സെബിൻ എഴുതിയിരിക്കുന്നതിൽ പല കാര്യങ്ങളും ശരിയായി വസ്തുതകളെ മനസ്സിലാക്കാതെയോ അല്ലെങ്കിൽ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടവയോ ആണു് എന്നു പറയാതെ നിർവ്വാഹമില്ല.

1. ULS - ഇന്റർവിക്കി സമന്വയം.

ULS, വിക്കിഡാറ്റ, വിഷ്വൽ എഡിറ്റർ തുടങ്ങി അടിസ്ഥാനപരമായി വ്യത്യസ്തവും പരസ്പരം സ്വതന്ത്രവുമായ പല പുതിയ പദ്ധതികളും വിക്കിമീഡിയ നടപ്പിൽ വരുത്തുന്നുണ്ടു്. ഇവയിൽ ഇന്റർവിക്കി/സെമാന്റിൿ സമന്വയം നടക്കാൻ പോകുന്നതിനു് പ്രഥമമായും ULS അല്ല മാർഗ്ഗം. വിക്കിഡാറ്റയാണു് ആ ലക്ഷ്യം മുൻനിർത്തി ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതു്.

2. മീര എന്ന ഫോണ്ടിന്റെ ഏറ്റവും "ഔദ്യോഗികമായ" വേർഷനു തന്നെ ഈ "വലിപ്പക്കുറവിന്റെ" പ്രശ്നമുണ്ടു്. വിക്കിയുടെ ലേ-ഔട്ടും മീരയുടെ അടിസ്ഥാന ഡിസൈൻ ഡൈമെൻഷനുകളും തമ്മിലുള്ള പൊരുത്തക്കേടിന്റെ പ്രശ്നമാണു് ഇതു്. അല്ലാതെ, 'ജുനൈദിന്റെ ഫോർക്ക്' എന്നൊരു വേർഷനോ അതു രൂപം കൊണ്ട പ്രാഗ്രൂപങ്ങളോ അല്ല ഉത്തരവാദി. (ഇതു ഞാൻ തന്നെ സ്വന്തം സ്ക്രീനിൽ ഇതിനകം പല വട്ടം പരീക്ഷിച്ചു് ഇപ്പോൾ ബോദ്ധ്യപ്പെട്ടിട്ടുണ്ടു്.)

3. ഏതെങ്കിലും ഒരു ഫോണ്ട് മറ്റേതിനേക്കാൾ നല്ലതാണെന്നു് ദാതാക്കൾ തീരുമാനിക്കുന്നതു് POV ആണു്. അച്ചടിച്ചുകാണുമ്പോൾ മീരയായിരിക്കാം കൂടുതൽ നന്നായി "ഏതെങ്കിലും ഒരാൾക്കു്" തോന്നുന്നുണ്ടാവുക. പക്ഷേ, മറ്റൊരാളെ സംബന്ധിച്ചിടത്തോളം സ്ക്രീനിൽ അഞ്ജലിയായിരിക്കാം കൂടുതൽ സ്വീകാര്യം. മീരയ്ക്കുപകരം അഞ്ജലി തന്നെ ഡിഫോൾട്ട് ആയി വേണം എന്ന് ആരെങ്കിലും വാശിപിടിച്ചാലും POV തന്നെയാണു്.

4. പഴയ ഉപയോക്താക്കളെയല്ല ULS-ന്റെ സൗകര്യങ്ങളും അസൗകര്യങ്ങളും ബാധിക്കാൻ പോവുന്നതു്. പകരം പഴയ ഓപ്പറേറ്റിങ്ങ് സിസ്റ്റമുകൾ ഉള്ള പുതിയ വിക്കിഉപയോക്താക്കളെയും ലോഗിൻ ചെയ്യാൻ ഇഷ്ടമില്ലാത്ത, അല്ലെങ്കിൽ ലോഗിൻ ചെയ്യാതെത്തന്നെ വിക്കിപീഡിയ ഉപയോഗിക്കാൻ കഴിയുന്ന മൗലികമായ സ്വാതന്ത്ര്യം  പ്രയോഗിക്കാനാഗ്രഹിക്കുന്നവരെയാണു്. . അവരുടെ നിലയിൽനിന്നു ചിന്തിച്ചുകൊണ്ടുതന്നെയാണു് ULS- ന്റെ ഇപ്പോഴത്തെ ക്രമങ്ങൾ ആശയക്കുഴപ്പം നിറഞ്ഞതും അപ്രായോഗികവുമാണെന്നു ഞാൻ അഭിപ്രായപ്പെടുന്നതു്. ഇപ്പോഴത്തെ നിലയിൽ തന്നെ വളരെ ചെറിയ ഭേദഗതികളോടെ ULS-ലെ ഇത്തരം പല പ്രശ്നങ്ങളും പരിഹരിക്കാവുന്നതേയുള്ളൂ.

