അവിടെ പറഞ്ഞതിന്റെ ഒരു പ്രതി ഇവിടെയും ഇട്ടില്ലെന്നു് വേണ്ട. 

കുഴൂര്‍ വില്‍സണെ എന്തുകൊണ്ടു വെട്ടണം എന്നുതെളിയിക്കാന്‍ മുങ്ങിപ്പോയ മണ്ണത്തൂര്‍ വില്‍സന്റെ പേജു് പൊക്കിക്കൊണ്ടുവന്നിരിക്കയാണു് ചിലര്‍. കുഴൂര്‍ വില്‍സണെ കുറിച്ചു് വിക്കിയില്‍ പേജ് വേണമെന്ന അഭിപ്രായം പോലെ തന്നെ മണ്ണത്തൂരിനെക്കുറിച്ചും പേജ് വേണ്ടതുതന്നെയാണെന്ന അഭിപ്രായമാണെനിക്കു്. 

അതു് പരിഹസിക്കപ്പെടേണ്ട കാര്യമല്ല. കുഴൂര്‍ കവി എന്ന നിലയിലാണു് ശ്രദ്ധേയനെങ്കില്‍ മലയാളി ഓണ്‍ലൈന്‍ ഉപയോക്താക്കളുടെ കൂട്ടമനോരോഗത്തിന്റെ ഇര എന്ന നിലയിലാണു് മണ്ണത്തൂര്‍ വില്‍സണ്‍ ശ്രദ്ധേയനാകുന്നതു്. 

മലയാള ഓണ്‍ലൈന്‍ ലോകത്തു് മാസ് ലിഞ്ചിങ്ങിനു് / കൂട്ട സ്റ്റോക്കിങ്ങിനു് വിധേയരായ രണ്ടേരണ്ടുപേരേയുള്ളൂ. ഒന്നു് സഗീര്‍ പണ്ടാരത്തിലും രണ്ടു് മണ്ണത്തൂര്‍ വില്‍സണും. ഇവരില്‍ സഗീറിനെക്കുറിച്ചു് പുറത്തു് അങ്ങനെ കാര്യമായ വാര്‍ത്തകളൊന്നും വന്നിട്ടില്ല. ബ്ലോഗില്‍ തുടങ്ങി ബ്ലോഗിലൊടുങ്ങിയ പ്രശ്നമായിരുന്നു, അതു്. എന്നാല്‍ മണ്ണത്തൂരിന്റെ കാര്യത്തില്‍ അങ്ങനെയല്ല. അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും പേരു് അനുകരിച്ചു് ഹാസ്യകഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ടു് പാരഡി കള്‍ച്ചറല്‍ മൂവ്മെന്റ് തന്നെ ഹ്രസ്വകാലത്തേക്കെങ്കിലും രൂപപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ രൂപം അനുകരിച്ചു് അതിലെ പ്രധാനകഥാപാത്രമായ മണ്ടന്‍ സല്‍സനു് മാസ്കോട്ട് പോലും ഉണ്ടാക്കി (നോക്കുക: https://www.facebook.com/mandan.salsan.9 ). ഫേസ്ബുക്‍ ഐഡിയുപയോഗിച്ചു് ലോഗിന്‍ ചെയ്യാവുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വന്നു (നോക്കുക: http://www.appsgeyser.com/getwidget/Mandan%20Salsan/). വിവിധ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ മണ്ണത്തൂര്‍ വില്‍സണെ സംബന്ധിച്ച വാര്‍ത്തകള്‍ തുടരെ പ്രസിദ്ധീകരിക്കപ്പെട്ടു. ഇവയില്‍ ചിലതൊക്കെ ആ ലേഖനത്തിനുചുവടെ അവലംബങ്ങളായി ആരൊക്കെയോ ചേര്‍ത്തിട്ടുണ്ടു്. അവിടെ ചേര്‍ക്കപ്പെടാത്ത മൂന്നെണ്ണം മറുനാടന്‍ മലയാളിയില്‍ നിന്നു്: 

