മാധ്യമം ആഴ്ചപ്പതിപ്പ് ഡിസംബര്‍ 3ല്‍ (പുസ്തകം  15) വന്ന വി.കെ. ആദര്‍ശിന്റെ ലേഖനം. മലയാളം വിക്കിസംരംഭങ്ങളെപ്പറ്റി ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. വായിക്കാന്‍ സാധിക്കാഞ്ഞവര്‍ക്കായി..




-ലോകത്തെ വാസ്‌തവങ്ങള്‍ ഇങ്ങനെയൊക്കെകൂടിയാണ്

വി.കെ ആദര്‍ശ്

സാങ്കേതികവിദ്യയും അതിനെ പിന്‍‌പറ്റി ഉണ്ടായ ഇന്റര്‍നെറ്റും സര്‍ഗാത്മക ഇടങ്ങളെ നശിപ്പിച്ചില്ലാതാക്കും എന്ന് ആകുലപ്പെട്ടിരുന്ന ചെറു ന്യൂനപക്ഷം ഇന്നും ഉണ്ട് എന്ന് പറയുന്നത് അതിശയോക്തി ആകില്ല എന്ന് കരുതട്ടെ., അതില്‍ വാസ്‌തവമൊട്ടുമില്ലെങ്കിലും. ഇന്റര്‍നെറ്റ് വര്‍ത്തമാനത്തിലേക്ക് കടക്കും മുന്നെ മറ്റൊരു സമാനമായ കാര്യം സൂചിപ്പിച്ച് കൊണ്ട് തുടങ്ങാം. ഭാഷയുടെ തനിമ സംരക്ഷിക്കുന്നതില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനുള്ള പങ്ക് തര്‍ക്കമില്ലാത്തതാണ്. നമുക്കിടയില്‍ നല്ലൊരു വായനാ സംസ്‌കാരം ഉണ്ടാക്കാനും, സംവാദത്തിനുള്ള പൊതു മിനിമം ഇടം സൃഷ്ടിച്ചെടുക്കാനും മാത്രമല്ല അതിലുപരിയായ പല ധര്‍മങ്ങളും ഗ്രന്ഥശാലകള്‍ നിര്‍വഹിച്ചു പോരുന്നു. സാക്ഷരത പോലുള്ള അനൌപചാരിക പഠന സൌകര്യങ്ങള്‍ക്ക് ഇടമൊരുക്കിയ ഗ്രന്ഥശാലകള്‍ നമുക്ക് ഒരുമിക്കാനുള്ള മതനിരപേക്ഷമായ പൊതു ഇടമായിരുന്നു, അതിന്റെ ഗുണങ്ങള്‍ കേരളത്തിന്റെ പൊതു ഇടം ഇന്നും അനുഭവിക്കുന്നു. ഏതാണ്ട് ഗ്രന്ഥശാലകള്‍ മുന്നോട്ട് വച്ച അതേ ധര്‍മമാണ് ഇന്ന് ഇന്റര്‍നെറ്റിലെ പല സംഘങ്ങളും വളരെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. എന്നാല്‍ ഭാഷയ്ക്കും സംസ്‌‌കാരത്തിനും വേണ്ടി നടക്കുന്ന ഇ-പ്രവര്‍ത്തനങ്ങള്‍ക്ക് അതുപയോഗിക്കാത്ത അല്ലെങ്കില്‍ ഇന്റര്‍നെറ്റ് തുറസിലേക്ക് പരിചയം ഇല്ലാത്തവര്‍ക്കിടയില്‍ കൃത്യമായ അവബോധം ഉണ്ടോ? അവര്‍ക്കിടയില്‍ സൈബര്‍ ഇടപാടുകളോട് പൊരുത്തമില്ലാത്തവര്‍ ഏറെയാണ്.

അച്ചടി നിലവില്‍ വന്ന സമയത്ത് നമ്മുടെ മലയാളത്തില്‍ അടക്കം ശക്‍തമായ എതിര്‍പ്പുണ്ടായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതായത് ഇന്ന് അച്ചടിയില്‍ നിന്ന് ഇന്റര്‍നെറ്റ് കാലത്തേക്ക് അല്ലെങ്കില്‍ ഇ-ബുക്കിലേക്ക് കടക്കുമ്പോള്‍ ചിലരെങ്കിലും ഉയര്‍ത്തുന്നത് അങ്ങനെ ഒരു എതിര്‍പ്പല്ലേ എന്ന സംശയം ഇല്ലാതില്ല.

അന്നത്തെ അച്ചടി പുസ്‌തകത്തോടുള്ള എതിര്‍പ്പ് കലശലയാപ്പോള്‍ മഹാകവി ഉള്ളൂര്‍ ഇങ്ങനെ എഴുതി

വെളുത്ത കടലാസോടു

കറുത്ത മഷി ചേരവേ

പാരിടത്തിന് വന്നല്ലോ

ഭാഗധേയം സമസ്‌തവും “

- പുസ്‌തക മാഹാത്മ്യം / ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

മറ്റൊരു വിമര്‍ശം കള്ള ഐഡി വച്ച് ഇന്റര്‍നെറ്റില്‍ എഴുതുന്നു എന്നതാണ്. അപകീര്‍ത്തി, മത‌സ്പര്‍ധ, ദേശവിരുദ്ധത, വര്‍ണവെറി, കുറ്റകൃത്യം.... എന്നിവ ആകാത്തിടത്തോളം സൈബര്‍ വിലാസം തരുന്ന സാധ്യതകള്‍ അപരിമിതമാണ് എന്നതാണ് സത്യം. അതായത് ഒരാള്‍ക്ക് രണ്ടോ അതിലധികമോ വിലാസം ഉള്ള അവസ്ഥ. നാട്ടുവിലാസത്തില്‍ ഉള്ള പരിമിതികളെ എത്രയോ മെച്ചമായി പൊട്ടിച്ചെറിയാന്‍ ആരും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത ഡിജിറ്റല്‍ ഐഡികള്‍ വച്ച് ആകുന്നുണ്ട്. ഇത് ചെറിയ കാര്യമല്ല. നാം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നടക്കുന്ന ഒരു അരുതായ്‌മ പുറം സമൂഹത്തില്‍ എത്തിക്കാന്‍ നാട്ടുവിലാസത്തിന്(റിയല്‍ ഐഡി) പല പരിമിതികള്‍ ഉണ്ടാകാം, ചിലപ്പോള്‍ പണി തെറിക്കാം മറ്റ് ചിലപ്പോള്‍ ഗുണ്ടാവിലാസം വക പണികിട്ടി തലയും തെറിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലല്ലോ. അതായത് വാര്‍ത്തകള്‍ സദുദ്ദേശത്തോടെ ലീക്ക് ചെയ്യേണ്ടുന്ന സാഹചര്യങ്ങളില്‍ സൈബര്‍ വിലാസം വലിയ സാധ്യത ആണ് മുന്നിലേക്ക് ഇടുന്നത്. ഒരു പക്ഷെ മനപൂര്‍വം ചര്‍ച്ച മാറ്റാന്‍ പ്രത്യേകിച്ച് ഒരു ഉദ്ദേശ്യവുമില്ലാതെ എത്തുന്നവരുണ്ടാകാം മറ്റൊരു കൂട്ടര്‍ കുറ്റകരമായ വാസനയോടെ ഒളിഞ്ഞിരിക്കുന്നവര്‍ , അവരെയല്ല ഉദ്ദേശിച്ചത്. ഉറൂബ് പറഞ്ഞ പോലെ എല്ലാ തറവാടികളിലും ചെറ്റകളുണ്ടാകാം , എല്ലാ ചെറ്റകളിലും തറവാടികളും.


