Inline images 1

who am I, എന്ന ചോദ്യത്തിനു് എനിക്കുതന്നെ പല ഉത്തരങ്ങളുണ്ടാകാമെങ്കിലും അവയില്‍ പ്രധാനം, എന്റെ തൊഴിലുമായി ബന്ധപ്പെട്ടു് എന്നെ അടയാളപ്പെടുത്തുന്നതായിരിക്കും. ആ നിലയ്ക്കു് I am a journalist എന്നാണു് ഞാന്‍ പറയാറു്. എട്ടോളം മാദ്ധ്യമസ്ഥാപനങ്ങളില്‍ ഞാന്‍ പണിയെടുത്തിട്ടുണ്ടു്. അതിലേറെ പ്രസിദ്ധീകരണങ്ങളില്‍ സഹകരിച്ചിട്ടുണ്ടു്. ഒട്ടേറെ ആഴ്ചപ്പതിപ്പുകളില്‍ / മാസികകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഒരിടത്തും മോശം പണിക്കാരനായിരുന്നില്ല. മുംബയിലെ കലാകൌമുദി ദിനപ്പത്രത്തിന്റെ റസിഡന്റ് റെപ്രസെന്റേറ്റീവ് ആയി ജോലി നോക്കിയിരുന്നു. കലാകൌമുദിയുടെ വിവിധ പ്രസിദ്ധീകരണങ്ങള്‍ക്കായി എഡിറ്റോറിയല്‍ വര്‍ക്‍ ചെയ്തിട്ടുണ്ടു്. കൊച്ചിയില്‍ നിന്നു് മലയാളത്തിലെ ആദ്യത്തെ ബിസിനസ് ദിനപ്പത്രം തുടങ്ങിയപ്പോള്‍ (അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തുമാകട്ടെ), അതില്‍ work എന്നു ബ്രാന്‍ഡ് ചെയ്ത സയന്‍സ് ആന്‍ഡ് ടെക്നോളജി പേജിന്റെ പൂര്‍ണ്ണ ചുമതലക്കാരനായിരുന്നു. ഡെസിഗ്നേഷന്‍ വേറെയായിരുന്നെങ്കിലും, കോപ്പി എഡിറ്ററുടെ വര്‍ക്കും അവിടെ ഞാന്‍ എടുത്തിരുന്നു. കേരളത്തില്‍ വിവിധയിടങ്ങളില്‍ ചില പ്രത്യേക വിഷയങ്ങളില്‍ വര്‍ക്‍ഷോപ്പുകളില്‍ റിസോഴ്സ് പേഴ്സണായി പങ്കെടുക്കാറുണ്ടു്. ഇന്നേവരെ പ്രൊഫഷനില്‍ തരവഴി കാട്ടി പിടിച്ചുനിന്നിട്ടില്ല. 

സ്ഥിരം ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിച്ചിട്ടാണു് ഓണ്‍ലൈന്‍ മാദ്ധ്യമപ്രവര്‍ത്തനത്തിലേക്കു് ചുവടുമാറ്റിയതു്. എന്റെ മകളുടെ മരണശേഷം ശ്രദ്ധ കെട്ടുപോയി എന്നതൊഴിച്ചാല്‍ മലയാള ഓണ്‍ലൈന്‍ ലോകത്തു് ബഹുമാനിക്കപ്പെടുന്ന സ്ഥാനം malayal.amനുണ്ടു് എന്നതാണു് എന്റെ വിശ്വാസം. എന്നാല്‍ മലയാളം വിക്കിപ്പീഡിയയുടെ എഴുത്തുകാര്‍ക്കുള്ള ശ്രദ്ധേയതാമാനദണ്ഡത്തെക്കുറിച്ചു് ചോദ്യമുയര്‍ത്തിയപ്പോള്‍ ആക്രമണം മലയാളത്തിനു നേരെയും എന്റെ പ്രൊഫഷണല്‍ കപ്പാസിറ്റിക്കു് നേരെയുമായി. മറുനാടന്‍ മലയാളിയിലേക്കും വെബ്‌ലോകത്തിലേക്കും റിപ്പോര്‍ട്ടര്‍ ടിവിയുടെ വെബ് എഡിഷനിലേക്കും അവലംബക്കണ്ണിയുള്ള ഒരു പേജില്‍ മലയാളം എക്സ്റ്റേണല്‍ ലിങ്ക് മാത്രമാവാനുള്ള ഗരിമയേയുള്ളൂ എന്ന വിധിയെഴുത്തായി. 

ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ എന്ന വ്യക്തി പറയുന്നതാണു്. എന്റെ whims and fancies അല്ല, മാദ്ധ്യമപ്രവര്‍ത്തനം. എന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാലല്ല, ഓരോ സ്ഥാപനത്തിന്റെയും stated policies and principles പ്രകാരമാണു് ഓരോയിടത്തും പണിയെടുത്തിട്ടുള്ളതു്. ഈ ആരോപണം എന്നെ സംബന്ധിച്ചു് വേദനാജനകമാണു്. ആരുടെയും സര്‍ട്ടിഫിക്കറ്റിനുവേണ്ടിയല്ല, ഞാന്‍ പണിയെടുത്തിട്ടുള്ളതെങ്കിലും എന്തും എഴുതുന്ന ഇടമായി ഒരു മികച്ച വെബ്സൈറ്റിനെ വിക്കിപ്പീഡിയ പോലെ ഒരിടത്തു് അടയാളപ്പെടുത്തിയ ഈ ദുഷ്ടലാക്കില്‍ അതിയായി പ്രതിഷേധിക്കുന്നു. 

പണ്ടു് (1998 കാലത്താണെന്നു് തോന്നുന്നു), എഴുത്തുകാരുടെ ശ്രദ്ധേയത സംബന്ധിച്ച വിഷയം ഡോ. മഹേഷ് മംഗലാട്ടു് ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തെക്കുറിച്ചു് ആരോ പേജ് തുടങ്ങുകയും എന്നിട്ടു് അതു മായ്ക്കുകയും അതിനുശേഷം അദ്ദേഹത്തെക്കുറിച്ചു് പേജ് വരുത്താനായാണു് ഈ വാദമുന്നയിച്ചതെന്നു് പറഞ്ഞു് അപഹാസ്യനാക്കുകയും ചെയ്ത അനുഭവം മലയാളം വിക്കിപ്പീഡിയയുടെ ചരിത്രത്തില്‍ മായാതെ കിടപ്പുണ്ടു്. അതോടെ അദ്ദേഹം വിക്കി സംസര്‍ഗ്ഗം അവസാനിപ്പിച്ചതായാണു് തോന്നുന്നതു്. മലയാളം വിക്കിപ്പീഡിയ കുറെ charlatans അടക്കിവാണുകൊള്ളട്ടെ. അവിടെ നിശബ്ദം പണിയെടുക്കുന്ന കുറേ സുമനസ്സുകളെ മറന്നുകൊണ്ടല്ല, ഇതുപറയുന്നതു്. പക്ഷെ അവരുടെ പ്രയത്നങ്ങളെ വിലകുറയ്ക്കുന്ന തരം പകവീട്ടലുകളാണു് ചിലര്‍ നടത്തുന്നതു്. മലയാളം വിക്കിപ്പീഡിയയ്ക്കു് എല്ലാ ഭാവുകങ്ങളും.


സെബിന്‍