പ്രിയ മലയാളം വിക്കിപ്രവർത്തകരേ,

മലയാളം വിക്കി സംരംഭങ്ങളെ കുറിച്ചുള്ള പതിവ് ചോദ്യങ്ങൾ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് തയ്യാറായിട്ടുണ്ട്.

രണ്ടാം പതിപ്പിൽ നിന്നും വലിയ മാറ്റങ്ങൾ ഇതിൽ ഇല്ല. എങ്കിലും കഴിഞ്ഞ പതിപ്പ് ഇറങ്ങി കഴിഞ്ഞതിനു ശേഷമാണു് നമ്മൾ വിക്കിയിലെ എഴുത്തുപകരണത്തിൽ ഇൻ‌സ്ക്രിപ്റ്റ് രീതി ചേർത്തത് എന്നതിനാൽ അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഈ പതിപ്പിൽ പുതുക്കിയിട്ടുണ്ട്. അതിന്റെ ഒപ്പം അവിടവിടെ കണ്ണിൽപ്പെട്ട ചില അക്ഷരപ്പിശകുകൾ തിരുത്തി.  കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന വിക്കിശിബിരത്തിൽ വിതരണം ചെയ്യാനായാണു് ഇപ്പോൾ പെട്ടെന്ന് ഈ മൂന്നാം പതിപ്പ് ഇറക്കിയത്.
മലയാളം വിക്കിയുടെ പ്രചരണപരിപാടികൾക്ക്  ഈ കൈപ്പുസ്തകം വലിയൊരു സഹായം ആണെന്ന് നമുക്കറിയാമല്ലോ. നമ്മുടെ ഈ വിജയഗാഥ കണ്ട് മറ്റുള്ള ഇന്ത്യൻ ഭാഷാ വിക്കി സമൂഹങ്ങൾക്കും ഇക്കാര്യത്തിൽ താല്പര്യം ജനിച്ചിരിക്കുന്നു. അങ്ങനെ അവരുടെ അഭ്യർത്ഥനപ്രകാരം നമ്മൾ ഈ പുസ്തകം കുറച്ച് കാലം മുൻപ് ഇംഗ്ലീഷിലേക്ക് തർജ്ജുമ ചെയ്യുക ഉണ്ടായി. അതുപയോഗിച്ച് ഇതിനകം ബംഗാളി, ഹിന്ദി ഭാഷാ വിക്കിസമൂഹങ്ങൾ ഇതേ പോലെ പതിവ് ചോദ്യങ്ങൾ പുസ്തകം ഇറക്കി. ഹിന്ദിയുടെ പതിവ് ചോദ്യങ്ങൾ പുസ്തകം ഇവിടേയും ബംഗാളിയുടേത് ഇവിടേയും കാണാം. ഇപ്പോൾ സംസ്കൃത വിക്കി സമൂഹവും നമ്മളുടെ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി പതിവ് ചോദ്യങ്ങൾ പുസ്തകം ഇറക്കാൻ ശ്രമിക്കുന്നുണ്ട്.

ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അനേകം മലയാളം വിക്കിപീഡിയർ ഉണ്ട്. എങ്കിലും ഇതിലെ മിക്കവാറും ചോദ്യോത്തരങ്ങളും, പകർപ്പവകാശതാളും മറ്റും തയ്യാറാക്കാൻ കൂടുതൽ യത്നിച്ച പ്രവീൺ പ്രകാശ് (പ്രവീൺ കഴിഞ്ഞ ദിവസം മലയാളം വിക്കിയിൽ 5 വർഷം പൂർത്തിയാക്കി), ഇത് ടൈപ്പ് സെറ്റ് ചെയ്യാൻ സഹായിച്ച കെവിൻ, ജുനൈദ് എന്നിവരെ പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.

മറ്റുള്ള ഭാഷാ വിക്കിസമൂഹങ്ങൾക്ക് മാതൃയാക്കാവുന്ന കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ മലയാളം വിക്കിസമൂഹത്തിനു് ഇനിയും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഷിജു അലക്സ്