നവംബർ രണ്ടാം വാരം തിരുവനന്തപുരത്ത് പോകേണ്ടി വന്നപ്പോൾ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ കെ. ജയകുമാറുമായുള്ള കൂടിക്കാഴ്ച തരപ്പെടുമോ എന്ന് ശ്രമിച്ചിരുന്നു. പലർ വഴിയായി അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ കിട്ടി. അദ്ദേഹത്തെ വിളിച്ചപ്പോൾ മലയാളം വിക്കിപീഡിയയിൽ പ്രവർത്തിക്കുന്ന ആളാണെന്ന് പറഞ്ഞപ്പോൾ തന്നെ അദ്ദെഹം കൂടിക്കാഴ്ചക്ക് സമ്മതം തന്നു. അദ്ദേഹം തന്നെ മാസ്കറ്റ് ഹൊട്ടലിന്റെ ലോബിയിൽ വെച്ച് കാണാം എന്ന് നിർദ്ദേശിക്കുകയും ചെയ്തു.

ഞാൻ 10 പണിയൊടെ മാസ്കറ്റ് ഹോട്ടലിലിൽ എത്തി.  അദ്ദേഹം മറ്റൊരു പ്രധാന മീറ്റിങ്ങിനു പുറപ്പെട്ട വഴിക്ക് മാസ്കറ്റ് ഹോട്ടലിൽ വന്നു. ഞങ്ങൾ ലോബിയിൽ വെച്ച് കണ്ടു. അദ്ദേഹത്തെ കണ്ടപ്പോൾ ചന്ദനലേപ സുഗന്ധം എന്ന ഗാനമാണ് എന്റ മനസ്സിലൂടെ പൊയത്. പക്ഷെ അദ്ദേഹത്തിന്റെ സമയം വളരെ വിലപ്പെട്ടതായതിനാൽ ആ വിധ കാര്യങ്ങളെ കുറിച്ച് സംസാരിച്ച് സമയം കളയാൻ ഞാൻ നിന്നില്ല. അദ്ദേഹത്തിനു വളരെ തിരക്കുതന്നെയാണ്. മലയാളം സർവ്വകലാശാല. ശബരിമല സ്പെഷ്യൽ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് ഞാൻ കൂടെയുണ്ടായിരുന്ന 45 മിനിറ്റിനുള്ളിൽ തന്നെ കുറഞ്ഞത് 4-5 ഫോൺ കോളെങ്കിലും അദ്ദേഹത്തിനു വന്നു. അതിനാൽ തന്നെ  മറ്റ് കുശലാന്വേഷണങ്ങൾക്ക് ഞാൻ തുനിഞ്ഞില്ല.

ചെറിയ പരിചപ്പെടുത്തലിനു ശേഷം  ഞാൻ നേരിട്ട് മലയാളം വിക്കി സംരംഭങ്ങൾ പരിചയപ്പെടുത്താൻ ആരംഭിച്ചു. എന്റെ ലാപ്‌ടൊപ്പിൽ നിന്നു തന്നെ നേരിട്ട് സംഗതികൾ അദ്ദേഹത്തെ കാണിക്കുകയായിരുന്നു ചെയ്തത്. 

മലയാളം വിക്കിപീഡിയയെ കുറിച്ച് പറഞ്ഞപ്പോൾ മറ്റ് ഇന്ത്യൻ വിക്കിപീഡിയകളുമായി താരതമ്യം ചെയ്യുമ്പോൾ വിവിധ ഗുണനിലവാരമാനകങ്ങളിൽ മലയാളം മുൻപന്തിയിൽ നിൻക്കുന്ന കാര്യം അദ്ദെഹം കെട്ടിട്ടുണ്ട് എന്ന് സൂചിപ്പിച്ചു. ഒപ്പം മലയാളം വിക്കിപീഡിയയ്ക് പ്രതിമാസം 25 ലക്ഷത്തിനടുത്ത് പേജ് വ്യൂ ഉണ്ട് എന്ന കാര്യവും അദ്ദേഹത്തിനറിയാം എന്നത് എന്നെ അത്ഭുതപ്പെടുത്തി.

