വിക്കിപീഡിയ അതിന്റെ പത്താം വാർഷികം 2011 ജനുവരി 15-നു് ആഘോഷിക്കുകയാണല്ലോ. അതിന്റെ ഭാഗമായി ലോകമെമ്പാടും ആഘോഷപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കേരളത്തിൽ കണ്ണൂരിലും, കൊല്ലത്തുമാണ് പ്രധാനമായും ആഘോഷപരിപാടികൾ നടക്കുന്നത്. ഇതോടൊപ്പം കൊച്ചിയിലും, തിരുവനന്തപുരത്തും ആഘോഷ പരിപാടികൾ നടക്കുമെന്ന് പത്താം വാർഷിക സ്പെഷൽ വിക്കിയിൽ കാണുന്നുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

എന്നാൽ ഇതിലൊന്നും പങ്കെടുക്കാവാൻ സാധിക്കാത്ത മലയാളികളായ അനേകം വിക്കിപീഡിയ ഉപയോക്താക്കളും, അഭ്യുദയ കാംക്ഷികളും ഉണ്ട്. അവരെക്കൂടി ഈ അഘോഷപരിപാടികളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ മലയാളം വിക്കിപീഡിയയിൽ തന്നെ ഒരു ആഘോഷപരിപാടി വിഭാവനം ചെയ്തിരിക്കുന്നു. ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി ലക്ഷ്യമിടുന്നത് ഈ ജനുവരി മാസാന്ത്യത്തോടെ മലയാളം വിക്കിയിലെ എല്ലാ ഒറ്റവരി ലേഖനങ്ങളിലും അടിസ്ഥാന വിവരങ്ങൾ ചേർക്കുക എന്നുള്ളതാണ്.

ഒരു വിജ്ഞാനകോശത്തിൽ ആവശ്യമായ എന്നാൽ അടിസ്ഥാന വിവരങ്ങൾ പോലുമില്ലാത്ത ലേഖനങ്ങളെയാണ് ഒറ്റവരി ലേഖനങ്ങൾ എന്നു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചെടുത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന് ചിന്തിക്കുക.

ഈ പദ്ധതിയിൽ മലയാളം വിക്കിപീഡിയയിലെ നിലവിലുള്ള എല്ലാ ഉപയോക്താക്കളും അംഗങ്ങളാണ്. അതു കൊണ്ടു തന്നെ ഈ മെയിലിങ്ങ് ലിസ്റ്റിൽ അംഗമായ എല്ലാ ഉപയോക്താക്കളും 3 ഒറ്റവരി ലേഖനങ്ങളെങ്കിലും എടുത്ത് അവയിൽ അടിസ്ഥാന വിവരങ്ങൾ ചേർക്കുവാൻ അഭ്യർത്ഥിക്കുന്നു. അതു വഴി അവർക്ക് വിക്കിപീഡിയ പത്താം വാർഷികത്തിന്റെ ഭാഗഭാഗാക്കുകയും ചെയ്യാം. ലേഖനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനേക്കാളേറെ ഉള്ള ലേഖനങ്ങൾ കാമ്പുള്ളതായിരിക്കുക എന്ന നയത്തിൽ അടിസ്ഥാനപരമായി വിശ്വസിക്കുന്ന മലയാളം വിക്കിപീഡിയയിൽ ഇത്തരം ലേഖനങ്ങൾ നമ്മൾ വികസിപ്പിച്ചേ തീരൂ.

ചെയ്യാവുന്ന കാര്യങ്ങൾ

1. ഇപ്പോൾ നിലവിലുള്ള ഒറ്റവരി ലേഖനങ്ങൾ വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താളിൽ കാണാം. ഇപ്പോൾ 253 ലേഖനങ്ങളുണ്ട്. ഇതിൽ പല ലേഖനങ്ങളും കേരളത്തിന്റെ സ്ഥലങ്ങളെക്കുറിച്ചോ,കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചോ മറ്റോ ആണ്. ഇത്തരം ലേഖനങ്ങളിൽ ആ പ്രദേശത്തോ സമീപ പ്രദേശങ്ങളിലോ അതുമല്ലെങ്കിൽ ആ പ്രദേശത്തെക്കുറിച്ച് അറിയാവുന്നവർക്കോ കൂട്ടിച്ചേർക്കാം. ബാക്കിയുള്ള ലേഖനങ്ങളിൽ പലതിനും ഇംഗ്ലീഷ് വിക്കിപീഡിയയിൽ ലേഖനങ്ങൾ നിലവിലുണ്ട്. അവ ഉപയോഗിച്ചോ അല്ലെങ്കിൽ വിശ്വസനീയമായ മൂന്നാം കക്ഷി അവലംബങ്ങൾ ഉപയോഗിച്ചോ ലേഖനം വിപുലീകരിക്കാം.
2. അവയിൽ നിന്ന് ഏതെങ്കിലും 3 എണ്ണം എങ്കിലും എടുത്ത് അടിസ്ഥാന വിവരങ്ങൾ ചേർക്കുക.
3. ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ ആയാൽ പദ്ധതി താളിൽ ലേഖനത്തിന്റെ ആദ്യം <s> എന്നും അവസാനം </s> എന്നും ചേർത്ത് ലേഖനം ലിസ്റ്റിൽ നിന്ന് വെട്ടിക്കളയുക.
4. ഇങ്ങനെ ഒരു ലേഖനം വെട്ടിക്കളഞ്ഞാൽ കാര്യ നിർവ്വാഹകരിൽ ആരെങ്കിലും ഒരാൾ ലേഖനത്തിലെ {{ഒറ്റവരിലേഖനം}} എന്ന ഫലകം നീക്കം ചെയ്യും.

കൂടുതൽ വിവരങ്ങൾക്കായി വിക്കിപീഡിയയിലെ ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താൾ കാണുക

ഈ പദ്ധതിയുടെ ഭാഗഭാക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. അതു വഴി പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഒറ്റവരി ലേഖനങ്ങളെ നമുക്ക് വിക്കിപീഡിയയിൽ നിന്ന് നിർമ്മാർജ്ജനം ചെയ്യാം.

സ്നേഹത്തോടെ
അനൂപ്