ബി നിലവറ തുറക്കരുത് എന്നു പലവട്ടം പറഞ്ഞുനോക്കി. തുറന്നാൽ ഞങ്ങളുടെ ഭക്തന്മാർ ഇളകും എന്നുവരെ പറഞ്ഞു. ദേവപ്രശ്നം നടത്തി നോക്കി. "ബി നിലവറ തുറന്നാല്‍ തുറക്കുന്നവരുടെ വംശം നശിക്കും. തു­റ­ക്കു­ക­യോ തു­റ­ക്കാന്‍ ശ്ര­മി­ക്കു­ക­യോ ചെ­യ്യു­ന്ന­വ­രു­ടെ കു­ടും­ബാം­ഗ­ങ്ങള്‍ വി­ഷ­ബാ­ധ­യേ­റ്റ് മരി­ക്കും." എന്നാണ് ദൈവം അരുൾച്ചെയ്തത്. പക്ഷേ എന്തു ചെയ്യാം, ആരും പേടിച്ച മട്ടില്ല. ദേവപ്രശ്നം നടത്തിയതിന് കോടതിയുടെ ചീത്ത ആവശ്യത്തിന് കേട്ടതു മാത്രം മിച്ചം. ഇപ്പോൾ തുറക്കണ്ട എന്നു കോടതി പറഞ്ഞെങ്കിലും ഭാവിയിൽ തുറന്നുകൂടായ്കയില്ല. ഇനിയിപ്പോ എന്താ ചെയ്യുക? എന്തു പറഞ്ഞാലാണ് ഇവന്മാർ ഒന്നു പേടിക്കുക?

ങാ ഒരു വഴിയുണ്ട്! ബി നിലവറയിൽ ചോരകുടിക്കുന്ന ഫയങ്കര യക്ഷിയുണ്ടെന്നങ്ങു പ്രചരിപ്പിച്ചുകളയാം. യക്ഷിയ്ക്കാവുമ്പോൾ നല്ല പോപ്പുലാരിറ്റിയുണ്ട്. നമ്മുടെ ഏഷ്യാനെറ്റും സൂര്യയുമൊക്കെ യക്ഷിയ്ക്ക് വേണ്ടത്ര പബ്ലിസിറ്റി കൊടുക്കുന്നുണ്ട്. ആൾക്കാർ പേടിച്ചോളും. പക്ഷേ എങ്ങനെയാണ് ഇതൊന്നു പ്രചരിപ്പിക്കുക? പത്രത്തിൽ വാർത്ത കൊടുത്താലോ? അല്ലെങ്കിൽ വേണ്ട, പത്രവാർത്തയ്ക്ക് ഒന്നോ രണ്ടോ ദിവസത്തെ ആയുസേ ഉള്ളൂ. പിന്നെയെന്തു ചെയ്യും? "ബി നിലവറയിലെ യക്ഷി" എന്ന പേരിൽ ഒരു പുസ്തകം ഇറക്കിയാലോ? ഹേയ്, അതു ശരിയാവില്ല. അല്ലെങ്കിൽത്തന്നെ ആരാണ് ഈ ഇന്റർനെറ്റ് യുഗത്തിൽ കടയിൽപ്പോയി അത്തരം പുസ്തകങ്ങളൊക്കെ വാങ്ങി വായിക്കുന്നത്? ഉം, ഐഡിയാ.. വിക്കിപീഡിയയിൽ എഴുതിക്കളയാം. അതാകുമ്പോൾ സ്ഥിരമായി അവിടെത്തന്നെ ഉണ്ടാകും. ദാ ഇങ്ങനെ:

"...ഇപ്പോൾ ഈ ക്ഷേത്രം നിലവിലില്ല. തെക്കേടം നരസിംഹമൂർത്തിക്ക് കീഴടങ്ങിയ ശേഷം ഇപ്പോൾ ഈ യക്ഷി പത്മനാഭസ്വാമിക്ഷേത്രത്തിലെ ബി കല്ലറയിൽ നിവസിക്കുന്നു എന്നു വിശ്വസിക്കുന്നു. ക്ഷേത്രത്തിലെ തെക്ക് പടിഞ്ഞാറൻ ഭിത്തികളിൽ യക്ഷിരൂപം വരച്ചു വച്ചിരിക്കുന്നത് ഇതു മൂലമാണെന്ന് കരുതുന്നു."

(കാഞ്ഞിരോട്ട് യക്ഷി എന്ന ലേഖനത്തിൽ നിന്ന്.)