ഗ്രന്ഥശാലയെ പരിചയപ്പെടുത്തിയത് അത്യധികം സന്തൊഷത്തൊടെയാണ് അദ്ദേഹം കേട്ടത്. ഇതിനകം അതിൽ ചെർത്ത കൃതികളുടെ പട്ടിക കാണിച്ചപ്പോൾ   അദ്ദേഹം അത്ഭുതപ്പെട്ടു. ഒപ്പം തന്നെ ഒരിക്കൽ സേർച്ച് വഴി ഗ്രന്ഥശാലയിലെ ധർമ്മരാജ എന്ന കൃതിയിൽ എത്തപ്പെട്ട കാര്യം അദ്ദെഹം സൂചിപ്പിച്ചു (അദ്ദേഹം അതിനായി ഉപയോഗിച്ച തിരച്ചിൽ പദം ഊഹിച്ചു ഞാനും അത്ഭുതപ്പെട്ടു). ഒപ്പം ഗ്രന്ഥശാലയിൽ ചേർക്കാവുന്ന കൃതികളുടെ ലൈസൻസിനെ കുറിച്ച് സംസാരിച്ചപ്പോൾ, ജീവിച്ചിരിക്കുന്നവരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കിയാൽ വിക്കിഗ്രന്ഥശാലയിൽ ചെർക്കാമല്ലോ എന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. (അദ്ദേഹത്തിന്റെ ഏതെങ്കിലും കൃതി അങ്ങനെ മാറ്റാമോ എന്ന് ചൊദിക്കണം എന്നുണ്ടായിരുന്നു :))

അതേ പോലെ വിക്കിനിഘണ്ടുവിൽ ബഹുഭാഷകളുടെ ഉപയോഗവും അദ്ദേഹത്തെ ആകർഷിച്ചു.

വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കി നിഘണ്ടു, വിക്കിചൊല്ലുകൾ, വിക്കിപാഠശാല, ഇനി തുടങ്ങാനിരിക്കുന്ന മലയാളം വിക്കി വോയേജ് ഇതിനെകുറിച്ചൊകെയും മലയാളത്തിൽ അതിന്റെ പ്രാധാന്യവും അദ്ദേഹത്തിനു മനസ്സിലായി.

എനിക്ക് ലഭിച്ച മുക്കാൽമണിക്കൂർ സമയം ഉപയൊഗിച്ച് വിവിധ മലയാളം വിക്കിസംരംഭങ്ങളുടെ ചെറിയ ഒരു ആമുഖം കൊടുക്കാൻ ഞാൻ ശ്രമിച്ചു. ഒപ്പം പുതുതായി തുടങ്ങുന്ന മലയാളം സർവ്വകലാശാലയുടെ വിവിധ പ്രവർത്തങ്ങളിൽ എവിടെയൊക്കെ മലയാളം വിക്കിസംരംഭങ്ങളെ ഉൾപ്പെത്താൻ സാധിക്കുമെന്ന് നോക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.


അതിനുശെഷം രണ്ട് മൂന്നു തവണ ഫൊണിലും മെയിൽ വഴിയും ബന്ധപ്പെട്ടിട്ടുണ്ട്. പത്താം വാർഷികത്തിനു 23നു എറണാകുളത്ത് പങ്കെടുക്കാൻ ശ്രമിക്കാം എന്ന് അതിനെ കുറിച്ച് സൂചിപ്പിച്ചപ്പോൾ പറഞ്ഞിരുന്നു.


അദ്ദേഹവുമായി ഇതിനകം സംസാരിച്ചതിൽ നിന്നും മറ്റും മനസ്സിലാകുന്നത് കെ. ജയകുമാറിനു മലയാളം വിക്കിസംരംഭങ്ങളെകുറിച്ചുള്ള പ്രാഥമികമായ അറിവൊക്കെയുണ്ട് എന്നാണ്. ഇനി അത് അടുത്ത തലത്തിലേക്കും സഹകരണത്തിലേക്കും കൊണ്ടു പോകേണ്ടത് എറണാകുളത്ത് 23നു അദ്ദേഹവുമായി നടക്കുന്ന കൂടിക്കാഴ്ചകളിൽ ആണ്. അതിനു എറണാകുളത്ത് അദ്ദെഹവുമായി സംവദിക്കുന്നവർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഓഫ്: കൂടിക്കാഴ്ച ഒക്കെ കഴിഞ്ഞപ്പോൾ ഒരു കാര്യത്തിൽ മാത്രം എനിക്ക് നിരാശ തോന്നി. അത്രയ്ക്ക് അടുത്ത്കിട്ടിയിട്ടും അദ്ദേഹത്തിന്റെ ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല.  മലയാളം വിക്കിപീഡിയയിലെ കെ, ജയകുമാർ എന്ന ലേഖനത്തിൽ ഇപ്പോഴും അദ്ദേഹത്തിന്റെ ചിത്രമില്ല. അത് എന്റെ ഭാഗത്ത് നിന്ന് വന്ന ഒരു വീഴ്ച ആയി പോയി.


ഷിജു