(Tail lines cut off. Please refer previous mails for topic details)


സർക്കാരിന്റെ വിദ്യാഭ്യാസവകുപ്പു് പൂർണ്ണമായി സഹകരിക്കുകയും ഏറ്റെടുക്കുകയുമാണെങ്കിൽ ഏറ്റവും നല്ലതു്. അങ്ങനെ വന്നാൽ,

1. പത്താം ക്ലാസ്സിലെ കമ്പ്യൂട്ടർ സയൻസ് വിഷയത്തിന്റെ ഭാഗമായി വരുന്ന 10% മാർക്ക് മാക്സിമം ലഭിയ്ക്കാവുന്ന ഒരു പ്രൊജക്റ്റ് ആയി [wiki@myschool - വിക്കി@എന്റെവിദ്യാലയം] ഓരോ വിദ്യാർത്ഥിയും (അല്ലെങ്കിൽ 10-15 പേർ അടങ്ങുന്ന ഒരു സംഘം) ഒരു ലേഖനം സമർപ്പിക്കണം എന്ന നിബന്ധന ആവാം.

2. തമിഴ്, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മലയാളം വിക്കിയ്ക്കു പകരം തമിഴ്/ ഇംഗ്ലീഷ്  വിക്കികൾ വേണോ എന്നു് ആലോചിക്കാം. അങ്ങനെയെങ്കിൽ അതെങ്ങനെ പ്രായോഗികമായി സമീകരിക്കാം എന്നും ആലോചിക്കേണ്ടി വരും. ആ കുട്ടികൾക്കും  മലയാളം വിക്കി തന്നെ വേണം എന്നു നിർബന്ധിക്കാൻ പറ്റില്ല എന്നു തോന്നുന്നു. അന്തർഭാഷാ വിക്കിലേഖങ്ങൾ തർജ്ജമ ചെയ്യുക എന്നത് പകരം വെക്കാവുന്ന ഒരു ആശയമാണു്.

3. ഓരോ വർഷവും ഒരു തീം ആവാം. ഉദാഹരണത്തിനു് ആദ്യവർഷം തദ്ദേശീയം. ഇതിൽ സ്വന്തം ഗ്രാമത്തിന്റെ  ഭൂമിശാസ്ത്രം, ചരിത്രം, റിസോർസസ്, സംസ്ഥാനതലത്തിലെങ്കിലും വാർത്താപ്രാധാന്യമുള്ള പ്രധാന വ്യക്തികൾ എന്നിവയൊക്കെ ആവാം. റിസോഴ്സസ് എന്നതിൽ ആ ഗ്രാമത്തിലെ കൃഷി, വ്യവസായം, ജീവിജാലങ്ങൾ, പ്രത്യേകസസ്യഇനങ്ങൾ,  സ്ഥാപനങ്ങൾ, ഭൂപടനിർമ്മാണം ഇങ്ങനെയൊക്കെ പടർന്നുപോവാം. ഒരേ ലേഖനത്തിന്റെ വ്യത്യസ്തഭാഗങ്ങൾ വിദ്യാർത്ഥികൾക്കു് പങ്കുവെച്ചെടുക്കാം.
അടുത്ത വർഷം നിലവിലുള്ള വിക്കിലേഖനങ്ങളുടെ ശുദ്ധീകരണം, വർഗ്ഗീകരണം എന്നിവയൊക്കെ പ്രൊജക്റ്റുകളായി പരിഗണിക്കാം. 
 
4. വിക്കിലേഖനങ്ങളുടെ ഘടനാപരമായ നിലവാരം, അവശ്യം വേണ്ട ചിത്രങ്ങൾ, ഭൂപടങ്ങൾ, മറ്റു ഡാറ്റ, വാചകങ്ങളിലെ അർത്ഥവ്യാകരണകൃത്യത, ലാളിത്യം, സമഗ്രത ഇവയ്ക്കെല്ലാം വെയ്റ്റേജ് നൽകുന്ന രീതിയിലാവാം ഇവാലുവേഷൻ.