സാമൂഹിക വിമര്‍ശം @ നെറ്റ്

പരമ്പരാഗത മാധ്യമങ്ങളില്‍ വരുന്ന തെറ്റുകളും പിണയുന്ന അബദ്ധങ്ങളും ഫേസ്ബുക്ക്, ട്വിറ്റര്‍ ടൈം ലൈനുകളില്‍ ദിനേന തിരയടിച്ചുയരുന്നുണ്ട്. ഇത് എണ്ണത്തില്‍ വളരെ കൂടുതലാകാം എന്നാല്‍ ശാസ്ത്രത്തിന്റേയും അതിന്റെ നടപ്പ് രീതികളേയും വെല്ലുവിളിച്ച് മതാത്മകതയുടെ വായ്‌ത്താരിയുമായി വിളയുന്നവര്‍ക്ക് ശക്തമായ താക്കീതാകുന്ന ചര്‍ച്ചകള്‍ മുറയ്‌ക്ക് നടക്കുക മാത്രമല്ല ഗോക്രിയെന്ന് പറയാവുന്ന മത്രപ്രഭാഷണങ്ങളിലെ ശാസ്ത്രമെന്ന് പറഞ്ഞ് അവതരിപ്പിക്കുന്ന കാര്യങ്ങള്‍ വസ്‌തുതയുടെ പിന്‍‌ബലത്തോടെ വളരെ കൃത്യമായി പൊളിച്ചടുക്കുന്നുണ്ട്. പുരോഗമന സമൂഹത്തില്‍ മാധ്യമങ്ങള്‍ നിര്‍വഹിക്കേണ്ട ധര്‍മമാണ് ഇന്ന് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത്. രാഷ്ട്രീയവും മതവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഒരോ പത്രമാധ്യമങ്ങള്‍ എവിടെ വരെ പോകും എന്ന് നല്ല നിശ്ചയം ഇന്ന് ശരാശരിക്കാരായ വായനക്കാര്‍ക്ക് പോലും ഉണ്ട്. മതപരമായ കാരണം കൊണ്ട് മാത്രം പല ചര്‍ച്ചകളും വഴിക്കുപേക്ഷിക്കപ്പെടുകയോ അല്ലെങ്കില്‍ അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ മനപൂര്‍വം ചര്‍ച്ചയ്‌ക്കെടുക്കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്നുവെന്നത് ചിലകാര്യങ്ങളില്‍ അനാവശ്യവിവാദം ഉണ്ടാവുമ്പോള്‍ അതാത് മേഖലയില്‍ പണിയെടുക്കുന്നവര്‍ തന്നെ നിര്‍ണായകമായ വിവരങ്ങളുടെ അകമ്പടിയോടെ വളരെ കൃത്യമായ ഇടപെടല്‍ ഓണ്‍‌ലൈന്‍ ചര്‍ച്ചാപരിസരങ്ങളില്‍ നടത്തുന്നതിന് ഉദാഹരണം സമീപകാലത്ത് തന്നെ ധാരാളം. അതിരാത്രം പോലെയുള്ള ചടങ്ങുകള്‍ പുതിയ അടപ്പിട്ട് എത്തിയ കാലത്തെ എതിര്‍പ്പും , മിശിഹാ രാത്രി-മഹാ ശിവരാത്രി സംഭവവും, വീട് നിര്‍മ്മാണത്തിന്റെ വാസ്‌തു കോപവും കൃത്യമായി എതിര്‍ക്കപ്പെട്ടത് ഓണ്‍‌ലൈന്‍ സമൂഹത്തിലായിരുന്നു.

പത്രങ്ങളില്‍ അച്ചടിച്ചുവരുന്നതില്‍ ശരിതെറ്റുകള്‍ ഓര്‍ക്കാറില്ല അഥവാ ഓര്‍ത്താല്‍ തന്നെ ചര്‍ച്ചയ്‌ക്കുള്ള വളരെ കുറഞ്ഞ തുറസുകള്‍ അല്ലേ അവിടെ ഉള്ളൂ. എന്നാല്‍ ഇന്റര്‍നെറ്റില്‍ വസ്‌തുതകളുമായി പുലബന്ധം (ഫാക്‍ട് ഫൈന്‍ഡിംഗ്) ഉണ്ടോ എന്ന പരിശോധന നിരന്തരം നടക്കുന്നു. കുപ്രചരണങ്ങളെ അതിനെക്കാളും തീവൃമായി പൊളിച്ചടുക്കുന്നു. വന്‍‌മേളകളുടെ ലോഗോ മോഷണം ആയാലും ഇല്ലാത്ത വസ്‌തുതകള്‍ ഉണ്ട് എന്ന് വീമ്പടിക്കുന്നതായാലും ഇന്റര്‍നെറ്റില്‍ തകര്‍ന്നടിയാന്‍ കുറച്ച് സമയം മതി. ചുരുക്കത്തില്‍ സ്വാഭാവികമായി വിശ്വസിച്ച് പോകുന്ന അവസ്ഥ നെറ്റിസണ്‍‌മാര്‍ക്കിടയില്‍ (Netizen – Internet citizen) ഇല്ല എന്ന് പറയാം.