5. അത്തരം ഉപയോക്താക്കളുടെ പ്രശ്നങ്ങൾക്കുപരി ഈ തർക്കത്തിൽ വേറെ എന്തെങ്കിലും രാഷ്ട്രീയമോ വ്യക്തിപൂജയോ വ്യക്തിഹത്യയോ ഇവിടെ ആരെങ്കിലും നടത്തുന്നു എന്നു തോന്നുന്നില്ല (വിഷയത്തിനുപുറത്തേക്കു ചർച്ച നീണ്ടുപോകുന്ന ചുരുക്കം ചിലരുടെ അപ്രസക്തമായ ആരോപണങ്ങളൊഴികെ.).

6. വിക്കിപീഡിയയിൽ പ്രവർത്തിക്കുന്ന പുതുതും പഴയതുമായ ഒരു നല്ല ഭൂരിപക്ഷത്തിനു് അതിന്റെ സാങ്കേതികതയിലോ ഡെവലപ്മെന്റിലോ ബഗ്ഗുകളിലോ താല്പര്യമോ അവഗാഹമോ ഇല്ല. തങ്ങൾക്കു നേരിട്ട് അനുഭവവേദ്യമാവുന്ന പ്രശ്നങ്ങളെപ്പറ്റി, അവ തങ്ങൾക്കുമുമ്പിൽ പ്രത്യക്ഷമാവുമ്പോൾ മാത്രമാണു് അവർക്കതു തിരിച്ചറിയാൻ കഴിയുക. അതിനാൽ, മറ്റു കമ്പ്യൂട്ടിങ്ങ് സംഘങ്ങളെപ്പോലെ, ബഗ് ഫയൽ ചെയ്യുക, ട്രയലിൽ പങ്കുചേരുക തുടങ്ങിയ പ്രോ-ആക്ടീവും പ്രീ-എംപ്റ്റീവുമായ കാര്യങ്ങൾ വിക്കിപീഡിയ ഉപയോക്താക്കളുടെ കാര്യത്തിൽ പ്രതീക്ഷിക്കാനാവില്ല.

7. സന്തോഷ് തോട്ടിങ്ങൽ, ജുനൈദ് തുടങ്ങിയവരും അവരുടെ അദ്ധ്വാനഫലങ്ങളും വിക്കിമീഡിയയിലും മറ്റു കമ്പ്യൂട്ടിങ്ങ് രംഗങ്ങളിലും ആഗോളതലത്തിൽ തന്നെ മികച്ച സംദാതാക്കളായി വരുന്നതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നവരാണു് ഇവിടെയുള്ളവരിൽ ഭൂരിപക്ഷമെങ്കിലും. (എനിക്കെങ്കിലും അതങ്ങനെത്തന്നെയാണു്. ULS പദ്ധതിയിൽ അവരുടെ ഉൾപ്പെടലോ അഭാവമോ പ്രത്യേകിച്ചെന്തെങ്കിലും മുൻവിധികൾ ഉണ്ടാക്കുന്നില്ല. നേരേ മറിച്ച്, അക്കാരണം കൊണ്ടുതന്നെ, നാരായം പോലെത്തന്നെയോ അതിലുമേറെ മികച്ചോ ULS  നിലവിൽ വരണമെന്നുതന്നെയാണു് എന്റെ ആഗ്രഹം.)

ഇത്രയും മുകളിൽ എഴുതിച്ചേർത്തിരിക്കുന്നതു് ഏതെങ്കിലും പക്ഷം ചേരുന്നതിനോ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിനോ അല്ല. മുകളിൽ അനിൽ എഴുതിയിരിക്കുന്നതുപോലെത്തന്നെ, കാര്യങ്ങൾ അത്ര സങ്കീർണ്ണമൊന്നുമല്ല. ചർച്ചയിലൂടെ അങ്ങനെയാക്കുകയാണു്.

P.S.  വിക്കിപീഡിയയിൽ ദീർഘകാലം പ്രവർത്തിച്ചു എന്ന കുറ്റം കൊണ്ടു മാത്രം ആരെയെങ്കിലും വ്യക്തിപരമായി (അല്ലെങ്കിൽ അതുപോലുള്ള ആളുകളെ കൂട്ടമായി)  അധിക്ഷേപിക്കാതിരിക്കാൻ സെബിൻ ദയവു ചെയ്തു ശ്രദ്ധിക്കുക.  ഗോഡ് ഫാദറിസമൊന്നും മലയാളം വിക്കിപീഡിയയിൽ ഇതുവരെ ഇവരിൽ ആരും പ്രകടിപ്പിച്ചുകണ്ടിട്ടില്ല. ശരിയല്ലാത്ത അത്തരമൊരു   ആരോപണം അവതരിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും ഈ നല്ല അക്ഷരവിപ്ലവത്തിന്റെ ആരോഗ്യത്തേയും സാദ്ധ്യതകളെത്തന്നെയും നശിപ്പിച്ചുകളയുമെന്നു ദയവായി ഓർക്കുക.