5. ഇവാലുവേഷൻ നടത്താൻ വിദ്യാഭ്യാസവകുപ്പു തന്നെ നിശ്ചയിക്കുന്ന ഒരു സംഘം (ഇവർ അദ്ധ്യാപകരോ വിക്കിയിൽ പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത മറ്റു വളണ്ടിയർമാരോ ആവാം. പക്ഷേ ആയിരക്കണക്കിനു് ആളുകൾ വേണ്ടിവരുമെന്നതുകൊണ്ട് ഇതിനു് പ്രത്യേക മാനദണ്ഡങ്ങൾ വേണ്ടി വരും. ഉദാഹരണത്തിനു് ആദ്യലേയറിൽ അതാതു സ്കൂളിലെ അദ്ധ്യാപകർ തന്നെയാവാം. മൊത്തം ലേഖനങ്ങളിൽ ഫിൽട്ടർ ചെയ്തു് (ഉദാഹരണത്തിനു് പത്തിൽ 3നു കീഴെയോ 7നു മീതെയോ മാർക്കുകൾ കിട്ടുന്ന ലേഖനങ്ങൾ) ഒരു ന്യായമായ സാമ്പിൾ മറ്റു സ്കൂളുകളിലെ അദ്ധ്യാപകർ / മറ്റു വിക്കിവളണ്ടിയർമാർ പരിശോധിക്കട്ടെ.
വേണ്ടിവന്നാൽ കൂടുതൽ പരിചയസമ്പത്തുള്ള ഏതാനും വിക്കികാരന്മാർ / അദ്ധ്യാപകർ മറ്റു വിദ്യാലയങ്ങളിൽ ചെന്നു് ലഘുവായ ട്രെയിനിങ്ങ് നൽകാൻ തയ്യാറാവേണ്ടി വരും. അതല്ലെങ്കിൽ വിദ്യാഭ്യാസവകുപ്പിനുതന്നെ ജില്ലാ/സബ്ജില്ലാ തലങ്ങളിൽ അദ്ധ്യാപകർക്കുവേണ്ടി ശിൽ‌പ്പശാലകൾ നടത്താം.

ഇവാലുവേഷൻ എന്ന പ്രക്രിയ നിജപ്പെടുത്താൻ കൂടുതൽ വിശദമായ ചർച്ച വേണ്ടിവന്നേക്കും.

6. രണ്ടുമൂന്നുവർഷം മുൻപ് ഇതേ ആശയം മുന്നിൽ വെച്ചപ്പോൾ ഒരു നിയമവിദഗ്ദൻ  ചൂണ്ടിക്കാട്ടിയതു് വിക്കിപീഡിയയുടെ ഒരു നിബന്ധനയാണു്. വിക്കിയിലേക്കുള്ള സംഭാവനകൾ വളണ്ടറി ആവണം, മാൻഡേറ്ററി ആവരുതത്രേ. (കൃത്യമായും ഇങ്ങനെ ഉണ്ടോ എന്നു ഞാൻ സ്വയം വായിച്ചു ബോദ്ധ്യപ്പെട്ടിട്ടില്ല.) സ്കൂളിലെ കുട്ടികൾ പരീക്ഷയിൽ മാർക്കു ലഭിയ്ക്കാൻ നിർബന്ധമായും ലേഖനമെഴുതണം എന്നൊരു വ്യവസ്ഥ വെച്ചാൽ അതു് വിക്കിയുടെ നിയമാവലിയ്ക്കു് അനുസൃതമാവില്ലേ എന്നു് ആലോചിക്കേണ്ടി വരും.
അതുപോലെത്തന്നെ ഈ ലേഖനങ്ങളിൽ പിന്നീടു് തിരുത്തുകൾ വരുത്തുവാനുള്ള സ്വാതന്ത്ര്യം വിക്കിപീഡിയയ്ക്കു തന്നെ വേണം. ലേഖനങ്ങളുടെ പകർപ്പവകാശം സംബന്ധിച്ച് നിലവിലുള്ള നിയമങ്ങൾക്കു് ഭേദഗതികൾ എന്തെങ്കിലും വേണ്ടിവന്നാൽ അതു സർക്കാരുമായി മുൻപേ ചർച്ച ചെയ്തു് ഉറപ്പിക്കണം.


