കഴിഞ്ഞമാസം മൂന്ന് സ്കൂളുകളിലെ എന്‍ എസ്സ്‌ എസ്സ്‌ ക്യാമ്പ്‌ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുകയും അവിടെയുള്ള പ്ലസ്‌ 1 വിദ്യാര്‍ത്ഥികളോട്‌ സംസാരിക്കുകയുമുണ്ടായി. വിക്കിപീഡിയയെപ്പറ്റി മൂന്നു ക്യാമ്പിലെ കുട്ടികളോടും പറഞ്ഞു. അവിടെനിന്നും എനിക്കു ലഭിച്ച ഫീഡ്‌ബാക്ക്‌ ഇവിടെ പറയുന്നു. മൂന്നു സ്കൂളുകളും ഗ്രാമപ്രദേശങ്ങളില്‍ ഉള്ളതാണ്‌. അവിടെത്തന്നെ മിടുക്കരായവരെയാണ്‌ ക്യാമ്പിനു കൊണ്ടുവന്നിരുന്നത്‌.

1. ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ളവരില്‍ പലരും അറിവുസമ്പാദിക്കാന്‍ അത്‌ ഉപയോഗിക്കാറില്ല.
2. അറിവുസമ്പാദിക്കാന്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ വിക്കിപീഡിയ ഉപയോഗിക്കാറുണ്ട്‌.
3. വിക്കിപീഡിയ തങ്ങള്‍ക്കും തിരുത്താമെന്ന കാര്യം ആര്‍ക്കും തന്നെ അറിയില്ല.
4. അതു പറഞ്ഞപ്പോള്‍ പോലും തങ്ങള്‍ എന്തു ചേര്‍ക്കാനാണ്‌ എന്ന ഒരു മനോഭാവമായിരുന്നു.
5. മറ്റേതൊരു വെബ്‌സൈറ്റും പോലെതന്നെയാണ്‌ വിക്കിപീഡിയ എന്ന് മിക്കവരും കരുതുന്നു.
6. അതില്‍ എന്തെങ്കിലും മാറ്റം ഇനി അവര്‍ വരുത്തിയാല്‍ത്തന്നെ അതുകൊണ്ട്‌ അവര്‍ക്ക്‌ എന്തെങ്കിലും ഗുണം കിട്ടുമെന്ന് ആര്‍ക്കും തോന്നുന്നില്ല.
7. കുട്ടികളേക്കാള്‍ ഒട്ടും അറിവ്‌ വിക്കിയെപ്പറ്റി അധ്യാപകര്‍ക്കില്ല.
8. എന്നാലും തന്താങ്ങളുടെ സ്കൂളില്‍ ഒരു വിക്കിക്ലബ്‌ തുടങ്ങുന്നതിനും കൂടുതല്‍ കാര്യങ്ങള്‍ അറിയാനും മിക്ക അധ്യാപകര്‍ക്കും താത്‌പര്യമുണ്ട്‌.
9. മലയാളം ടൈപ്പ്‌ ചെയ്യുന്നതാണ്‌ ഈ പരിപാടിയിലെ ഏറ്റവും വിഷമം ആകാവുന്നത്‌ എന്ന് മിക്കവര്‍ക്കും സംശയമുണ്ട്‌.
10. കോമണ്‍സിനെപ്പറ്റിയോ തങ്ങളുടെ ചിത്രങ്ങള്‍ അവിടെ അപ്‌ലോഡ്‌ ചെയ്യാമെന്നോ ആര്‍ക്കും അറിയില്ല.ചിത്രങ്ങള്‍ ഫെയ്സ്‌ബുക്കില്‍ ചേര്‍ക്കുന്നതല്ലേ നല്ലതെന്ന് മിക്കവരും ചോദിച്ചു.

