ഇന്നു വിക്കിപീഡിയയുടെ 12-ആം ജന്മദിനം ആണ്. ഈ ജന്മദിനത്തിൽ മലയാളം വിക്കിപീമീഡിയരുടെ വക ഒരു ജന്മദിനസമ്മാനം മലയാളികൾക്കായി സമർപ്പിക്കുന്നു. 


വിക്കിമീഡിയ സംരംഭങ്ങളുമായി ബന്ധപ്പെട്ട് നിരവധി നൂതന പദ്ധതികളിലൂടെ മലയാളം വിക്കിസമൂഹം മറ്റ് വിക്കിസമൂഹങ്ങൾക്ക് മാതൃക ആയിട്ടുണ്ടല്ലോ. അങ്ങനെയുള്ള സവിശേഷ പദ്ധതികളിലൂടെ കൂടുതൽ പേരെ വിക്കിയിലേക്ക് ആകർഷിക്കാനും,  മലയാളം  വിക്കിസംരംഭങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കാനും,  മലയാളം വിക്കിസംരംഭങ്ങളിലെ ഉള്ളടക്കം കൂടുതൽ പേരിലെത്തിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.


വർത്തമാനകാലത്ത് മലയാളം വിക്കിസംരംഭങ്ങളിൽ ഏറ്റവും ജനശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന സംരംഭം ആണ് മലയാളം വിക്കിഗ്രന്ഥശാല (http://ml.wikisource.org/). പകർപ്പവകാശകാലാവധി തീർന്നതോ, സ്വതന്ത്രപകർപ്പവകാശ ലൈസൻസിലോ ഉള്ള മലയാലഭാഷയിലുള്ള/മലയാളലിപിയിലുള്ള പുസ്തകങ്ങളാണ് വിക്കിഗ്രന്ഥശാലയുടെ ഭാഗമായി മാറി കൊണ്ടിരിക്കുന്നത്. ഇങ്ങനെ പുസ്തകം ചേർത്തത് മാത്രം കൊണ്ട് ആയില്ലല്ലോ. ചേർത്തത് വിവിധ തരത്തിൽ മലയാളി വായനക്കാരിലേക്ക് എത്തിക്കാനും നമുക്ക് കഴിയണം. അങ്ങനെയുള്ള ഒരു പദ്ധതിക്ക് മലയാളം വിക്കിസമൂഹം തുടക്കമിടുകയാണ്.


മലയാളം വിക്കിഗ്രന്ഥശാലയിലെ  ഡിജിറ്റൈസേഷൻ പൂർത്തിയായ കുറച്ച് പുസ്തകങ്ങൾ ഇപബ്ബ് (ePUB) ഫോർമാറ്റിൽ ഇ-പുസ്തകം ആയി പുറത്തിറക്കുന്നു. 


വിക്കിഗ്രന്ഥശാലയിലെ കൃതികൾ ഇനി മുതൽ ഇ-പുസ്തകം ആയി വായിക്കാനുള്ള സൗകര്യം ആണ് ഇതിലൂടെ പ്രധാനമായും കിട്ടുന്നത്. ഇ-പുസ്തകം ആയതിനാൽ  ഓഫ്‌ലൈനായി വായിക്കാം എന്ന സൗകര്യവും ഉണ്ട്. ഒപ്പം നിങ്ങളുടെ ഡിവൈസുകളിൽ വിക്കിഗ്രന്ഥശാലയുടെ ഒരു ചെറിയ പതിപ്പ് കിട്ടുകയും ചെയ്യുന്നു.

ഇത് ആരെ ലക്ഷ്യം വെക്കുന്നു?

ഈ ഇ-പുസ്തകങ്ങൾ പ്രധാനമായും സ്മാർട്ട് ഫോണുകൾ, ടാബ്‌ലറ്റ് പിസികൾ തുടങ്ങിയവ ഉപയോഗിക്കുന്നവരെ ലക്ഷ്യം വെച്ചാണ് എഴുതിയത്. പക്ഷെ സാധാരണ പി.സി.കളിൽ ePUB ഫോർമാറ്റിലുള്ള ഇ-പുസ്തകങ്ങൾ വായിക്കാൻ ധാരാളം സോഫ്റ്റ്‌വെയകൾ ഉണ്ട്. അതിനാൽ അതിനെ കുറിച്ച് എഴുതുന്നില്ല.  സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ് പിസികൾ എന്നിവർ ഉപയോഗിക്കുന്നവർ യാത്ര ചെയ്യുമ്പൊഴോ, ഓഫ് ലൈനായോ ഇരിക്കുമ്പൊഴോ ഒക്കെ വിക്കിഗ്രന്ഥശാലയിലെ പുസ്തകങ്ങൾ വായിക്കാൻ ഈ സൗകര്യം നിങ്ങൾക്ക് സഹായകരമാകും.


