വിക്കിമീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഉപയോക്താക്കളുടെ വാർഷിക ആഗോളസംഗമമാണ് വിക്കിമാനിയ. 2005 മുതലാണ് വിക്കിമാനിയ നടത്താനാരംഭിച്ചത്. ആറാമത്തെ വിക്കിമാനിയ (വിക്കിമാനിയ 2010) ഈ വർഷം ജൂലൈ 9 മുതൽ 11 വരെ പോളണ്ടിലെ ഡാൻസ്കിൽ വച്ചാണ് നടക്കുന്നത്. വിക്കിമീഡിയ സംരംഭങ്ങളിലെ പ്രവർത്തകർക്ക് പരസ്പരം പരിചയെപ്പെടാനും, അറിവുകൾ പങ്കുവക്കാനും, നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും വിക്കിമാനിയ ഉപകാരപ്പെടുമെന്നത് തീർച്ചയാണ്.

ഈ വർഷം വിക്കിമാനിയയിൽ അവതരിപ്പിക്കുന്ന ചർച്ചകൾക്കും, പഠനവേദികൾക്കുമായുള്ള നാമനിർദ്ദേശങ്ങൾക്കായും, വിക്കിമാനിയയിൽ പങ്കെടുക്കുന്നതിനുള്ള സ്കോളർഷിപ്പിനു വേണ്ടിയുമുള്ള അപേക്ഷകൾ മുൻപ് ക്ഷണിച്ചിരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. മലയാളം വിക്കി സംരംഭങ്ങളിലെ സജീവപ്രവർത്തകനായ ഷിജു അലക്സ്, മലയാളം വിക്കിസംരംഭങ്ങളിലെയും  സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്തെയും പ്രമുഖ പ്രവർത്തകനായ സന്തോഷ് തോട്ടിങ്ങൽ എന്നിവർ വിക്കിമാനിയയിലേക്ക് നിർദ്ദേശിച്ച വിഷയങ്ങൾ വിക്കിമാനിയയിൽ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഞാൻ സസന്തോഷം ഏവരേയും അറിയിക്കുന്നു. ഇരുവർക്കും വിക്കിമാനിയയിൽ പങ്കെടുക്കാനുള്ള സ്കോളർഷിപ്പും അധികൃതർ നൽകിയിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ സിസോപ്പായ ടിനു ചെറിയാനാണ് ഇന്ത്യയിൽ നിന്നും വിക്കിമാനിയയിൽ പങ്കെടുക്കുന്ന മറ്റൊരു മലയാളി. ഇതിനു പുറമേ തമിഴിൽ നിന്നു് 2 പേരും തെലുങ്കിൽ നിന്നു് ഒരാളും ആണു് വിക്കിമാനിയയിലേക്ക്ക് ഇന്ത്യയിൽ നിന്നു് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതു്


വിക്കിമാനിയയിലേക്കുള്ള ഷിജു നിർദ്ദേശിച്ച വിഷയങ്ങൾ ഇവയാണ്:

സന്തോഷ് തോട്ടിങ്ങൽ നിർദ്ദേശിച്ച വിഷയം  Wiki2cd: A tool for creating offline wiki repository for CD/DVD എന്നതാണ്

ഈ വിഷയങ്ങളെല്ലാം വിക്കിമാനിയയിൽ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ ഭാഷ വിക്കിപീഡിയകളെക്കുറിച്ചുള്ള ഷിജുവിന്റെ പ്രെസന്റേഷനു പുറമേ,
ഓഫ്ലൈൻ വിക്കിയെക്കുറിച്ചുള്ള ഷിജുവിന്റേയും സന്തോഷിന്റേയും നിർദ്ദേശങ്ങളോടൊപ്പം മറ്റു രണ്ടുപേരുടെ നിർദ്ദേശങ്ങളും കൂട്ടി ചേർത്ത് മൂന്നു മണിക്കൂർ നീളുന്ന ഒറ്റ ശില്‍പ്പശാലയുമാണ് വിക്കിമാനിയയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇത്തവണത്തെ വിക്കിമാനിയയിൽ ഇത്രയും വിപുലമായ ശില്‍പ്പശാല ആകെ രണ്ടെണ്ണമെ ഉള്ളൂ. അതിൽ ഒരെണ്ണത്തിന് മലയാളം വിക്കി പ്രവർത്തകരാണ് നേതൃത്വം നൽകുന്നത് എന്ന കാര്യത്തിൽ നമുക്ക് അഭിമാനിക്കാം.

ആഗോളതലത്തിൽ നടക്കുന്ന വിക്കിമീഡിയ പ്രവർത്തകരുടെ സംഗമത്തിൽ നമ്മുടെ ഭാഷയുടേയും വിക്കിസംരംഭങ്ങളുടേയും പ്രാധാന്യം ഉയർത്തിപ്പിടിക്കാനും, മലയാളം കമ്പ്യൂട്ടിങ് നേരിടുന്ന പ്രശ്നങ്ങൾ വിദഗ്ദ്ധർക്കു മുൻപിലെത്തിക്കാനും ഇവർക്കാകട്ടെ എന്ന് ആശിക്കുന്നതിനൊപ്പം ഇവർക്ക് ഒരു നല്ല വിക്കിമാനിയ അനുഭവം ആശംസിക്കുകയും ചെയ്യുന്നു.

സുനിൽ