എനിക്ക്‌ ഇതില്‍ നിന്നും മനസ്സിലായ കാര്യങ്ങള്‍

ലൈസന്‍സ്‌, കോപ്പിറൈറ്റ്‌ എന്നിവയൊന്നും ആരും ചിന്തിക്കുന്നേയില്ല. ഗൂഗിള്‍ ഉണ്ടല്ലോ വിവരങ്ങള്‍ക്ക്‌, പിന്നെന്തിന്‌ വിക്കിപീഡിയ, അങ്ങനെയങ്ങനെ നിരവധി സംശയങ്ങള്‍. 3000 സ്കൂളുകള്‍ (അത്രയുമല്ലേ?) ഉള്ള കേരളത്തില്‍ മലയാളം വിക്കിപീഡിയയില്‍ സജീവമായവര്‍ നൂറുപേരോളമേ ഉള്ളു എന്നത്‌ വളരെ മോശമാണ്‌, പ്രത്യേകിച്ചും എല്ലാ സ്കൂളുകളിലും തന്നെ ഐ റ്റി ഒരു പാഠ്യവിഷയവും അതിനായി ഒരു അധ്യാപകനും എല്ലായിടത്തും തന്നെ ബ്രോഡ്‌ബാന്റും, കമ്പ്യൂട്ടര്‍ ലാബും എല്ലാം ഉണ്ടായിട്ടും. നമുക്ക്‌ ചെയ്യാവുന്നത്‌ ഓരോ സ്കൂളിലെയും ഇപ്പറഞ്ഞ ഐ റ്റി മാഷന്മാരെ നമ്മുടെ ആള്‍ക്കാരാക്കുക എന്നതാണ്‌. അവരെ "മതപരിവര്‍ത്തനം" ചെയ്തശേഷം ഓരോ സ്കൂളിലെയും 6-7-8 ക്ലാസിലെ 5-10 മിടുക്കന്മാരെ/മിടുക്കികളെ ചേര്‍ത്ത്‌ ഒരു ക്ലബ്‌ ഉണ്ടാക്കുക. അവര്‍ക്ക്‌ ആവശ്യമെങ്കില്‍ അടിസ്ഥാനമായ ചില പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുക. ഇതൊക്കെ ഒരുപക്ഷേ ഗുണമായേക്കാം.

മറ്റു ചിലതുകൂടി. ആറളം വന്യമൃഗസംരക്ഷണകേന്ദ്രത്തില്‍ ശലഭസര്‍വേയ്ക്ക്‌ (കാണാന്‍) പോയിരുന്നു. ഏതാണ്‌ 80- ഓളം പേര്‍, എല്ലാവരും പല രംഗത്തും പ്രഗല്‍ഭരും. മിക്കവരുടെയും കൈയ്യില്‍ ലക്ഷങ്ങളോളം വിലവരുന്ന ക്യാമറകളും. കേരളത്തിലെ 318 ശലഭങ്ങളില്‍ ഏതാണ്ട്‌ 280 എണ്ണവും ഇവിടെയുണ്ട്‌, അവയുടെയെല്ലാം ചിത്രങ്ങളും, ജീവിതചക്രങ്ങളും എല്ലാത്തിന്റെയും ലാര്‍വയുടെ ഭക്ഷണസസ്യവുമെല്ലാം ഇവര്‍ പകര്‍ത്തുന്നു. ധാരാളം മികച്ച ചിത്രങ്ങള്‍. ആര്‍ക്കുംതന്നെ ഈ ചിത്രങ്ങള്‍ ഒന്നും വില്‍ക്കണമെന്നില്ല, ആര്‍ക്കുവേണമെങ്കിലും പഠിക്കാനായി നല്‍കാന്‍ തയ്യാറുമാണ്‌. ഇവര്‍ക്കും കോമണ്‍സിനെപ്പറ്റിയൊന്നും അറിയില്ല. ഇങ്ങനൊക്കെയാണ്‌ കാര്യങ്ങള്‍. നമ്മള്‍ കാര്യമായി ഇടപെട്ടാലേ വ്യത്യാസങ്ങള്‍ വരികയുള്ളൂ. ആരും സ്വയം അറിഞ്ഞുവരികയൊന്നുമില്ല.


Vinayaraj V R