1. http://marunadanmalayali.com/index.php?page=newsDetail&id=12350
2. http://www.marunadanmalayali.com/index.php?page=newsDetail&id=20024
3. http://marunadanmalayali.com/index.php?page=newsDetail&id=21005

ഇതുകൂടാതെ മണ്ടന്‍ സല്‍സന്‍ കഥകളെക്കുറിച്ചും ഒരു വാര്‍ത്ത അതില്‍ വന്നിരുന്നതു് ഓര്‍ക്കുന്നു. ലിങ്ക് നോക്കിയിട്ടു് കാണുന്നില്ല. നര്‍മ്മകൈരളിയുടെ പ്രധാന ആര്‍ട്ടിസ്റ്റും റിട്ടയേഡ് ഐഎഎസുകാരനുമായ പി സി സനല്‍കുമാര്‍ വടക്കന്‍പാട്ടിന്റെ ശൈലിയില്‍ വില്‍സണെ പ്രകീര്‍ത്തിച്ചുകൊണ്ടെന്ന വ്യാജേന കവിത വരെ എഴുതിയിരുന്നു. മണ്ണത്തൂര്‍ വില്‍സന്റെ പേരില്‍ നിരവധി സൌഹൃദക്കൂട്ടായ്മകളും മറ്റും കഴിഞ്ഞ മെയ് / ജൂണ്‍ മാസങ്ങള്‍ വരെ വളരെ സജീവമായിരുന്നു. അവരൊക്കെ ഈ കൂട്ട അര്‍മ്മാദത്തില്‍ പങ്കുവഹിക്കുകയായിരുന്നു. ഒടുവില്‍ അദ്ദേഹവും കുടുംബാംഗങ്ങളും ഫേസ്ബുക്‍ ഉപേക്ഷിച്ചുപോകുന്നിടം വരെ കാര്യങ്ങളെത്തി. 

ഇനി ഇതൊന്നും കൂടാതെ തന്നെ, ഒരു നോവല്‍ എഴുതിയ ആള്‍ എന്ന പ്രസക്തിയും അദ്ദേഹത്തിനുണ്ടു്. ആ നോവലിന്റെ സാഹിത്യമൂല്യം സ്വതന്ത്രാവലംബങ്ങളോടെ വിലയിരുത്തപ്പെട്ടിട്ടുമാത്രം സ്വീകരിച്ചാല്‍ മതിയാകും. എങ്കിലും ഇങ്ങനെയും ഒരു പ്രവൃത്തി ചെയ്തിട്ടുള്ളയാള്‍ എന്ന പരാമര്‍ശത്തിനു് അദ്ദേഹം അര്‍ഹനാവാതെയിരിക്കുന്നില്ല. 

ഇത്തരം ഒരു കാര്യം ഡോക്യുമെന്റ് ചെയ്യപ്പെട്ടുവെന്നു്വച്ചു് വിക്കിപ്പീഡിയയുടെ വിലയിടിഞ്ഞു് മാളത്തിലേക്കു് പോകുമെന്നുള്ള ചിന്തയാണു് ബാലിശം. വിക്കിപ്പീഡിയ വിശുദ്ധപശുവല്ല. ജനകീയ വിജ്ഞാനകോശമാണു്. കുറ്റകൃത്യം എന്നാല്‍ വ്യക്തിപരം മാത്രമല്ല, സാമൂഹ്യം കൂടിയാവാം എന്നതിന്റെ ജീവിക്കുന്ന തെളിവാണു് മണ്ണത്തൂര്‍ വില്‍സണു് നേരെ നടന്ന ആക്രമണം. അത്തരം ഒരു കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരണം തേടി ഒരുവന്‍ എവിടെപ്പോകണമെന്നാണു് ഈ ശുദ്ധതാവാദക്കാര്‍ പറഞ്ഞുവരുന്നതു്?