7. ഒരു സമയബന്ധിതപദ്ധതിയായിരിക്കണം ഓരോ വർഷത്തേയും വിക്കി‌@എന്റെ വിദ്യാലയം (wiki@myschool). സ്കൂൾ വർഷം തുടങ്ങുന്നസമയത്തുതന്നെ കുട്ടികൾക്കു് ഇതിൽ പ്രവർത്തിച്ചുതുടങ്ങാം. ഏപ്രിൽ മുതൽ ഡിസംബർ വരെ സമയം കൊടുക്കാം. ജൂലൈ തുടക്കത്തോടെ എഴുതാൻ പോകുന്ന ലേഖനം ഏതെന്നു് അതാതു സ്കൂൾ കുട്ടികൾക്കു് / അദ്ധ്യാപകർക്കു് ഉറപ്പിക്കാം. ഡിസംബർ 31-ലെ ലേഖനത്തിന്റെ അവസ്ഥ പരിശോധിച്ച് ജനുവരിയിൽ ആദ്യതലപരിശോധനയും ഫെബ്രുവരി മാർച്ചിൽ തുടർന്നുള്ള എവാലുവേഷനുകളും നടത്താം.

8. കക്ഷിരാഷ്ട്രീയം, മറ്റു സാമുദായിക-വിഭാഗീയരുചികൾ എന്നിവ ഇത്തരം ലേഖനങ്ങളിൽ അമിതമായി സ്വാധീനം ചെലുത്താതിരിക്കാൻ എന്തെങ്കിലും സംവിധാനം വേണം.

 
9. വിക്കിപീഡിയ പോലെത്തന്നെ ഒപ്പമോ തുടർന്നോ മറ്റു വിക്കികളിൽ ഇത്തരം പദ്ധതികൾ വ്യാപിപ്പിക്കാം.


10. വിജയകരമായി പദ്ധതി മുന്നോട്ട് നീങ്ങിയാൽ പിന്നീടു് വിദ്യാഭ്യാസവകുപ്പിനു് സ്വന്തമായി സ്ഥിരമായി ഒരു വിക്കി തന്നെ വികസിപ്പിച്ചെടുക്കാനുള്ള സാദ്ധ്യതകൾ ആലോചിക്കാവുന്നതാണു്.


ഇങ്ങനെയൊക്കെ വന്നാൽ മലയാളം വിക്കിയ്ക്കു് അഭൂതപൂർവ്വമായ വളർച്ചയും പ്രശസ്തിയും പ്രാമാണികതയും ഉണ്ടാവും എന്നതിനു തീരെ സംശയമില്ല.

ഗവണ്മെന്റിനും വിദ്യാഭ്യാസവകുപ്പിനും ഇത്തരം ഒരു പദ്ധതിയുമായി സഹകരിക്കാൻ പ്രശ്നങ്ങളുണ്ടെങ്കിൽ ഇത്രയും വ്യാപകമായി അല്ലെങ്കിലും മറ്റു വഴികൾ ആലോചിക്കാവുന്നതാണു്.  മാർക്കിനുള്ള ഒരു മാനദണ്ഡം എന്ന നിർബന്ധമില്ലാതെത്തന്നെ it@school പോലുള്ള സംരംഭങ്ങൾക്കു് ഏറ്റെടുക്കാനാവുമോ എന്നു നോക്കാം. അതല്ലെങ്കിൽ ലയൺസ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയ സംഘടനകളുടെ സഹകരണം ലഭ്യമാക്കാമോ എന്നാലോചിക്കാം. തെരഞ്ഞെടുത്ത 100 അല്ലെങ്കിൽ 1000 വിദ്യാലയങ്ങൾ ലക്ഷ്യമാക്കി ആദ്യവർഷം ഒരു മാർഗ്ഗദർശികാ പദ്ധതി ആയി നടത്താം.


ഇത്രയുമാണു് എനിക്കിപ്പോൾ തോന്നുന്നതു്.