അടുത്ത കാലത്ത് തന്നെ ഏതോ പുതിയ ടെക്‍നോളജിയുടെ ലേബലെന്ന് പറഞ്ഞ് വന്ന ഓണ്‍‌ലൈന്‍ സിനിമാ വേട്ട, എത്രമാത്രം ദുര്‍ബലമായിരുന്നു എന്ന് പിന്നീട് മനസിലാക്കാനായത് സൈബര്‍ ഇടങ്ങളിലെ വസ്‌തുതകള്‍ വച്ചുള്ള പ്രതിരോധം കൊണ്ടായിരുന്നു. ആദ്യം തിരക്കഥയനുസരിച്ച് നിര്‍മിച്ചുണ്ടാക്കിയ ഐപി ഊളിയിടല്‍ വാര്‍ത്തകള്‍ക്ക് പരമ്പരാഗത മാധ്യമങ്ങളില്‍ ഇടം കിട്ടി എന്നത് സത്യം. ഇതിന്റെ ശരിതെറ്റുകള്‍ കാര്യമായി തന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ മാത്രമല്ല ഇമെയില്‍ ഗ്രുപ്പുകളിലും ബ്ലോഗുകളിലും ചര്‍ച്ചയായതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് തന്നെ മറിച്ചൊരു നിലപാടെടുക്കേണ്ടി വന്നു.

ജോണ്‍ ഡോ ഓഡറുകള്‍ വച്ച് ഇന്റര്‍നെറ്റ് സെന്‍സര്‍ ചെയ്യാന്‍ നോക്കുന്ന പോലെ ശ്രമം ഉണ്ടായി, അവസാനം കമ്പനിയുടെ മൊത്തം പ്രവര്‍ത്തനങ്ങള്‍ തന്നെ സോഷ്യല്‍ ഓഡിറ്റിന് വിധേയമായി എന്നതും എടുത്ത് പറയേണ്ട മറ്റൊരു കാര്യം. പൈറസി(വ്യാജം) യില്‍ തുടങ്ങിയ ചര്‍ച്ച ഓണ്‍‌ലൈന്‍ പൌരന്റെ പ്രൈവസി(സ്വകാര്യത)യിലേക്ക് വരെ പരന്നെത്തി മാത്രമല്ല പകര്‍പ്പവകാശ നിയമം വരെ തലനാരിഴ കീറി ചര്‍ച്ച ചെയ്യപ്പെട്ടു.


സൈബര്‍ ആക്ടിവിസ്റ്റുകള്‍

ആഗോളവല്‍കൃത സമൂഹത്തില്‍ അപ്രതിരോധ്യമെന്ന് വിലയിരുത്താവുന്ന എതിര്‍പ്പിന്റെ പല മുഖങ്ങളിലും ഇന്റര്‍നെറ്റ് ഉപയോഗിച്ച് നടത്തുന്ന എതിര്‍ശബ്ദങ്ങള്‍ നേര്‍ത്തതല്ല മറിച്ച് പലമടങ്ങ് പ്രതിധ്വനി ഉണ്ടാക്കുന്ന ശബ്ദമുഖരിതമായ അവസ്ഥ തന്നെ. ഡോ.ബിനായക് സെന്‍ നെ മാവോയ്സ്റ്റ് -ഭീകര ബന്ധം ആരോപിച്ച് തടങ്കല്‍ പാളയത്തില്‍ സര്‍ക്കാര്‍ പാര്‍പ്പിച്ചപ്പോള്‍ നടന്ന ഓണ്‍‌ലൈന്‍ ഇടപെടലുകള്‍ മനുഷ്യാവകാശ രംഗത്ത് വന്ന എടുത്തുപറയത്തക്ക ഓണ്‍‌ലൈന്‍ കാമ്പയിന്‍ ആയിരുന്നു. അന്യായ അറസ്റ്റിനെ പ്രതിരോധിക്കാന്‍ നടത്തിയ പ്രചാരവേലകള്‍ ഓഫ്‌ലൈനായും ഓണ്‍ലൈനായും മുന്നേറിയിരുന്നു, അവസാനം അത് വിജയം കാണുകയും ചെയ്‌തു എന്നത് ചരിത്രം. പ്രസിഡന്റിന് കൊടുക്കാനുള്ള നിവേദനത്തില്‍ പെട്ടെന്ന് തന്നെ വര്‍ധിച്ച തോതില്‍ തന്നെ ഒപ്പിടാന്‍ ആളിനെ കൂട്ടാന്‍ ഓണ്‍‌ലൈന്‍ സംഘങ്ങള്‍ക്കായി. ഇത് മാത്രമല്ല പരമാവധി വിഷയങ്ങളുമായി ശക്തമായ കാമ്പെയിന്‍ ആണ് ഓണ്‍‌ലൈന്‍ ഒപ്പിടലില്‍ ഉപരിയായി അനിവര്‍ അരവിന്ദിന്റെ നേതൃത്വത്തില്‍ നടന്നത്. ഇത് ഗുണപരമായ സൈബര്‍ ആക്‍റ്റിവിസത്തിന്റെ ഇന്ത്യന്‍ ഉദാഹരണമായെടുക്കാം. വരും കാലത്ത് ഇത് പതിന്‍‌മടങ്ങ് കൂടാനാണ് സാധ്യത. ഡിജിറ്റല്‍ വിപ്ലവം വാര്‍ത്താ ശേഖരണത്തിന്റെയും അറിയിക്കലിന്റേയും പരിധികളെ വിസ്‌തൃതമാക്കി. ഒറ്റ ഞെക്കുകൊണ്ട് ലോകത്തെ ഏത് കോണുമായും സമ്പര്‍ക്കത്തിലാകാമെന്നും എവിടെ നടക്കുന്ന പ്രശ്‌നവും മറ്റുള്ള ജനതയുടെ മുന്നിലേക്ക് ഒരു ചോദ്യമെറിയുന്ന തരത്തില്‍ കൊണ്ടുവരാം എന്നതും ഭരണകൂടങ്ങളെ അടക്കം സംഘര്‍ഷഭരിതമാക്കുന്നുണ്ട്.

