സുഹൃത്തുക്കളേ,

മലയാളം വിക്കിപീഡിയയിൽ മെയ് 8 മുതൽ 31 വരെ വാക്സിൻ തിരുത്തൽ യജ്ഞം നടക്കുന്നു. കേരളത്തിൽ കോവിഡ് വാക്സിനേഷൻ നടക്കുന്ന സാഹചര്യത്തിലും, കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന വന്നതിനാലുമാണ് പൊതുജനാരോഗ്യത്തെ കേന്ദ്രീകരിച്ച് ഒരു തിരുത്തൽ യജ്ഞം നടത്തുന്നത്. കൂടാതെ, ആരോഗ്യത്തെ സംബന്ധിച്ച് അനവധി വ്യാജവാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയവും, സമകാലികവും, സത്യസന്ധവുമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതും തിരുത്തൽ യജ്ഞത്തിൻ്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. 

തിരുത്തൽ യജ്ഞത്തിൻ്റെ ഉദ്ഘാടനം മെയ് 8 ഇന്ത്യൻ സമയം വൈകുന്നേരം 6 മണിക്ക് സൂം മീറ്റിങ് വഴി നടക്കും. മലയാളം വിക്കിപീഡിയനും, അമൃത മെഡിക്കൽ കോളേജിലെ പ്രൊഫസറുമായ ഡോ. അജയ് ബാലചന്ദ്രൻ ആദ്യ തിരുത്തൽ നടത്തി ഉദ്ഘാടനം നിർവ്വഹിക്കും. ഉദ്ഘാടനത്തിനു ശേഷം വിക്കിപീഡിയ തിരുത്തൽ പരിശീലനവും, ഓൺലൈൻ എഡിറ്റത്തോണും ഉണ്ടാകും. മലയാളത്തിലെ തിരുത്തൽ യജ്ഞം വിക്കിപീഡിയ കാര്യനിർവാഹകൻ ശ്രീ. രഞ്ജിത് സിജിയും, ഇംഗ്ലിഷിലെ തിരുത്തൽ യജ്ഞം വിക്കിമീഡിയ ഡി.സി പ്രോഗ്രാം മാനേജർ ഏരിയൽ സെട്രോണും നിർവ്വഹിക്കും. ഉദ്ഘാടനപരിപാടിയിൽ മലയാളം വിക്കിപീഡിയരെക്കൂടാതെ ഇൻഫോക്ലിനിക്ക് എന്ന സംഘടനയിൽ നിന്നുള്ള ഡോക്ടർമാരും, വിദേശത്തുള്ള വിക്കിമീഡിയ പ്രവർത്തകരും, വാക്സിൻ സേഫ്റ്റി നെറ്റ്വർക്കിലെ വിദഗ്ദ്ധരും പങ്കെടുക്കും. അതുകൊണ്ട് ഉദ്ഘാടനചടങ്ങ് മലയാളത്തിലും ഇംഗ്ലിഷിലും സമാന്തരമായാണ് നടക്കുക. വിക്കിപ്രവർത്തകരെ കൂടാതെ, വിക്കിപീഡിയയെക്കുറിച്ച് അറിയാൻ താല്പര്യമുള്ള ആർക്കും പരിപാടിയിൽ പങ്കെടുക്കാം. പങ്കെടുക്കുന്നതിനായി ഈ ലിങ്കിൽ മുൻകൂട്ടി റെജിസ്റ്റർ ചെയ്യുക. 

തിരുത്തൽ യജ്ഞത്തിൻ്റെ പ്രധാന വിഷയം വാക്സിൻ ആണെങ്കിലും, പൊതുജനാരോഗ്യത്തെക്കുറിച്ചും, പ്രശസ്ത ആരോഗ്യപ്രവർത്തകരെക്കുറിച്ചും, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളെക്കുറിച്ചുമുള്ള ലേഖനങ്ങളും തിരുത്തൽ യജ്ഞത്തിൻ്റെ ഭാഗമായി എഴുതാവുന്നതാണ്. ഇൻഫോക്ലിനിക്ക്, അമൃതകിരണം എന്നീ സംഘടനങ്ങൾ തങ്ങളുടെ ചില ലേഖനങ്ങൾ CC-BY-SA 4.0 പകർപ്പുപേക്ഷ പ്രകാരം ലഭ്യമാക്കിയിട്ടുണ്ട്. ഈ ലേഖനങ്ങളിൽ നിന്നുള്ള ഭാഗങ്ങളും, വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതാൻ ഉപയോഗിക്കാവുന്നതാണ്. ഒരു മാസം നീണ്ടുനിൽക്കുന്ന ഈ യജ്ഞത്തിൽ പങ്കെടുത്ത മികച്ച മൂന്ന് ലേഖകർക്ക് 8000, 5000, 3000 രൂപ വീതമുള്ള ആമസോൺ വൗച്ചറുകൾ സമ്മാനമായി ലഭിക്കും. 

കൂടുതൽ വിവരങ്ങൾക്ക്  യജ്ഞത്തിൻ്റെ ആസൂത്രണ താൾ സന്ദർശിക്കുക. പരിപാടിയുടെ സംഘാടകസമിതിയിൽ പ്രവർത്തിക്കാൻ താല്പര്യമുണ്ടെങ്കിൽ nethahussain {{@}} gmail {{dot}} com എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. 


എന്ന്, 
സംഘാടകസമിതിയ്ക്ക് വേണ്ടി
വിക്കിമീഡിയൻ

--
Netha Hussain
(she/her)