http://mathrubhumi.com/online/malayalam/news/story/2045095/2013-01-07/world

നടന്നിട്ടില്ലാത്ത യുദ്ധത്തിന്റെ ചരിത്രം കൊടുത്ത് 'വിക്കിപീഡിയ' വീണ്ടും വിഡ്ഢിയായി. ഇക്കാര്യം തിരിച്ചറിഞ്ഞ അധികൃതര്‍ ഉടന്‍ ലേഖനം നീക്കംചെയ്തു. പക്ഷേ, തെറ്റായ വിവരമാണ് കൊടുത്തതെന്നറിയാന്‍ അഞ്ചുവര്‍ഷമെടുത്തെന്നുമാത്രം.പോര്‍ച്ചുഗലും ഇന്ത്യയിലെ മറാഠസാമ്രാജ്യവുംതമ്മില്‍ പതിനേഴാം നൂറ്റാണ്ടില്‍ നടന്നതായി പറയുന്ന യുദ്ധത്തെക്കുറിച്ചുള്ള ലേഖനമാണ് 'വിക്കിപീഡിയ'യില്‍ ഇടംപിടിച്ചത്. 'ബിചോലിം യുദ്ധം' എന്ന തലക്കെട്ടിലാണ് ഇത് നല്‍കിയിരുന്നത്. 17-ാം നൂറ്റാണ്ടില്‍ നടന്ന യുദ്ധമെന്ന് രേഖപ്പെടുത്തി നല്‍കിയ വിവരണങ്ങള്‍ മുഴുവന്‍ കെട്ടിച്ചമച്ചതായിരുന്നു. വിവരങ്ങളുടെ ഉറവിടങ്ങളായി ചേര്‍ത്ത ഗ്രന്ഥങ്ങള്‍ നിലവിലില്ലാത്തതും. അജ്ഞാതനായ വിക്കിപീഡിയ ഉപയോക്താവാണ് 4500 വാക്കുള്ള ഈ ലേഖനം തയ്യാറാക്കിയത്. മറ്റൊരു വിക്കിപീഡിയ ഉപയോക്താവാണ് തെറ്റു കണ്ടെത്തി അധികൃതരെ അറിയിച്ചത്.ആര്‍ക്കും ഏതുവിഷയത്തെക്കുറിച്ചും വിവരങ്ങള്‍ രേഖപ്പെടുത്താവുന്നതും എഡിറ്റുചെയ്യാവുന്നതുമായ ജനകീയ വിജ്ഞാനകോശമാണ് 'വിക്കിപീഡിയ'. ഇത്തരത്തില്‍ എഴുതപ്പെടുന്ന കാര്യങ്ങളുടെ ആധികാരികത പരിശോധിക്കാറുണ്ടെന്നാണ് നടത്തിപ്പുകാര്‍ അവകാശപ്പെടുന്നത്. വിക്കിപീഡിയ ഏറെക്കുറെ ആധികാരികമാണെന്ന് പല പഠനങ്ങളും സ്ഥിരീകരിച്ചിട്ടുമുണ്ട്. 'ബിചോലിം യുദ്ധ'ത്തെപ്പറ്റിയുള്ള ലേഖനം 2007 ജൂലായിലാണ് വന്നത്. രണ്ടുമാസത്തിനു ശേഷം 'നല്ല ലേഖന'മെന്ന് വിക്കിപീഡിയ എഡിറ്റര്‍മാര്‍ ഇതിന് വിശേഷണവും നല്‍കി. മികച്ച ഗവേഷണത്തിനുള്ള വിക്കിപീഡിയയുടെ ഗോള്‍ഡ് സ്റ്റാറിനായി ഇത് നാമനിര്‍ദേശം ചെയ്യപ്പെടുകയുമുണ്ടായി. 1640 മുതല്‍ '41 വരെയാണ് 'ബിചോലിം യുദ്ധ'കാലമായി പറയുന്നത്. ഗോവയെ സ്വതന്ത്രരാജ്യമാക്കാമെന്ന സമാധാനക്കരാറോടെയാണ് ഇതിന് അന്ത്യമായതത്രെ. യുദ്ധം കൂടുതലായും നടന്ന പ്രദേശത്തിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്; എന്നിങ്ങനെയാണ് വിവരണം. വളരെ ചുരുങ്ങിയ കാലംമാത്രം നടന്നതിനാലാണ് ഇതേപ്പറ്റി പുസ്തകങ്ങളിലോ സിനിമകളിലോ പരാമര്‍ശിക്കപ്പെടാത്തത് എന്നും ലേഖകന്‍ പറഞ്ഞുവെച്ചു. 'വിവരശേഖരണ'ത്തിന് ആശ്രയിച്ച 17 ഉറവിടങ്ങളുടെ പട്ടികയും ചേര്‍ത്തു.മിസൗറി സ്വദേശിയായ വിക്കിപീഡിയ ഉപയോക്താവാണ് ഈ ലേഖനം വ്യാജമെന്ന് കണ്ടെത്തിയത്. ഉറവിടങ്ങളായി നല്‍കിയിരിക്കുന്ന പേരുകളില്‍ ക്ലിക്കുചെയ്യുമ്പോഴെത്തുന്നത് 'ബിചോലിം യുദ്ധം' എന്ന ലേഖനത്തില്‍ത്തന്നെയാണെന്ന് ഇയാള്‍ കണ്ടെത്തി. വിവരം വിക്കിപീഡിയയെ അറിയിച്ചു. തുടര്‍ന്നാണ് ലേഖനം നീക്കംചെയ്തത്.വിക്കിപീഡിയയില്‍ വ്യാജന്മാര്‍ നുഴഞ്ഞുകയറുന്നത് ആദ്യമല്ലെന്നാണ് വിക്കിപീഡിയയുടെ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ബ്യൂട്‌ലര്‍ വികി റിലേഷന്‍സിന്റെ പ്രസിഡന്റ് വില്യം ബ്യൂട്‌ലര്‍ പ്രതികരിച്ചത്. ഇത്തരക്കാര്‍ അതിവിദഗ്ധരായതിനാല്‍, പിടികൂടാനും പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു