വിശ്വപ്രഭ എന്ന പേരിനും അതിനു പിന്നിൽ നിൽക്കുന്ന പ്രതിഭക്കും വലിയൊരു അർത്ഥപ്രഭാവമുണ്ടെന്ന വസ്തുത പൊതുവേദികളിൽ വിസ്മരിക്കാൻ പാടില്ലാത്ത സംഗതിയാണ്. ആര്? എന്നതന് വ്യക്തി വൈശിഷ്ടത്തിൽ അന്തർലീനമായിരിക്കുന്ന  സവിശേഷതകൾക്ക് വലിയ പ്രസക്തിയുണ്ട്. വ്യക്തി ആരാണ് എന്താണ് എന്നൊന്നും വിക്കിപീഡികയിൽ അന്വേഷണമില്ല. വിക്കിപീഡികയുടെ നയം തന്നെ അതായിരിക്കാം. വിക്കിപീഡികയുടെ നിലനില്പുതന്നെ വിജ്ഞാനം ആരുടെയും പൊതുസ്വത്തല്ല എന്ന തത്ത്വത്തിൽ അധിഷ്ടിതമായിട്ടാണല്ലോ. ഇതെല്ലാം ശരിതന്നെ. തെറ്റൊന്നുമില്ല. പക്ഷെ ഇന്നലെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ, സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ നടന്ന വിക്കിപഠനശിബിരത്തിൽ, വിശ്വപ്രഭയുടെ പ്രൗഢഗംഭീരമായ പ്രസംഗത്തിന്റെ രസച്ചരടുപ്പൊട്ടിപ്പോയ ഒരു കല്ലുകടിയുണ്ടായി. അത് വിശ്വപ്രഭ എന്ന വ്യക്തിയെ സദസ്സിനു പരിചയപെടുത്താതെ വന്നതതുകൊണ്ടുണ്ടായ പാളിച്ചയായിരുന്നു. ശ്രീ വിശ്വനാഥൻ തന്നെ അദ്ദേഹത്തെ സ്വയം പരിചയപ്പെടുത്തേണ്ട ഗതികേടുവന്നു! ഇതിൽ ഏറെ രസകരമായ സംഗതി വിശ്വപ്രഭ എന്ന പ്രതിഭാസത്തെ അവിടെ കൂടിയിരുന്ന ഏറെക്കുറെ എല്ലാവർക്കും അറിയാമായിരുന്നു. വിശ്വപ്രഭ എന്ന വ്യക്തിയെ ആദ്യമായിട്ടാണ് അവർ അരങ്ങത്ത് കാണുന്നത്. അണിയറയിൽ പ്രവർത്തിക്കുന്ന പ്രശസ്തരെ അരങ്ങത്തു പ്രതിഷ്ടിക്കുമ്പോൾ ഒരു പരിചയപ്പെടുത്തൽ അത്യാവശ്യമാണ്. അത് വിക്കിപീഡികയുടെ നയങ്ങൾക്ക് ഒരിക്കലും എതിരാവില്ല. അഞ്ജലിയുടെ കെവിനെ അറിയാത്തവർ മലയാളം കംബ്യൂട്ടിങ്ങ രംഗത്ത് ആരെങ്കിലും ഉണ്ടാവുമോ? പക്ഷെ ഇതാണ് കെവിൻ എന്നു തിരിച്ചറിയുന്നവർ എത്രപേർ ഉണ്ടായിരിക്കും? വിശ്വപ്രഭയെ പ്രസംഗം തുടങ്ങുന്നതിനു മുമ്പ് പൊതുവേദിക്കു പരിചയപ്പെടുത്തി കല്ലുകടി ഒഴിവാക്കാമായീരുന്നു.

ശ്രീമാൻ രാജ്മോഹനും കണ്ണൻ ഷണ്മുഖത്തിനും കിരൺ ഗോപിക്കും മനോജ് കണ്ണനും പ്രണാമം. കുറഞ്ഞ സമയത്തിനുള്ളിൽ വിക്കി എന്ന മഹാപ്രസ്ഥാനത്തെ അളക്കാൻ ശ്രമിച്ചതിനു സംഘാടകർക്കെല്ലാം നന്ദി.