മനോരമയില്‍ വന്ന ഒരു വാര്‍ത്ത വെച്ചാണല്ലോ ഈ ചര്‍ച്ച തുടങ്ങിയതു്. ആ വാര്‍ത്ത വസ്തുനിഷ്ഠമല്ല. അര്‍ദ്ധസത്യങ്ങളില്‍ മെനെഞ്ഞെടുത്ത ഊഹങ്ങളോ, കള്ള പ്രചരണമോ മാത്രമാണു്. ഉദാഹരണത്തിനു്, ഡികെഎഫ് എന്ന സംഘടനയില്ല. ഇനി ഡിഎകെഎഫി-നെ ആണു് ഉദ്ദേശിച്ചതെങ്കില്‍, അതും തെറ്റാണു്. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിക്കു് വേണ്ടി സൈബര്‍ പരിപാടികളും പ്രചരണവും നടത്തുവാന്‍ ഡിഎകെഎഫ് തീരുമാനിച്ചിട്ടില്ല.

ഇവിടുത്തെ ചര്‍ച്ചയുമായി ബന്ധപ്പെട്ടു് ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങള്‍ കൂടിയുണ്ടു്.

* 'നിഷ്പക്ഷത' വിക്കിപീഡിയയുടെ ഒരു നയമല്ല. പകരം സന്തുലിതമായ കാഴ്ചാപാടാണു് നയം. അതായതു് എല്ലാ പക്ഷങ്ങളേയും അതു് പ്രതിഫലിപ്പിക്കണം. എങ്കിലെ, സന്തുലിതമായ ഉള്ളടക്കമുണ്ടാകുള്ളു.
* നാനാത്വം നിറഞ്ഞൊരു ലേകത്തില്‍ വിക്കിപീഡിയ പോലൊരു സംരംഭത്തില്‍ തിരുത്തല്‍ യുദ്ധം സ്വാഭാവികമായും ഉണ്ടാകാവുന്നതാണു്. അവയെ അസഹിഷ്ണുതയോടെയല്ല, യാഥാര്‍ത്ഥ്യ ബോധത്തോടെയാണു് സമീപിക്കേണ്ടതു്.
* ഏതു പക്ഷക്കാര്‍ വിവരം ചേര്‍ത്താലും വിക്കിപീഡിയയുടെ നയത്തിനു് അനുസൃതമാണെങ്കിലെ അതവിടെ നിലനില്‍ക്കുള്ളു.
* 'നിഷ്പക്ഷരായ' വിക്കിപീഡിയരെ മാത്രമേ വേണ്ടു എന്നിവിടെ നമ്മള്‍ തീരുമാനിച്ചാല്‍ പോലും, അല്ലാത്തവരെ അതുകൊണ്ടുമാത്രം ഒഴിവാക്കാന്‍ വിക്കിപീഡിയ അനുവദിക്കുന്നില്ല.

പിന്നെ, അജയ് ഉദാഹരണങ്ങളിലൂടെ ചൂണ്ടിക്കാണിച്ചപോലെ, 'നിഷ്പക്ഷത' എന്നതു് ആപേക്ഷികമാണു്. 'നിഷ്പക്ഷര്‍' എന്നു് സ്വയം നടിക്കുന്നവര്‍, ഒരു പക്ഷത്തിന്റെ മറ്റൊരു മറുപക്ഷം മാത്രമാണു്. രാഷ്ട്രീയത്തില്‍ മാത്രമല്ല, ഏതു മേഖലയിലായാലും, രണ്ടുപക്ഷങ്ങള്‍ മാത്രമല്ല, പല പക്ഷങ്ങളാണുള്ളതു്. 'നിഷ്പക്ഷര്‍' ആ പല പക്ഷങ്ങളിലൊന്നു് മാത്രമാണു്.

കൂടാതെ, ശിവഹരി ചൂണ്ടിക്കാണിച്ചപോലെ, വിക്കിപീഡിയക്കു് വേണ്ടി മാത്രമായി നമ്മുടെ പക്ഷമൊന്നു് മാറ്റിപിടിക്കാം എന്നു്വെച്ചാല്‍, അതു് ആത്മാര്‍ത്ഥയില്ലാത്ത ഒരു സമീപനം മാത്രമായിരിക്കും.

'നിഷ്പക്ഷര്‍' എന്നു് സ്വയം വിശേഷിപ്പിച്ചു്, നന്മയുടെ തേനീച്ചകള്‍ തങ്ങള്‍ മാത്രമാണെന്നും, അതല്ലാത്തവരെല്ലാം തിന്മയുടെ വിഷയീച്ചകളാണെന്നുമുള്ള സമീപനം ഏതുതരം 'നിഷ്പക്ഷത'യാണു് വെളിപ്പെടുത്തുന്നതെന്നു് മനസ്സിലായില്ല.

- അനില്‍