പ്രിയസുഹൃത്തുക്കളേ ,

ഒരു സന്തോഷവാര്‍ത്തയുണ്ട് .
ഞങ്ങള്‍ ചില സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകര്‍ അടുത്തകാലത്തായി SCERT യെ പുതിയ കേരള പാഠപുസ്തകങ്ങള്‍ യൂണിക്കോഡ് അധിഷ്ഠിതമായി തയ്യാറാക്കാന്‍ സഹായിച്ചിരുന്നു .

ഇതിന്റെ അല്പം പശ്ചാത്തലം ചേര്‍ക്കുന്നു

ഇന്ന് പാഠപുസ്തകങ്ങളുടെ അച്ചടി കുത്തക സോഫ്റ്റ്‌വെയറായ പേജ് മേക്കറിലാണ് നടക്കുന്നതു് . ഇതു് ഒട്ടനവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ പുസ്തകങ്ങളുടെ നിര്‍മ്മാണവുമ
ായി ബന്ധപ്പെട്ടുണ്ട് . ഒരു മാറ്റം ഉണ്ടായാല്‍ അച്ചടി 2 മാസത്തോളം വൈകല്‍ ഒരു ഭാഗത്ത് . ഇറങ്ങിയ പുസ്തകം കാഴ്ചാശേഷിക്കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെയിലിലാക്കി എത്തിക്കുമ്പോള്‍ മിക്കവാറും ജനുവരിയോ ഫെബ്രുവരിയോ ആവും ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ സ്പെഷല്‍ എജ്യുക്കേഷനുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ ഉയര്‍ന്നുവന്നിരുന്നു . അതില്‍ ഉണ്ടായിരുന്ന സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഭാഗത്തുനിന്നടക്കമുള്ള സാങ്കേതിക വിദഗ്ധര്‍ എന്തുകൊണ്ട് പുസ്തകങ്ങളുടെ അച്ചടിയും തയ്യാറാക്കലും യൂണിക്കോഡ് അധിഷ്ഠിതമായി മാറ്റിക്കൂടാ എന്നന്വേഷിക്കുകയുണ്ടായി . അപ്പോള്‍ പുസ്തകങ്ങള്‍ അച്ചടി പുസ്തകങ്ങളോടൊപ്പം പിഡിഎഫും ഇപബും ആയി ലഭ്യമാക്കാനാവുമെന്നും ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്‌വെയറുകളുപയോഗിച്ച് മലയാളമടക്കമുള്ള പുസ്തകങ്ങള്‍ സമയ വൈകലില്ലാതെ കാഴ്ചാശേഷിക്കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാവുമയും ചെയ്യും . സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ച് തയ്യാറാക്കുക എന്നതു മാത്രമല്ല ആക്സസിബിലിറ്റി രംഗത്തെ ഇസ്പീക്ക് അടക്കമുള്ള സ്വതന്ത്രസോഫ്റ്റ്വെയറുകളുപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ടെക്സ്റ്റ് ബുക്ക് ലഭ്യമാകുക എന്ന വിപ്ലവകരമായ മാറ്റമാണ് ഇതിന്റെ ഭാഗമായി നടക്കാനിരിക്കുന്നതു് .

സായാഹ്ന ഫൌണ്ടേഷനിലെ സി.വി രാധാകൃഷ്ണന്‍ (റിവര്‍ വാലി ടെക്നോളജി ) അടക്കമുള്ള ടെക് പബ്ലിഷിങ്ങിലെ ഗുരുസ്ഥാനീയരെയും കൃഷ്ണന്‍ മാഷിനെപ്പോലുള്ളവരെയും ഇതിനായി ഞങ്ങള്‍ എസ് സി ആര്‍ ടി ജീവനക്കാരുടെ പരിശീലനത്തിനായി ബന്ധിപ്പിച്ചു കൊടുക്കുകയും ജിനേഷിന്റെ ഓര്‍മ്മപുസ്തകം XeTeX അധിഷ്ഠിതമാക്കി തയ്യാറാക്കിയ അനുഭവം ഉപയോഗിച്ച് ഞങ്ങള്‍ അതില്‍ സഹായിക്കാമെന്നേല്‍ക്കുകയും ചെയ്തു . പരിശീലനം വൈകിയപ്പോള്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിലെ ഋഷികേശിനെ ടെക്ക് ടൈപ്പ് സെറ്റീങ്ങ് പരിശീലനത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു .

5,7,11 ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങളാണ്  പരീക്ഷണാടിസ്ഥാനത്തില്‍ ഇങ്ങനെ തയ്യാറാക്കിയിരിക്കുന്നതു് . ചുരുക്കത്തില്‍ ഇതൊരു  SCERT യുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇമ്പ്രൂവ്മെന്റ് പ്രൊജക്റ്റാണ്. സ്വതന്ത്രസോഫ്റ്റ്വെയറുകളുപയോഗിച്ച് ടെക്നോളജി മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ നടക്കുന്ന ഡോ. പി.കെ തിലക് നേതൃത്വം നല്‍കുന്ന ഈ പ്രൊജക്റ്റിന്റെ ഗുണഭോക്താക്കള്‍ കാഴ്ചാശേഷിക്കുറവുള്ള വിദ്യാര്‍ത്ഥികളും കേരളത്തിലെ വിദ്യാര്‍ത്ഥികളും ആണ് .

ഇതോടൊപ്പം ഈ പുസ്തകങ്ങള്‍ സ്വതന്ത്രലൈസന്‍സുകളിലാക്കാന്‍ ഒരു നിര്‍ദ്ദേശവും മുന്നോട്ടുവെച്ചിരുന്നു . പുസ്തകങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി തയ്യാറാക്കുന്നതും അതുപോലെ സ്വതന്ത്രലൈസന്‍സ് ചെയ്യുന്നതും അടങ്ങിയ ഈ നിര്‍ദേശങ്ങള്‍ ഇന്നു നടന്ന കരിക്കുലം കമ്മീറ്റിയില്‍ അംഗീകരിക്കപ്പെട്ടു . ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്‍ ഷെയര്‍ എലൈക്ക് ലൈസന്‍സ് 3.0 ഉപയോഗിക്കാന്‍ ആണു നിര്‍ദ്ദേശിച്ചിരിക്കുന്നതു്  . തീരുമാനമായിട്ടുണ്ടെങ്കിലും ഈ മീറ്റ്ങ്ങിന്റെ മിനിറ്റ്സ് വരും വരെ കാക്കേണ്ടതുണ്ട് . ഒപ്പം ഒരു എക്സ്പര്‍ട്ട് കമ്മീറ്റി കൂടി അന്തിമാംഗീകാരം നല്‍കാനുണ്ട് .

SCERT ഡയറക്ടറും  ഈ തീരുമാനത്തിനു മുന്‍കൈ ഡോ. പികെ. തിലകും ഇതില്‍ എല്ലാ അഭിനന്ദനവും അര്‍ഹിക്കുന്നു. ഒപ്പം  ഉറച്ച പിന്തുണ നല്‍കിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍  ബിജു പ്രഭാകര്‍ IAS ഉം .
 സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്തുളവര്‍ക്കും സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനും , മലയാളം വിക്കിപ്രവര്‍ത്തകര്‍ക്കും ക്രിയേറ്റീവ് കോമണ്‍സ് പ്രസ്ഥാനത്തിനും വിജ്ഞാനം സ്വതന്ത്രമാക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കും എല്ലാം സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത് . അതിനാല്‍ ഇപ്പോഴേ ചൂടോടെ പങ്കുവെക്കുന്നു .

മിനിറ്റ്സ് തലതിരിഞ്ഞുപോവില്ലെന്നും പ്രതീക്ഷിക്കുന്നു

അനിവര്‍ അരവിന്ദ്
സെക്രട്ടറി
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്
http:.//smc.org.in