മുല്ലപ്പൂ വിപ്ലവത്തെയും അതിനെ തുടര്‍ന്ന് പല നാടുകളില്‍ ഉണ്ടായ പ്രക്ഷോഭ പരമ്പരകളിലേയും ടെക്‍നോളജിയുടെ പങ്കിനെ ആളിനെ മൊബിലൈസ് ചെയ്യാനുള്ള തലം എന്ന നിലയില്‍ കണ്ടാല്‍ മതി. എന്നാല്‍ ഇത് അത്ര ചെറുതുമല്ലായിരുന്നു. വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഒരുമിക്കാന്‍ ഒരു കണ്ണിയായത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളായിരുന്നു. ആ നാടുകളിലെ ക്ഷുഭിത യൌവനത്തിന് ഇടപെടാന്‍ ആഗ്രഹമുണ്ടായിരുന്നിരിക്കണം, സംഘാത്മകമായ സംവാദങ്ങള്‍ അവര്‍ക്കില്ലായിരുന്നു. ഫേസ്ബുക്കും ട്വിറ്ററും അവര്‍ക്ക് സംസാരിക്കാനും ഒത്തുചേരാനുമുള്ള കണ്ണികളായി പെട്ടെന്ന് മാറി. കമ്പ്യൂട്ടറിന് മുന്നില്‍ ചടഞ്ഞിരുന്ന് ആര്‍ക്കും ഉപയോഗമില്ലാതെ എന്തൊക്കെയോ ചെയ്യുന്നു എന്ന് ഒരു പക്ഷെ ഏതാനും മാസങ്ങള്‍ക്ക് മുന്നെ വരെ ട്യുണിഷ്യയിലെ അടക്കം യുവാക്കളോട് അവിടുത്തെ കമ്പ്യൂട്ടര്‍ വിരോധികളും മറ്റും പറഞ്ഞിട്ടുണ്ടായിരിക്കാം, അവസാനം ഈ കമ്പ്യൂട്ടര്‍ ശ്രംഖല തന്നെ വേണ്ടി വന്നു സ്വാതന്ത്ര്യത്തിന്റെ സമരത്തിന് ജീവവായു സമൂഹത്തിനാകെ ഊതിക്കൊടുക്കാന്‍ എന്നത് മറ്റൊരു കാര്യം

വിടാതെ പിന്തുടരല്‍ @നെറ്റ്

ഹരിത എം എല്‍ എ മാര്‍ എതിര്‍പ്പിന്റെ കാഹളമുയര്‍ത്താന്‍ ബ്ലോഗ് തിരഞ്ഞെടുത്തതിന്റെ ഗുണദോഷവിചാരങ്ങളിലേക്കല്ല പോകുന്നത്, ഹരിത ഇടപെടലുകള്‍ ബ്ലോഗില്‍ ഇട്ടത് ആ മാധ്യമത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു. ഇനി നാളെ ഇവര്‍ പിന്നാക്കം പോയാലും മറ്റുള്ളവര്‍ക്ക് ഇത് ഏറ്റെടുക്കുകയോ അല്ലെങ്കില്‍ ഇത് ലിങ്ക് ചെയ്‌ത് അവരുടെ പിന്നാലെ കൂടി മറുപടി തരാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഉള്‍പ്പടെ നിര്‍ബന്ധിക്കുകയോ ആകാം. എന്തിനധികം ഇവരോട് സംസാരിക്കാന്‍ ചാനലുകളായ ചാനലുകള്‍ മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്ന പി.സി ജോര്‍ജിന് വരെ അവസാനം ബ്ലോഗ് തുടങ്ങേണ്ടിയും വന്നു എന്നതും മറക്കേണ്ട.

ചില അവസരങ്ങളില്‍ മാധ്യമങ്ങളില്‍ ചര്‍ച്ച വരുന്നതിന് മുന്നെ തന്നെ ഓണ്‍‌ലൈന്‍ ചര്‍ച്ച വഴി പണി പൊളിച്ച് കൊടുക്കാറുണ്ട്, അത് കൊണ്ട് മാത്രം വിവാദത്തിന്റെ മുനയൊടിഞ്ഞ് ആദ്യമേ തന്നെ ഒരു വഴിക്കവസാനിക്കുന്ന ഉദാഹരണങ്ങള്‍ അനവധി. മമ്മൂട്ടി കൊക്കകോളയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകാന്‍ വന്ന ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്നത്തെ സംഭവം ഇതിന് നല്ല ഉദാഹരണം. ഒരു പ്രമുഖ കറി പൌഡര്‍ ബ്രാന്‍ഡിന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പേജുല്‍ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നതും അവസാനം ഉത്പന്നനിരയുടെ പരസ്യതന്ത്രം പാടേ മാറ്റേണ്ടി വന്നതും ഇന്റനെറ്റ് മാധ്യമങ്ങളിലെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു. അതായത് പല വിവാദങ്ങളും പരമ്പരാഗത മാധ്യമങ്ങളില്‍ എത്തുന്നതിന് മുന്നെ നടക്കുന്ന ചര്‍ച്ചായിടം എന്ന നിലയില്‍ ഇന്റര്‍നെറ്റിന് ഇന്ന് അവഗണിക്കാനാവാത്ത സ്വാധീനം ഉണ്ട്

സാധാരണ ഒരു കാഴ്‌ചപ്പാടുണ്ട്. ആഴത്തിലുള്ള വിമര്‍ശനങ്ങളും വസ്‌തുനിഷ്ഠമായ വിലയിരുത്തലുകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പണിയല്ല എന്ന്, അതും പുതിയകാലത്ത് തിരുത്തപ്പെടുകയല്ലേ. ജയ്‌സണ്‍ നെടുമ്പോല എന്ന ഗ്രാമ പഞ്ചായത്ത് ജീവനക്കാരാന്‍ താന്‍ നിരന്തരം ഇടപെടുന്ന ഓഫീസിലെ സാങ്കേതിക സംവിധാനത്തിന്റെ വിലയിരുത്തല്‍ നടത്തി റിപ്പോര്‍ട്ട് നല്‍കിയത് ഓണ്‍‌ലൈന്‍ ഗ്രൂപ്പുകളില്‍ അടക്കം തുടര്‍ചര്‍ച്ചയ്‌ക്കും കാരണമായി. സര്‍ക്കാര്‍ ഏജന്‍സിയായ ഐകെഎം നെ പറ്റി ഇത്ര നല്ല പഠനം ഇത് വരെ നടന്നുവോ എന്ന് തന്നെ സംശയമാണ്. സാധാരണയായി ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ഇത് പോലെ വിശദമായ കുറിപ്പ് ഉണ്ടാക്കി നല്‍കിയാല്‍ അത് പൊതുസമൂഹത്തിന്റെ മുന്നിലേക്ക് എത്താന്‍ ഒരു സാധ്യതയുമില്ല, സെക്രട്ടറിയേറ്റിലെ ഫയല്‍ക്കെട്ടുകള്‍ക്കിടയില്‍ സുഖനിദ്രയാകും ഗതി. എന്നാല്‍ സര്‍ക്കാരിന് നല്‍കുന്നതിനൊപ്പം തന്നെ റിപ്പോര്‍ട്ട് ഓണ്‍‌ലൈന്‍ വേദികളിലേക്കും സംവാദത്തിന് വച്ചു. ഇതില്‍ പിടിച്ച് മുന്നോട്ട് പോകാന്‍ നമുക്കാകണം.


