തമിഴ് വിക്കിപ്പീഡിയയിലെ പ്രശ്നവും ഇവിടുത്തെ പ്രശ്നവും രണ്ടാണു്. തമിഴില്‍ സ്വതന്ത്ര ലൈസന്‍സുള്ള ഏക ഫോണ്ട് ലോഹിത് തമിഴാണു്. അതു് അത്ര കാഴ്ചാസുഖമുള്ള ഫോണ്ടല്ല. തമിഴരല്ല, പൂണെയിലെ റെഡ്ഹാറ്റ് ഓഫീസില്‍ നിന്നാണു് ആ ഫോണ്ട് വികസിപ്പിച്ചതു്. നേറ്റീവ് യൂസര്‍മാരല്ലാത്തതുകൊണ്ടു് അതിനോടു് വലിയ എതിര്‍പ്പുണ്ടു്. എന്നാല്‍ ലിനക്സിലും ആന്‍ഡ്രോയിഡിലും ആ ഫോണ്ടേ സ്വാഭാവികമായി വരുന്നുള്ളൂ വേറെ സ്വതന്ത്രഫോണ്ട് തമിഴിലില്ലാത്തതുതന്നെ, കാരണം. വിന്‍ഡോസ് ഉപയോക്താക്കള്‍ ചില തേര്‍ഡ് പാര്‍ട്ടി പ്രൊപ്രൈറ്ററി ഫോണ്ടുകള്‍ ആണു് ഉപയോഗിക്കുന്നതു്. അവ കാണാന്‍ ഭംഗിയുള്ളവയാണു്. എന്നാല്‍ യൂണിക്കോഡ് സ്റ്റാന്‍ഡേര്‍ഡില്‍ പറയുന്ന എല്ലാ തമിഴ് ലിഗേറ്റുകളെയും പിന്തുണയ്ക്കുന്ന ഒറ്റ ഫോണ്ടുപോലുമില്ല, അക്കൂട്ടത്തില്‍. അങ്ങനെയുള്ള ഫോണ്ടുകള്‍ യുഎല്‍എസിന്റെ ഭാഗമായി ചേര്‍ക്കാന്‍ കഴിയണമെന്നില്ല. ഞാനിന്നു് തമിഴ് വിക്കിപ്പീഡിയ തുറന്നുനോക്കിയിട്ടു്, എന്റെ സിസ്റ്റത്തില്‍ ഫോണ്ടില്ലാത്തതിനാല്‍ എനിക്കു് യാതൊന്നും വായിക്കാനായില്ല. ഇതുസംബന്ധിച്ച ആദ്യ ബഗ് ഫയല്‍ ചെയ്തപ്പോള്‍ തന്നെ, തമിഴില്‍ വെബ് ഫോണ്ട് സപ്പോര്‍ട്ട് യുഎല്‍എസില്‍നിന്നു പിന്‍വലിച്ചതായാണു് അന്വേഷിച്ചപ്പോള്‍ അറിഞ്ഞതു്.

ഇവിടുത്തെ പ്രശ്നം, ആനപിടിച്ചാലും ഞങ്ങള്‍ ഞങ്ങളുടെ സിസ്റ്റത്തിലുള്ള പഴഞ്ചന്‍ ഫോണ്ടുകള്‍ അപ്ഡേറ്റ് ചെയ്യില്ല എന്ന വാശിയാണു്. ഈ വാശി മീരയുടെ കാര്യത്തില്‍ മാത്രമാണുതാനും. അഞ്ജലി പ്രീ യൂണിക്കോഡ് 5.1 വേര്‍ഷനില്‍ നിന്നു് അപ്ഡേറ്റ് ചെയ്തവര്‍ തന്നെയാണു്, മീര അപ്ഡേറ്റ് ചെയ്യാതെ, അതില്‍ ചില്ലും മറ്റും കാണാനില്ലെന്നും വലിപ്പമില്ലെന്നും പറയുന്നതു്. അങ്ങനെയെങ്കില്‍ സിസ്റ്റത്തില്‍ നിന്നു പഴയ മീര എടുത്തുകളയുകയെങ്കിലും ചെയ്താല്‍ പ്രശ്നം അവിടെ തീരില്ലേ? അടുത്തതായി സിസ്റ്റത്തില്‍ അഞ്ജലിയുണ്ടോയെന്നു നോക്കി, അതുണ്ടെന്നു് കണ്ടു് സിസ്റ്റം ഫോണ്ടു് ലോഡ് ചെയ്യും. അതും ഇല്ലെങ്കില്‍ മാത്രം വെബ് ഫോണ്ട് ലോഡ് ചെയ്യും. എന്നാല്‍ അതിനു് ഈഗോ സമ്മതിക്കില്ല. ഇതു് കേവലം കക്ഷിവഴക്കാണെന്നു് പറയേണ്ടിവരും.