വിക്കിപീഡിയയിലൂടെ കുട്ടനാട് ലോക ശ്രദ്ധയിലേക്കെത്തും

വിക്കിജലയാത്രയോടെ അറിവിന്റെ ഉത്സവമായ വിക്കിസംഗമോത്സവം സമാപിച്ചു. അലപ്പുഴ മാത ജെട്ടിയില്‍ നിന്നും ആരംഭിച്ച യാത്ര കുട്ടമംഗലം, വേണാട്ടുകായല്‍, റാണി - ചിത്തിര മാര്‍ത്താണ്ഡം, ആര്‍ ബ്ലോക്ക് തുടങ്ങിയ കായല്‍ നിലങ്ങള്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഡിസംബര്‍ 21 ന് ആലപ്പുഴയില്‍ ആരംഭിച്ച മലയാളം വിക്കിമീഡിയരുടെ സംഗമത്തിനെത്തിയ ഇതരഭാഷാ പ്രതിനിധികള്‍ അടക്കമുള്ള തെരഞ്ഞെടുത്ത എഴുപതോളം പേരാണ് വേമ്പനാട് തണ്ണീര്‍ത്തട പഠനത്തിനായുള്ള ജലയാത്രയില്‍ പങ്കെടുത്തത്.
മുരിക്കന്‍ സ്ഥാപിച്ച ചിത്തിരപ്പള്ളിയില്‍ നടന്ന യോഗത്തില്‍ വേമ്പനാടിന്റെ പൊതുസ്ഥിതിയെയും ആര്‍ ബ്ലോക്ക്, പാതിരാമണല്‍ തുടങ്ങിയ വേമ്പനാട്ടിലെ പാരിസ്ഥിതിക വ്യൂഹത്തിന്റെ പ്രത്യേകതകളെയും ഇവ നേരിടുന്ന വെല്ലുവിളികളും സംബന്ധിച്ച ക്ലാസ്സുകള്‍ നടന്നു. കൃഷി നശിച്ച് ഉപേക്ഷിക്കപ്പെട്ട നിലയിലായ ആര്‍ ബ്ലോക്കിന്റെ ശോചനീയാവസ്ഥ സംഘം നേരിട്ട് കണ്ട് പരിശോധിച്ചു. വേമ്പനാടിന്റെ പാരിസ്ഥിതിക വ്യൂഹം സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ ബഹുജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുന്നതിനായി വിക്കിപീഡിയയിലെ തണ്ണീര്‍ത്തട സംബന്ധമായ ലേഖനങ്ങള്‍ വികസിപ്പിക്കുവാനും കുട്ടനാട്ടിലെ വിവിധ കായല്‍ നിലങ്ങളെ സംബന്ധിച്ചും ജലപരിസ്ഥിതിയെ സംബന്ധിച്ചും പ്രത്യേകം ലേഖനങ്ങള്‍ ആരംഭിക്കുവാനും സംഘം തീരുമാനിച്ചു.
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ എം. ഗോപകുമാര്‍, ബി. ആനന്ദക്കുട്ടന്‍, കെ. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ വിവിധ ക്ലാസ്സുകളെടുത്തു. സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്‌റ് സൊസൈറ്റി പ്രതിനിധ വിഷ്ണുവര്‍ദ്ധന്‍, വിക്കിപീഡിയ അഡ്മിനിസ്‌ട്രേറ്റര്‍മാരായ അഡ്വ. ടി.കെ. സുജിത്, വിശ്വപ്രഭ, സംഘാടക സമിതി ഭാരവാഹികളായ ആര്‍. രഞ്ജിത്ത്, എന്‍. സാനു, തുടങ്ങിയവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.
അഡ്വ. ടി.കെ. സുജിത്
(ജന. കണ്‍വീനര്‍)


--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841