ഇവിടെ ശ്രദ്ധേയമായ സംഗതി കുഴൂര്‍ വിത്സണ് എന്ന കവിയുടെ ലേഖനം നീക്കിയതു സംബന്ധമായി രോഷം പൂണ്ട് സെബിന് എബ്രഹാം എഴുതിയ പോസ്റ്റിന് യാതൊരു അടിസ്ഥാനവുമില്ലായിരുന്നു എന്നതാണ്.
അത്തരമൊരു പോസ്റ്റിടുന്നതിനുമുന്‍പ് വിക്കിപീഡിയനും സ്വതന്ത്രസോഫ്റ്റ്വെയര് പ്രവര്‍ത്തകനുമായ സെബിന് ഏതെങ്കിലും സജീവ വിക്കിപീഡിയരുമായി അതു സംബന്ധമായി വ്യക്തിപരമായി വിശദീകരണം തേടുകയോ, ഈ മെയിലിംഗ് ലിസ്റ്റില്‍ തന്നെ വിശദീകരണം ആവശ്യപ്പെടുകയോ, അല്ലെങ്കില്‍ വിക്കിപഞ്ചായത്തില്‍ തന്നെ കാര്യം തിരക്കുകയോ ചെയ്യാമായിരുന്നു. ഇവയൊന്നും സെബിന് അന്യമല്ല.
കുഴൂര്‍ വിത്സണന്റെ താളില്‍ സംഭവിച്ചതിങ്ങനെ: കുഴൂര്‍ വിത്സണ് ഈ താള് തുടങ്ങുന്നതിനുമുന്പ് തന്നെ വിക്കിയൂസര്‍ ആയിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള താള് 2007 ല്‍ ആരംഭിക്കുമ്പോള്‍, അദ്ദേഹം വിക്കിപീഡിയയുടെ എഴുത്തുകാര്‍ക്കുള്ള
ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്ന ഒരെഴുത്തുകാരനേ അല്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെക്കുറിച്ചുള്ള വിക്കിലേഖനം ആരംഭിക്കുന്നതിന് കഴിയുമായിരുന്നില്ല. എന്നാല്‍ അത്തരമൊരു ലേഖനം അക്കാലത്ത് ഒരു ഐ.പി. വന്ന് വിക്കിയില്‍ ആരംഭിക്കുകയുണ്ടായി.
കുഴൂരിനെക്കുറിച്ച് വ്യക്തിപരമായ വിശദാംശങ്ങളോടുകൂടി, ആ വിശദാംശങ്ങള്ക്കടിസ്ഥാനമായ റഫറന്‍സൊന്നും നല്‍കാതെ, ആരംഭിച്ച ആ ലേഖനം കുഴൂര്‍ തന്നെ എഴുതിയതാണെന്ന് അനുമാനിക്കുവാന്‍ അന്ന് സജീവ വിക്കിപീഡിയനും അഡ്മിനുമായിരുന്ന സമിനസ്രേത്തിന് സവിശേഷ ബുദ്ധിയൊന്നും പ്രയോഗിക്കേണ്ടവന്നില്ല. സിമി ആ ലേഖനത്തില്‍ ശ്രദ്ധേയതാ അവലംബം ചേര്‍ത്തു, ലേഖനം സെല്‍ഫ് പ്രമോഷന് - ആത്മകഥ - ആണെന്ന് അഭിപ്രായപ്പെട്ട് സംവാദവും തുടങ്ങി. അത്തരത്തില്‍ ആ ലേഖനം ഒഴിവാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ 2010 വരെ മുന്നോട്ടുപോയി.
ഇക്കാലയളവിലൊന്നും കുഴുര്‍ വിത്സണെക്കുറിച്ചുള്ള താള് നിലനിര്‍ത്തുന്നതിനാവശ്യമായ ശ്രദ്ധേയതാ മാനദണ്ഡങ്ങളൊന്നും മുന്നോട്ട് വെയ്കവാന് ആ ലേഖനത്തില്‍ ഇടപെട്ട ആര്‍ക്കും കഴിഞ്ഞില്ല. അത് ഇന്നും ലഭ്യമല്ല. കാരണം എഴുത്തുകാരെ സംബന്ധിക്കുന്ന നിലവിലുള്ള ശ്രദ്ധേയതാ മാനദണ്ഡങ്ങള്‍ ഇപ്പോഴും കുഴുര്‍ വിത്സണ് എന്ന വിഷയത്തിന് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം (തീര്‍ച്ചയായും വളരെ കര്‍ശനവും അസംബന്ധമെന്ന് വ്യക്തിപരമായി എനിക്ക് നിലപാടുള്ളതുമായ ആ മാനദണ്ഡങ്ങള്‍ പുനപ്പരിശോധിക്കേണ്ടതു തന്നെയാണ്)
ഇത്തരത്തില്‍ ഒഴിവാക്കല്‍ ഫലകവും പേറി കിടന്ന ലേഖനത്തില്‍ തൃപ്തികരമായ വിശദീകരണങ്ങള്‍ ആരും ചേര്‍ത്തിട്ടില്ല എന്ന് കണ്ട കിരണ്‍ ഗോപി എന്ന അഡ്മിന് 2010 -ല്‍ ആ ലേഖനം നീക്കം ചെയ്തു. ആ പ്രവര്‍ത്തി അദ്ദേഹം ചെയ്തത് ഒരിക്കലും അദ്ദേഹത്തിന്റെ വ്യക്തിപരമായ കപ്പാസിറ്റിയിലായിരുന്നില്ല. വിക്കിപീഡിയ സമൂഹം ചര്‍ച്ച ചെയ്തു വികസിപ്പിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ച്, അത് പാലിക്കാത്ത ലേഖനം ചര്‍ച്ചകളുടെ ഒടുവില്‍ അദ്ദേഹം നീക്കം ചെയ്യുകയായിരുന്നു.