വൈജ്ഞാനിക സാഹിത്യത്തിന് മുതല്‍ക്കൂട്ടായി വിക്കിപീഡിയ

നമ്മുടെ പൊതുമണ്ഡലം ഇനിയും വിക്കിപീഡിയ മലയാളം പതിപ്പിനെ അതര്‍ഹിക്കുന്ന തരത്തില്‍ മനസിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളം വിക്കീപീഡിയയെ പറ്റി പറയുന്നതിന് മുന്നെ എന്താണ് വിക്കിപീഡിയ എന്ന് പറയാം. ലോകത്തിലെ ഏറ്റവും വലിയ വിശ്വവിജ്ഞാനകോശമാണ് ഇത്. മലയാളം അടക്കം 250 ലേറേ ഭാഷകളില്‍ ലോകത്ത് കോടിക്കണക്കിന് ആള്‍ക്കാര്‍ വായിക്കുന്ന ഓണ്‍‌ലൈന്‍ ഇടം. വെബ്‌നിരീക്ഷകരായ അലക്‍സാ ഡോട്ട് കോമിന്റെ ഹിറ്റ് ചാര്‍ട്ടില്‍ എല്ലായ്പ്പോഴും ലോകത്തില്‍ ഏറ്റവുമധികം ആള്‍ക്കാര്‍ സന്ദര്‍ശിക്കുന്ന പത്ത്‌വെബ്‌സൈറ്റുകളില്‍ ഒന്ന്. ഇന്ന് ഗൂഗിള്‍ സര്‍ച്ച് വഴി മാത്രമല്ല അല്ലാതെ തന്നെ ഇന്റര്‍നെറ്റിലേക്കെത്തുന്ന വിവരാര്‍ത്ഥി നേരേ പോകുന്ന അപൂര്‍വം വെബ്‌സൈറ്റുകളില്‍ ഒന്ന്. നിരന്തരം പുതുക്കപ്പെടുന്നു, ലോകത്തിലെ മിക്ക വൈജ്ഞാനിക ശാഖകളിലെ എണ്ണമറ്റ ലേഖനങ്ങളാല്‍ സമ്പന്നം, തീര്‍ന്നില്ല വിശേഷം ഇതിന് ഒരു മുതലാളി നാളിതുവരെ ഇല്ല, എന്ന് പറഞ്ഞാല്‍ വായിക്കുന്ന ഞാനും നിങ്ങളും അടങ്ങുന്ന പൊതുസഞ്ചയം തന്നെയാണ് മുഴുവന്‍ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ലേഖനം എഴുതുന്നതും തിരുത്തുന്നതും മാത്രമല്ല ഉചിതമായ ഹൈപ്പര്‍‌ലിങ്കുകളാല്‍ പേജുകള്‍ക്ക് സൈബര്‍‌സമ്പുഷ്ടീകരണം നടത്തുന്നതും മേന്മയേറിയ ചിത്രങ്ങളുടെ അകമ്പടി ചേര്‍ക്കുന്നതും സാധാരണക്കാരായ ഓണ്‍‌ലൈന്‍ പൌരന്മാരാണ്.

ഇതിലെവിടെയാണ് മലയാളിയുടെ സ്ഥാനം.? വിക്കിപീഡിയയില്‍ മലയാള ഭാഷ ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു കേരള മാതൃക തന്നെ സൃഷ്ടിച്ചു എന്ന് പറഞ്ഞാല്‍ പോലും അതിശയോക്തിയാകില്ല. കാലഗണന വച്ച് ഒരു കണക്കെടുപ്പ് നടത്തുകയാണങ്കില്‍ അടുത്ത മാസം മലയാളം വിക്കിപീഡിയക്ക് പത്തുവയസാകും. 2002 ഡിസംബര്‍ 21 നാണ് മലയാളം വിക്കിപീഡിയക്ക് തുടക്കം കുറിച്ചത്. ആദ്യം അതീവ മന്ദഗതിയിലായിരുന്നു വളര്‍ച്ച എങ്കിലും പിന്നീട് കാര്യങ്ങള്‍ ഉഷാറായി. ഒരു ലാഭേശ്ചയുമില്ലാതെ പ്രവര്‍ത്തിക്കുന്ന, ഒട്ടും പ്രശസ്‌തരല്ലാത്ത, പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് വരാന്‍ ആഗ്രഹിക്കാത്ത എന്നാല്‍ മലയാള ഭാഷയെയും സംസ്‌കാരത്തേയും സ്‌‌നേഹിക്കുന്ന ഒരു വലിയ സമൂഹം ഇന്ന് മലയാളം വിക്കിപീഡിയക്ക് താങ്ങും തണലുമായുണ്ട്. അതിന്റെ ഫലമോ? ഇന്ത്യന്‍ ഭാഷകളില്‍ വിവരാധികാരികത വച്ച് (പേജ് ഡെപ്‌ത് എന്ന് സാങ്കേതികഭാഷ) നോക്കിയാല്‍ മലയാളം വിക്കിപീഡിയ എത്രയോ മുന്നിലാണ്. ഇതെഴുതുന്ന സമയത്ത് മലയാളം വിക്കിപീഡിയ പതിപ്പിന്റെ പേജ്‌ഡെപ്‌ത് 288 ഒപ്പം 26,982 ലേഖനങ്ങള്‍ ml.wikipedia.org ല്‍ ഉണ്ട്. ഏത് അച്ചടി മലയാള വിജ്ഞാനകോശവുമായി തട്ടിച്ച് നോക്കിയാലും എത്രയോ ബൃഹത്താണ് മലയാളം വിക്കിപീഡിയ, എന്തിനധികം മലയാളത്തില്‍ നാളിത്‌വരെ ഇറങ്ങിയ എല്ലാ പ്രസാധകരുടേയും എല്ലാ വിജ്ഞാനകോശങ്ങളെയും എടുത്ത് ഒരുമിച്ച് വച്ചാല്‍ പോലും പത്താണ്ട് കൊണ്ട് മലയാളം വിക്കിപിഡിയയുടെ സന്നദ്ധപ്രവര്‍ത്തകര്‍ ഉണ്ടാക്കിയ വിവരപ്പെരുക്കത്തിന്റെ അടുത്ത് വരില്ല.

