സുഹൃത്തുക്കളേ

ഒരു മലയാളം വിക്കി ഉപയോക്താവിന്റെ അതുവഴി മലയാളം വിക്കി സമൂഹത്തിന്റെ തന്നെ ഒരു നേട്ടം പരിചയപ്പെടുത്തുകയാണ്.

ആദ്യകാലങ്ങളിൽ മലയാളം വിക്കിപീഡിയയിൽ എത്തുന്നവർക്കു മുൻപിലുണ്ടായിരുന്ന ഏറ്റവും വലിയ പ്രതിബന്ധമായിരുന്നു മലയാളത്തിലെഴുതാനുള്ള ഉപാധിയുടെ അഭാവം. ലഭ്യമായിരുന്ന ഉപാധികൾ തന്നെ സാധാരണക്കാരന് ഇൻസ്റ്റോൾ ചെയ്ത് ഉപയോഗിക്കാനും ബുദ്ധിമുട്ടായിരുന്നു. വിക്കിപീഡിയയിലേക്ക് വന്നെത്തുന്ന ആർക്കുംതന്നെ മറ്റുപാധികളില്ലാതെ മലയാളത്തിലെഴുതാനുള്ള സംവിധാനം, 2007-ൽ സജ്ജമാക്കിയതോടെ മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം കാര്യമായി വർദ്ധിച്ചു.

അൽപ്പം സങ്കീർണ്ണമായിരുന്ന പഴയ എഴുത്തുപകരണത്തിനു പകരം, 2010-ൽ മലയാളം വിക്കിപീഡിയ സിസോപ്പായ ജുനൈദ് പി.വി., ലളിതമായ ഘടനയുള്ള പുതിയ എഴുത്തുപകരണം അവതരിപ്പിച്ചു. സൗകര്യപ്രദമായ രീതിയിൽ എഴുത്തുനിയമങ്ങൾ സന്നിവേശിപ്പിക്കാവുന്ന ഈ എഴുത്തുപകരണത്തിലൂടെ ലിപ്യന്തരീകരണരീതിക്കു പുറമേ‌, മലയാളം ഇൻസ്ക്രിപ്റ്റ് രീതി കൂടി മലയാളം വിക്കികളിൽ ഉൾക്കൊള്ളിക്കാനായി. ഈ എഴുത്തുപകരണത്തിന്റെ ലാളീത്യം മൂലം, മലയാളത്തിനു പുറമേ‌ ഹിന്ദി, തമിഴ്, സംസ്കൃതം, ബംഗാളി, ഭോജ്പുരി വിക്കികൾ കൂടി ഇത് ഉൾക്കൊള്ളിച്ചു.

ഇന്ന് ഈ എഴുത്തുപകരണം, നാരായം എന്ന പേരിൽ മീഡിയാവിക്കിയുടെ എക്റ്റൻഷനാണ്. അതായത് സ്കൂൾവിക്കിയും, സർവ്വവിജ്ഞാനകോശവും പോലെ മീഡിയവിക്കി അധിഷ്ഠിതമായ ഏത് വെബ്‌സൈറ്റുകൾക്കും വളരെ എളുപ്പത്തിൽ നാരായം കൂട്ടിച്ചേർക്കാം. മറ്റു ഭാഷക്കാർക്ക്, അതാതിന്റെ ലിപ്യന്തരീകരണനിയമം ചേർത്ത് ഉപയോഗിക്കുകയുമാകാം.

മീഡിയാവിക്കിയിലെ സന്ദേശങ്ങൾ തർജ്ജമ ചെയ്യുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ട്രാൻസ്ലേറ്റ്‌വിക്കി, നാരായം അതിൽ ഉൾപ്പെടുത്തി എന്നത്, ഈ ചേർപ്പിന്റെ സ്വീകാര്യതയെ സൂചിപ്പിക്കുന്നു. ലത്തീൻ ലിപിയിലല്ലാത്ത ലോകഭാഷകൾക്കെല്ലാം ഈ ചേർപ്പ് ഉപയോഗപ്രദമാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ഇത് വികസിപ്പിച്ച ജുനൈദിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ‌.

സുനിൽ

കൂടുതൽ വിവരങ്ങൾക്ക് ഷിജുവിന്റെ ബ്ലോഗ് പോസ്റ്റ് സന്ദർശിക്കുക

1. http://shijualex.wordpress.com/2011/02/23/narayam-a-new-mediawiki-extension/
2. http://shijualex.wordpress.com/2011/02/21/typing-solution-integrated-to-sanskrit-wikipedia/