പല വികാസങ്ങളും ഈ രംഗത്ത് ഉണ്ടാകുമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വച്ച് ഡോ. ടി. എം. തോമസ് ഐസക് എം. എല്‍. എ. നന്ദകുമാറിന് ഉപഹാരം നല്‍കി. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. എം. ഗോപകുമാര്‍ അദ്ധ്യക്ഷനായിരുന്നു. ഡോ. അജയകുമാര്‍ സ്വാഗതവും എന്‍. സാനു കൃതജ്ഞതയും പറഞ്ഞു.
യുവാക്കള്‍ക്കിടയില്‍ വിക്കിപീഡിയയുടെ പ്രാധാന്യം പ്രചരിപ്പിക്കുക, വിക്കിപീഡിയ എഡിറ്റിംഗില്‍ പരിശീലനം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിക്കിയുവസംഗമം സംഘടിപ്പിച്ചത്.  വിക്കിപീഡിയ എഡിറ്റിംഗ്, വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷന്‍, ഇ-മലയാളം എഴുത്ത് തുടങ്ങിയവയില്‍ പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. ഡോ. ഫുആദ് ജലീല്‍, ശിവഹരി നന്ദകുമാര്‍, അഡ്വ. ടി. കെ. സുജിത്ത്, അഖില്‍ കൃഷ്ണന്‍ എസ്.,  വി. സന്തോഷ്  എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ജില്ലയിലെ വിവധ കോളേജുകളില്‍ നിന്നായി നൂറോളം യുവാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. ആര്‍. രഞ്ജിത്ത്, ഇര്‍ഫാന്‍, അഡ്വ. എം. പി. മനോജ്കുമാര്‍, ഗോപു ടി. ജി.  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇ. നന്ദകുമാര്‍
    സ്വതന്ത്ര സംവിധാനത്തിലൂടെ ജനോപകാരപ്രദമായ നിരവധി സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിച്ച ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥിയാണ് മലപ്പുറം സ്വദേശിയായ നന്ദകുമാര്‍. സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ സമ്മതി എന്ന സോഫ്റ്റ്‌വെയറിലൂടെയാണ് നന്ദകുര്‍ ശ്രദ്ധേയനാകുന്നത്. കേരളത്തിലെ ഏതാണ്ടെല്ലാ സ്‌കൂളുകളും ഇന്ന് ഈ സോഫ്റ്റ്‌വെയര്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നു. ചലനം 2 ഡി ആനിമേഷന്‍, ഓളം എന്ന ഓണ്‍ലൈന്‍  നിഘണ്ടുവിന്റെ ഓഫ്‌ലൈന്‍ പതിപ്പായ തീരം, മൊഴിമാറ്റം വഴി മലയാളം ടൈപ്പുചെയ്യാന്‍ സഹായിക്കുന്ന പറയുംപോലെ എന്ന  സോഫ്റ്റ്‌വെയര്‍ എന്നിവ നന്ദകുമാറിന്റെ പ്രധാന സംഭാവനകളാണ്. ഇതില്‍ തീരം കാഴ്ചശക്തി ഇല്ലാത്തവര്‍ക്കുകൂടി ഉപയോഗിക്കാന്‍ കഴിയുന്ന സംസാരിക്കുന്ന നിഘണ്ടുവുമാണ്. ഇവയെല്ലാം തന്നെ സ്വതന്ത്രവും സൗജന്യവുമായ സോഫ്റ്റ്‌വെയറുകളാണ്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഡോക്ടറായ ഇ. ശങ്കരന്റെയും മുണ്ടോത്തുപറമ്പ് ഗവ. യു.പി സ്‌കൂള്‍ അധ്യാപികയായ നര്‍മദയുടെയും മകനാണ് നന്ദകുമാര്‍.
അഡ്വ. ടി.കെ. സുജിത്
(9846012841)
ജനറല്‍ കണ്‍വീനര്‍ വിക്കിസംഗമോത്സവം

നന്ദകുമാറിനെ പറ്റി അറിയാന്‍ ഈ ലിങ്കുകള്‍ കൂടി നോക്കുക
http://www.mathrubhumi.com/malappuram/news/1668301-local_news-Malappuram-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E2%80%8D.html

http://www.deshabhimani.com/newscontent.php?id=351361