ഹിന്ദി പോലെ വളരെ അധികം ആളുകള്‍ സംസാരിക്കുന്ന ഇന്ത്യന്‍ ഭാഷകളില്‍ മലയാളത്തെ അപേക്ഷിച്ച് വിക്കിപിഡിയ ലേഖനങ്ങള്‍ എണ്ണത്തില്‍ കൂടുതലാണ് എന്നാല്‍ ഗുണം വച്ച് നോക്കുമ്പോള്‍ നമ്മുടെ ഭാഷ മേല്‍ക്കൈ നേടിയതില്‍ കടപ്പെട്ടിരിക്കുന്നത്, കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ ഇരിക്കുന്ന നെറ്റിസണ്‍‌മാരോടാണ്. ആദ്യ നൂറ് ലേഖനം തികയ്‌ക്കാന്‍ രണ്ട് വര്‍ഷമെടുത്തെങ്കില്‍ ഇന്ന് രണ്ടാഴ്ച പോലും വേണ്ട നുഊര്‍ കടക്കാന്‍ , ഇതെല്ലാം ഇനിയുള്ള നാളുകളില്‍ ഇനിയും വര്‍ധിക്കും കാരണം ഐടി@സ്‌‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാര്‍ത്ഥികളും വിക്കിപീഡിയ യില്‍ എഴുതാനും തിരുത്താനും ചിത്രങ്ങള്‍ കൂട്ടിചേര്‍ക്കാനും പഠിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ പൊതു സംവാദ‌ഇടങ്ങളില്‍ ഇത്രയും വലിയ നേട്ടം ഭാഷയ്ക്കും സംസ്‌കാരത്തിനും നേടിക്കൊടുത്തു കൊണ്ടിരിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന പരാമര്‍ശം പോലും കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. വിശ്വമലയാള മഹോത്സവത്തില്‍ പോലും ഇങ്ങനെയൊന്ന് മലയാളഭാഷയുടെ വൈജ്ഞാനിക മണ്ഡലത്തെ നവികരിക്കുന്നതിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചുവോ? തുറന്ന ഘടനയാണ് തെറ്റുകള്‍ ഉണ്ടാവാം അല്ലെങ്കില്‍ ആര്‍ക്കും എഴുതാവുന്നതാണങ്കില്‍ എങ്ങനെ ആധികാരികമാകും തെറ്റുകുറ്റങ്ങള്‍ വരില്ലേ എന്ന് പറഞ്ഞതൊക്കെ പഴങ്കഥ. പത്ത് വര്‍ഷത്തെ വളര്‍ച്ച ഇതാണങ്കില്‍ അടുത്ത പത്ത് വര്‍ഷം കൊണ്ട് മലയാളം വിക്കിപിഡിയ സമാനതകളില്ലാതെ വിജ്ഞാനത്തിന്റെ പുതിയ പടവുകള്‍ കയറും, അത് നിലവിളുള്ള വളര്‍ച്ചാ നിരക്ക് വച്ച് തന്നെ സുനിശ്ചിതമാണ്‍.

കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുന്നില്‍ ചാറ്റും സോഷ്യല്‍ നെറ്റ്‌വര്‍ക്കുമായി ചടഞ്ഞിരിക്കുന്ന, സര്‍ഗാത്മകമായി ഒന്നും ചെയ്യാത്തവര്‍ എന്നൊക്കെ ആക്ഷേപങ്ങള്‍ ചുരുക്കം ചിലരെങ്കിലും ഓണ്‍‌ലൈന്‍ സമൂഹത്തിനെതിരെ ആരോപണമായി ഉന്നയിക്കുന്നവരുടെ സംഘത്തില്‍പ്പെട്ടവര്‍ ചെയ്‌തവരെക്കാളും മനോഹരമായി അല്ലെങ്കില്‍ ക്രീയാത്മകമായി സൈബര്‍ സമയം വിനിയോഗിക്കുന്നവരില്‍ ചെറുപ്പക്കാര്‍ മുതല്‍ വളരെ പ്രായം ചെന്നവര്‍ വരെയുണ്ട്. എത്ര ജനാധിപത്യപരമായാണ് അന്യഭാഷയിലെ വാക്കുകള്‍ക്ക് തതുല്യമായ മലയാളപദങ്ങള്‍ കൂട്ടായി കണ്ടെത്തുന്നത്, ഏതൊക്കെ വിവരം ഉള്‍പ്പെടുത്താം എന്ത് ഭാഷ പ്രയോഗിക്കാം എന്നൊക്കെ സംവാദം താളുകളില്‍ ചര്‍ച്ച നിരന്തരം നടക്കുന്നത്. ഒരു കാര്യം ഉറപ്പാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഓഫ്‌ലൈനില്‍ ഉള്ള മലയാളിക്ക് വരെ ഒഴിച്ചുകൂടാനാകാത്ത വിവര ഇടമായി മലയാളം വിക്കിപീഡിയ മാറും. വിക്കിപീഡിയ എന്നത് ഒരു സാങ്കേതികവിദ്യയുടെ ചലനമല്ല മറിച്ച് ഇതൊരു സാമൂഹിക നൂതനത്വമോ അല്ലെങ്കില്‍ മുന്നേറ്റമോ ആണ് എന്ന് ഇതിന്റെ സ്ഥാപകരിലൊരാളായ ജിമ്മി‌വെയില്‍‌സ് പറഞ്ഞത് മലയാളത്തിന്റെ കാര്യത്തില്‍ എത്ര ശരി.

മലയാളത്തെ ആശ്രയിച്ച് ജീവിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഒന്നും കാര്യമായി നാളിത് വരെ ശ്രദ്ധിക്കാത്ത ഈ ഓണ്‍‌ലൈന്‍ ഇടം സമാന്തരമായി വിജ്ഞാനകോശ നിര്‍മ്മിതി ഒന്നാം തരമായി നടക്കും എന്നതിന്റെ ഉദാഹരണത്തേക്കാളും, ഇന്റര്‍നെറ്റില്‍ അച്ചടിയേക്കാളും നല്ല എഴുത്തുകാര്‍ ഉണ്ട് അവര്‍ക്ക് കാര്യമായി തന്നെ പൊതുസമൂഹത്തിന്റെ വിവരസഞ്ചയത്തില്‍ സംഭാവന നല്‍കാനാകും എന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ്.