ആൻഡ്രോയിഡ് ജിഞ്ചർ ബ്രെഡ് എങ്കിലും ഉപയോഗിക്കുന്നവർക്കേ ഇത് സഹായകരമാകൂ. ഐഫൊണിൽ ഡിഫാൾട്ടായി മലയാളം റെൻഡറിങ്ങ് നന്നായതിനാൽ വേർഷൻ പ്രശ്നമല്ല.


ഏതൊക്കെ പുസ്തകങ്ങൾ ആണ് നിലവിൽ ePUB ഫോർമാറ്റിൽ ഇ-പുസ്തകം ആക്കിയിട്ടുള്ളത്?

നിലവിൽ ഇ-പുസ്തകം ആക്കിയ ഗ്രന്ഥങ്ങൾ https://code.google.com/p/ml-wikisource-ebooks/downloads/list എന്ന കണ്ണിയിൽ നിന്നു കിട്ടും.


താഴെ പറയുന്ന കൃതികൾ ആണ് നിലവിൽ ഇ-പുസ്തകം ആക്കിയിട്ടുള്ളത്

ഇത് നിങ്ങളുടെ ഇഷ്ടാനുസരണം ഡൗൺലൊഡ് ചെയ്ത് ഇഷ്ടാനുസരണം വായിക്കൂ. വിക്കിഗ്രന്ഥശാലയിലെ കൃതികൾ വായിക്കാൻ ഇനി ഇന്റർനെറ്റ് കണക്ഷൻ വേണം എന്നത് ഒരു നിർബന്ധമല്ല.


ഫോണിൽ ചെയ്യേണ്ട ക്രമീകരണങ്ങളും മറ്റും ഒരു ബ്ലോഗ് പോസ്റ്റിൽ ഇവിടെ  (http://shijualex.blogspot.in/2013/01/blog-post_7915.html) വിശദീകരിച്ചിട്ടുണ്ട്.


വിക്കിഗ്രന്ഥശാലയിലെ പുസ്തകം എടുത്ത് ePUB ഫോർമാറ്റിലുള്ള -പുസ്തകം ആക്കുന്ന ഈ പദ്ധതി പ്രാവർത്തികമാകുമ്പോൾ കൃതികൾ ഗ്രന്ഥശാലയിൽ ആക്കിയ വിക്കിപ്രവർത്തകർക്കു പുറമേ നന്ദി പറയേണ്ട ഒരാൾ ജീസ് മോൻ ജേക്കബ്ബ് ആണ്.


മലയാളം ഇ-പുസ്തകം വായിക്കാനുള്ള വിവിധ ആപ്പുകൾ പരീക്ഷിക്കുകയും, നിലവിലുള്ള ഇ-പുസ്തകങ്ങൾ എല്ലാം നിർമ്മിക്കുകയും ചെയ്ത ജീസ് മോൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഇ-പുസ്തകം നിർമ്മിക്കാൻ അദ്ദേഹം ഉപയോഗിച്ചത് https://code.google.com/p/sigil/ എന്ന ആപ്ലിക്കേഷനാണ്. അതുപയോഗിച്ച് ഇ-പുസ്തകം നിർമ്മാണം വളരെ എളുപ്പം ആണെന്നാണ് അദ്ദേഹം പറഞത്. അത് ഉപയോഗിക്കാനുള്ള ഡോക്കുമെന്റേഷൻ ഇവിടെ ഉണ്ട് http://web.sigil.googlecode.com/git/files/OEBPS/Text/introduction.html


ഇ-പുസ്തകം ഇറക്കുന്ന പരിപാടി അത്ര സങ്കീർണ്ണം ഒന്നും അല്ലാത്തതിനാൽ ഇനി ധാരാളം പേർ വിവിധ തരത്തിൽ വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കം എടുത്ത് പുനരുപയോഗിക്കും എന്ന് കരുതട്ടെ. അത് ചെയ്യാൻ താല്പര്യമുള്ളവർ മറ്റൊരു സംവിധാനം ആകുന്നത് വരെ (https://code.google.com/p/ml-wikisource-ebooks/downloads/list) ഇവിടെ തന്നെ ഇ-പുസ്തകം അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുമല്ലോ.


ആശംസകളോടെ

ഷിജു