വിക്കി സംരംഭങ്ങളിലേക്ക് സ്വതന്ത്രചിത്രങ്ങൾ ചേർക്കുന്ന ആഘോഷമായ മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു എന്ന വിക്കിപദ്ധതി വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. 2011 ഏപ്രിൽ 2നു തുടങ്ങിയ പദ്ധതി ഏപ്രിൽ 25നു് അവസാനിച്ചപ്പോൾ 24 ദിവസം കൊണ്ട് 2157 സ്വതന്ത്രചിത്രങ്ങൾ ആണു് നമ്മൾ മലയാളികൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്തത്. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ഉള്ള മലയാളികൾ ഈ ആഘോഷത്തിന്റെ ഭാഗമായി എന്നത് എടുത്ത് പറയേണ്ടതാണൂ്. അപ്‌ലോഡ് ചെയ്ത പ്രമാണങ്ങൾ ഒക്കെ ഇവിടെ കാണാം.

ലോക വിക്കിസമൂഹങ്ങൾക്ക് (പ്രത്യേകിച്ച് ഇന്ത്യയിലെ മറ്റ് ഭാഷാവിക്കി സമൂഹങ്ങൾക്ക്) മാതൃകയായി തീർന്ന ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാ വിക്കിസ്നേഹികൾക്കും അഭിനന്ദനങ്ങൾ.  വിക്കിയെ സ്നേഹിക്കുന്നു എങ്കിലും ലേഖനം എഴുതാനുള്ള താല്പര്യം ഇല്ലാത്തത് മൂലം വിക്കി പ്രവർത്തനത്തിൽ നിന്ന് മാറി നിന്നിരുന്ന നിരവധി പേർ ഈ പദ്ധതിയിലൂടെ സ്വതന്ത്രവിജ്ഞാനം പരിപോഷിപ്പിക്കുന്നതിൽ പങ്കാളികളായി.

ഓരോരുത്തരും അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം, രാജ്യം തിരിച്ചുള്ള ചിത്രങ്ങളുടെ എണ്ണം തുടങ്ങിയവയുടെ ഒക്കെ കണക്കെടുക്കാൻ താമസിക്കും. അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ വർഗ്ഗീകരിക്കുക,  വൃത്തിയാക്കുക (ഉദാ: ലൈസൻസ് പ്രശ്നങ്ങൾ പരിഹരിക്കുക, വൈജ്ഞാനിക സ്വഭാവമില്ലാത്തവ ഒഴിവാക്കുക), ചിത്രങ്ങൾ തക്കതായ ലേഖനങ്ങളിൽ ചെർക്കുക തുടങ്ങിയ പണികൾ ഒക്കെ ബാക്കിയാണു്. ഇതിലൊക്കെ സഹായിക്കാൻ താല്പര്യം ഉള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നു. താല്പര്യമുള്ളവർ ഈ താളിൽ ഒപ്പ് വെക്കുക.

ഈ പദ്ധതി കഴിഞ്ഞു എന്നത് കൊണ്ട് കോമൺസിലേക്കുള്ള അപ്‌ലോഡിങ്ങ് ആരും ദയവായി നിറുത്തരുത്. ഇതേ പോലുള്ള പദ്ധതികൾ ഇല്ലെങ്കിൽ പോലും വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ കോമൺസിലേക്ക് നിരന്തരം അപ്‌ലോഡ് ചെയ്യപ്പെടേണ്ടതാണു്. ഈ പദ്ധതി വമ്പൻ വിജയം ആയതിനാൽ പ്രത്യേക വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങൾ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യാൻ ഉള്ള പദ്ധതികൾ നമുക്ക് ഭാവിയിൽ ആലോചിക്കാം എന്ന് തോന്നുന്നു.

ഷിജു