വിക്കിപീഡിയയിലെ മലയാള യശസ്

വിക്കിപീഡിയയില്‍ പേജ് ഡെപ്ത് എന്നത് പൂര്‍ണമായും നല്ല ഒരു അളവുകോല്‍ അല്ല എന്നിരിക്കിലും പേജ് ഡെപ്‌ത് കൂടുന്നതിനനുസരിച്ച് ലേഖനങ്ങളുടെ നിലവാരം കൂടുതല്‍ ആണെന്ന് പൊതുവായി പറയാം. കുറഞ്ഞത് 10,000 ലേഖനങ്ങള്‍ എങ്കിലും ഉള്ള വിക്കിപീഡിയകളില്‍ ഇംഗ്ലീഷ് കഴിഞ്ഞാല്‍ ഇപ്പോഴും ഏറ്റവും അധികം പേജ് ഡെപ്‌ത് മലയാളത്തിനാണ്. ആദ്യ അഞ്ചു സ്ഥാനങ്ങള്‍ ഇങ്ങനെ (ഡെപ്ത്ത് ബ്രാക്കറ്റില്‍ ) 1. ഇംഗ്‌ളീഷ് (712) 2. മലയാളം (288) 3. അറബി (243) 4. ഹീബ്രു (240) 5. ടര്‍ക്കിഷ് (215). അതായത് വിവരാധികാരികതയില്‍ ആശ്രയിക്കാവുന്ന ഭാഷകളില്‍ മലയാളം ഇന്ത്യയില്‍ ഒന്നാമത് എന്ന് മാത്രമല്ല, ഇംഗ്ലീഷിന് തൊട്ടുപ്പിന്നില്‍ ഉണ്ട് എന്നത് ചെറിയ കാര്യമല്ലല്ലോ. ഹിന്ദിയില്‍ ലേഖനങ്ങള്‍ ലക്ഷം വരുമെങ്കിലും പേജ് ഡെപ്‌ത് 40 മാത്രം


സമാന്തരമായി ഒരു ഗ്രന്ഥശേഖരം തന്നെ സൃഷ്ടിക്കപ്പെടുന്നു

വിക്കിപീഡിയ പോലെ തന്നെ എടുത്ത് പറയേണ്ട മറ്റൊരു മഹത്‌സംരംഭമാണ് വിക്കിഗ്രന്ഥശാല. പകര്‍പ്പവകാശത്തിന്റെ ഊരാക്കുടുക്കുകള്‍ ഇല്ലാത്ത അല്ലെങ്കില്‍ സമയപരിധിക്ക് പുറത്ത് കടന്ന പുസ്‌തകങ്ങള്‍ ഓണ്‍ലൈനിലേക്ക് സ്വരുക്കൂട്ടാനുള്ള കൂട്ടായ ഒരു പ്രവര്‍ത്തനം. മലയാളം വിക്കിപീഡിയ പോലെ തന്നെ ഇതും ബാലാരിഷ്ടതകളില്‍ നിന്ന് പതിയെ പുറത്ത് കടന്ന് വന്‍‌കുതിപ്പിന് തയ്യാറെടുക്കുന്നു. പതിനാലാം നൂറ്റാണ്ടിലെ ചക്രവാക സന്ദേശം എന്ന കൃതിയുടെ ഡിജിറ്റലൈസേഷന്‍ 2011 സെപ്തംബര്‍ 15 ന് പൂര്‍ത്തിയാക്കി. പകര്‍പ്പവകാശ സമയ പരിധി കഴിഞ്ഞ കൃതികളാണ് നിലവില്‍ ഉള്ളത്. കുമാരനാശാന്റെ , ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണകൃതികള്‍ , കേരള പാണിനീയം, ചട്ടമ്പി സാമിയിടെ കൃതികള്‍ , കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാല...അങ്ങനെയങ്ങനെ. ഈ മാസം ഉള്ളൂരിന്റെ കൃതികള്‍ സമാഹരിക്കുകയാണ്. വായനക്കാര്‍ക്ക് മാത്രമല്ല പലപ്പോഴും ഗവേഷകര്‍ക്കും ഭാഷാവിദഗ്ദര്‍ക്കും അമൂല്യനിധി തന്നെയാണ് അച്ചടി രൂപങ്ങള്‍ അത്രയെളുപ്പം ലഭ്യമാകാത്ത ഇത്തരം കൃതികള്‍ . ഇത് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് മാത്രം കിട്ടുന്നതാണന്ന ധാരണയും വേണ്ട, വിക്കിഗ്രന്ഥശാലയുടെ ആദ്യ സിഡി റോം പതിപ്പ് കണ്ണൂരില്‍ നടന്ന നാലാം വിക്കിസംഗമത്തില്‍ പുറത്തിറക്കിയിരുന്നു. ഇനി കമ്പ്യൂട്ടറില്‍ വായിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് തൊട്ടടുത്ത കേന്ദ്രത്തില്‍ നിന്ന് പ്രിന്റ് എടുത്താലും മതി. ഏതായാലും പുസ്തകങ്ങള്‍ പൊതുസമൂഹത്തിന് ലഭ്യമാണ്. നേരത്തേ വിക്കിപീഡിയയുടെ കാര്യത്തില്‍ പരാമര്‍ശിച്ചത് പോലെ പുസ്‌തകങ്ങള്‍ ടൈപ്പ് ചെയ്‌ത് ചേര്‍ക്കാനും , അക്ഷരശുദ്ധി പരിശോധിക്കാനും , വേണ്ട തരത്തില്‍ രൂപസംവിധാനം വരുത്താനുമായി ഒട്ടേറേ പേര്‍ രാപകല്‍ അധ്വാനിക്കുന്നുണ്ട്.

വിക്കിഗ്രന്ഥശാലയില്‍ ഏറ്റവും സമ്പുഷ്ടമായ വിഭാഗം 'കാവ്യങ്ങളു'ടേതാണ്. വീണ പൂവ്, നളിനി, ലീല, വനമാല, മണിമാല തുടങ്ങി കുമാരനാശാന്റെ കൃതികള്സമഗ്രമായി ഇതിലുണ്ട്. കൂടാതെ ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ', ചങ്ങമ്പുഴ, കുഞ്ചന്നമ്പ്യാര്, ഇരയിമ്മന്തമ്പി, രാമപുരത്ത് വാര്യര്എന്നിവരുടെ കൃതികള്ഒക്കെ ഡിജിറ്റല്രൂപത്തില്മനോഹരമായി മുന്നിലെത്തും. ഭാഷാവ്യാകരണം വിഭാഗത്തില്'കേരളപാണിനീയം' പൂര്‍ണ രൂപത്തില്ചേര്‍ത്തിരിക്കുന്നു. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യനോവലായ ചന്തുമേനോന്റെ 'ഇന്ദുലേഖ'യാണ് നോവല്വിഭാഗത്തിലുള്ള ഏക കൃതി. മാത്രമല്ല ക്രിസ്തീയ കീര്‍ത്തനങ്ങളുടെയും, ഹൈന്ദവ ഭക്തിഗാനങ്ങളുടെയും, ഇസ്ലാമിക ഗാനങ്ങളുടെയും ശ്രദ്ധേയമായ ഒരു സമാഹാരം ഇവിടെയുണ്ട്. തത്വശാസ്ത്രം വിഭാഗത്തില്'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ', 'കമ്മ്യൂണിസത്തിന്റെ തത്വങ്ങള്' എന്നിവയും.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍‌ലൈന്‍ ഇടപെടലുകള്‍

വിക്കിഗ്രന്ഥശാലയുടെ കാര്യം പറയുമ്പോള്‍ ഒരിക്കലും വിട്ട് പോകാന്‍ പാടില്ലാത്ത സംഭാവന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കികൊണ്ടിരിക്കുന്നതാണ്. മലയാളത്തിലെ ആദ്യ മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ ഡിജിറ്റൈസേഷന്‍ കൊല്ലം ചവറ ഉപജില്ലയിലെ 15 പൊതു വിദ്യാലയങ്ങളിലെ ഹൈസ്‌കൂള്‍ കുട്ടികള്‍ കൂട്ടായി ചെയ്‌തതാണ്. മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലതയുടെ ഡിജിറ്റൈസേഷന്‍ നിര്‍വഹിക്കച്ചത് വയനാട് കബനിഗിരി നിര്‍മ്മല ഹൈസ്‌കൂളിലെ രണ്ട് ഡസനോളം കുട്ടികളുടെ കൂട്ടായ്‌മ. കെ.സി. കേശവപിള്ള രചിച്ച കേശവീയം ഗ്രന്ഥശാലയിലെത്തിച്ചത് ഒരു കൂട്ടം പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും.


മുന്നോട്ടുള്ള പോക്ക്

കേരള സമൂഹത്തില്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത വിജ്ഞാനപ്രവര്‍ത്തനങ്ങള്‍ ഇതര ഭാരതീയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നന്നായി പുരോഗമിക്കുന്നുണ്ട്. പൊതുസമൂഹത്തിന് ഇതിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഗുണഫലങ്ങള്‍ ലഭിക്കുന്നുമുണ്ട്. ഭാഷയില്‍ ഇന്റര്‍നെറ്റ് സമൂഹം നടത്തിയ ഇടപെടലുകള്‍ അതിന്റേതായ തരത്തില്‍ നമ്മള്‍ വിശകലനം ചെയ്‌തിട്ടുണ്ടോ. ഓണ്‍‌ലൈനില്‍ ഇടപെടുന്നവര്‍ക്ക് അറിയാം ഇവിടെ എന്തൊക്കെ നടക്കുന്നുവെന്ന് എന്നാല്‍ ഡിജിറ്റല്‍ ഡിവൈഡിന്റെ മറുകരയില്‍ ഉള്ളവര്‍ക്ക് ഇവിടെ നടക്കുന്ന ഭാഷാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ സാമാന്യ ധാരണ പോലും ഇല്ല.

ഇവിടെ സംവാദത്തിന്റെ തലം കുറെ സുതാര്യമാണ്. ചര്‍ച്ച ചെയ്യുന്ന വിഷയത്തിലേക്ക് ഇടപെടേണ്ടവരെ പ്ലസിട്ടോ @ ഉപയോഗിച്ചോ വിളിച്ചുകൊണ്ട് വരാം, പെട്ടെന്ന് ക്ഷണിക്കാനും ഇടപെടാനും പറ്റുന്നത് നേട്ടമാണ്. ആര്‍ക്കും എന്തു പറയാം എന്നതാണല്ലോ ഓണ്‍‌ലൈന്‍ ചര്‍ച്ചയെ അവഗണിക്കുന്നവര്‍ പറയുന്ന പതിവ് ന്യായം. എന്നാല്‍ ഉത്തരവാദിത്വത്തോടെ വിഷയങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കേ അല്ലെങ്കില്‍ മറുപടി പറയുന്നവര്‍ക്കേ വിശ്വാസ്യത (credibility) ഉണ്ടാകൂ. അങ്ങനെ ആധികാരികമായ, മേന്മയായ ചര്‍ച്ചകള്‍ നടക്കുന്ന എത്രയോ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളാല്‍ മലയാളവും ഇന്ന് സമൃദ്ധം. സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും ഇന്റര്‍നൈറ്റ് പതിവായി ഉപയോഗിക്കുന്നവരിലും സൈബര്‍ പൌരന്മാരിലെ എല്ലാ പ്രശ്‌നങ്ങളും സമൂഹത്തിലും കാണും, അങ്ങനെ കാണുന്നതല്ലേ ഉചിതം.

അറിവിന്റെ പലതുറകളിലാണ് ഓണ്‍‌ലൈന്‍ വാസികള്‍ നിരന്തരം സമ്പര്‍ക്കപ്പെടുന്നത്, അതനുസരിച്ച് അറിഞ്ഞോ അറിയാതെയോ സ്വയം അപ്ഡേറ്റ് ആകുകയും ചെയ്യുന്നു. ഇന്റര്‍നെറ്റ് ഇതര/പൂര്‍വ സമൂഹം വ്യവസ്ഥാപിതമായ (hierarchy) വഴികളിലൂടെ ആണ് മുഖ്യമായും പുതിയ വിവരങ്ങളുമായി ഇണക്കപ്പെടുന്നത്. ഇതിന് സ്ഥലത്തിന്റേയും കാലത്തിന്റേയും പരിധികള്‍ ഉണ്ട്. ഇന്റര്‍നെറ്റ് നല്ലോരു പരിധിവരെ സ്ഥലകാല സീമകള്‍ക്കതീതമായി പുതുമകളെ കൂട്ടിക്കൊണ്ട് വരികയാണ്. അത് ലൈവ് ആയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ചര്‍ച്ച ആയി അല്ലെങ്കില്‍ പുതിയ സമരമാര്‍ഗത്തിലൂടെ അതുമല്ലങ്കില്‍ പലദേശങ്ങളില്‍ പല സമയങ്ങളില്‍ ഇരുന്ന് നിരന്തരം പുതുക്കപ്പെടുന്ന ഡിജിറ്റല്‍ പുരകളായ വിക്കിപീഡിയ പോലെയുള്ള നവീന സൌകര്യങ്ങള്‍ ആകാം.

*******