മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു എന്ന വിക്കിപദ്ധതി 10-മത്തെ ദിവസത്തിലേക്ക്  കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്‌ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം 1000 കവിഞ്ഞു.  ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം കോമൺസിൽ

നമ്മൾ ലക്ഷ്യമിട്ടതിനേക്കാൾ ബഹുദൂരം മുന്നിലാണ് നമ്മൾ ഇപ്പോൾ. ഈ പദ്ധതിയ്ക്കായി ചിത്രങ്ങൾ സംഭാവന ചെയ്ത മുഴുവൻ വിക്കിപീഡിയ സ്നേഹികൾക്കും അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് ചിത്രങ്ങൾ നമുക്ക് സംഭാവന നൽകാൻ കഴിയും. ചിത്രങ്ങൾ ഇനിയും പ്രവഹിക്കട്ടെ. 

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ -

നിങ്ങൾ അപ്ലോഡ് ചെയ്ത ചിത്രങ്ങളെക്കുറിച്ച് എന്തെങ്കിലും സന്ദേശം കോമൺസിലെ നിങ്ങളുടെ സംവാദം താളിൽ വന്നാൽ അതിന് ഉചിതമായ നടപടി കഴിവതും വേഗം എടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ചിത്രത്തിന്റെ താളിൽ നിങ്ങൾ നൽകാൻ വിട്ടുപോയ വിവരങ്ങൾ (ശ്രോതസ്സ്, രചയിതാവ്, എന്നിവ) ചേർക്കുക, വർഗ്ഗം നൽകുക എന്നിവ ആയിരിക്കും ആ സന്ദേശ്നങ്ങൾ അധികവും. നിബന്ധനകൾ പാലിക്കാത്ത ചിത്രങ്ങൾ മായ്ക്കപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ലഭിച്ചേക്കാം. ഇവയിൽ എന്ത് നടപടിയാണ് എടുക്കേണ്ടത് എന്നറിയില്ലെങ്കിൽ അക്കാര്യം ഈ ഗ്രൂപ്പിൽ അറിയിക്കാൻ മടിക്കരുത്. 

നമ്മൾ എടുത്ത എല്ലാ ചിത്രങ്ങളും അപ്ലോഡ് ചെയ്യണം എന്നില്ല. കോമൺസിൽ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ മാത്രമാണ് ആവശ്യമുള്ളത്. ഔട്ട് ഓഫ് ഫോക്കസ്സ് ആയവ, ഒരേ പോലെയുള്ള ഒന്നിലധികം ചിത്രങ്ങൾ എന്നിവയൊക്കെ അപ്ലോഡ് ചെയ്യാതിരിക്കുന്നതാവും ചിലപ്പോൾ നല്ലത്. ഉചിത്രമായ തീരുമാനം നിങ്ങൾ തന്നെ കൈക്കൊള്ളുക.

മറ്റുള്ളവരുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. അവർക്ക് തങ്ങളുടെ ചിത്രങ്ങൾ ഇങ്ങനെ പരസ്യമായി പ്രദർശിപ്പിക്കുന്നതിൽ താത്പര്യം കാണണമെന്നില്ല. അറിയപ്പെടുന്ന വ്യക്തികൾ ആകുമ്പോൾ ഇത് പ്രശ്നമാകില്ല. എന്നാൽ ആൾക്കൂട്ടങ്ങളുടേയും മറ്റും ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ അവയിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് ദോഷകരമാകുന്ന രീതിയിൽ ചിത്രം ഉപയോഗിക്കാൻ ആവില്ല എന്ന് ഉറപ്പുള്ള ചിത്രങ്ങൾ മാത്രം അപ്ലോഡ് ചെയ്യുന്നതാവും നല്ലത്.

നന്ദി
ശ്രീജിത്ത് കെ