സുഹൃത്തുക്കളേ,

മലയാളം സിനിമകളിലെ പ്രശസ്തമായ സംഭാഷണശകലങ്ങൾ ശേഖരിക്കുകയും, അവയെക്കുറിച്ച് പഠിക്കുകയും ചെയ്താലോ എന്ന ആശയം പണ്ടേ മനസിലുള്ളതാണ്. ഓർമ്മയിൽ നിന്നും എടുത്തെഴുതിയതും, തിരച്ചിലിൽ കണ്ടതുമായ സംഭാഷണശലകങ്ങൾ ഒരു സ്പ്രെഡ്ഷീറ്റിൽ ക്രോഡീകരിച്ചിട്ടുണ്ട്. ലിങ്ക് ഇവിടെ:  http://bit.ly/MalayalamMovieDialogues (മുഴുവൻ കണ്ടൻ്റും പബ്ലിക് ഡൊമൈനിൽ ആണ്. എല്ലാവർക്കും എഡിറ്റ് ചെയ്യാവുന്ന രീതിയിൽ സ്പ്രെഡ്ഷീറ്റിൽ ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.)

സംഭാഷണശകലത്തോടൊപ്പം, അത് ഉൾക്കൊള്ളുന്ന സിനിമ, കഥാപാത്രത്തിൻ്റെ പേര്, ഏത് അർത്ഥത്തിൽ ആ സംഭാഷണശകലം ഉപയോഗിക്കുന്നു എന്നതിൻ്റെ വിശദീകരണം, അത് ഉപയോഗിച്ചുള്ള ഉദാഹരണം എന്നിവയും ഉണ്ട്. ഉദാഹരണത്തിന്:

സംഭാഷണം: "അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ"
സിനിമ: സന്ദേശം
കഥാപാത്രത്തിൻ്റെ പേര്:  കുമാരൻ പിള്ള
അർത്ഥം: നാം അറിയാതെ മറ്റ് രണ്ടു പേർ പരിചയപ്പെടുകയോ, എന്തെങ്കിലും ഒരുമിച്ച് ചെയ്യുകയോ ചെയ്ത ശേഷം, വൈകിയവേളയിൽ ഇക്കാര്യം ബോധ്യമാകുമ്പോൾ അവരെക്കുറിച്ച് ഇപ്രകാരം പറയുന്നു.
ഉദാഹരണം: ടിൻ്റുമോൻ: നമ്മുടെ രാജുവും രാധയും കല്യാണം കഴിക്കാൻ പോകുന്ന കാര്യം അറിഞ്ഞോ?     
ഡുണ്ടുമോൾ : അതെയോ! അവർ തമ്മിലുള്ള അന്തർധാര പണ്ടേ സജീവമായിരുന്നു എന്നു വേണം കരുതാൻ.

ഇതിൽ പല സംഭാഷണങ്ങളെക്കുറിച്ചുമുള്ള അറിവ് എനിക്ക് പരിമിതമാണ്. അറിയാവുന്നവയെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്തുകൊണ്ടിരിക്കുന്നു. താല്പര്യമുണ്ടെങ്കിൽ സ്പ്രെഡ്ഷീറ്റിലേക്ക് കൂടുതൽ സംഭാഷണശകലങ്ങൾ ചേർത്തും, നിലവിലുള്ളവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിച്ചും നിങ്ങൾക്കും സഹായിക്കാവുന്നതാണ്. ഇതിലെ സംഭാഷണശകലങ്ങൾ വിക്കിചൊല്ലുകളിലേക്ക് ചേർത്ത് സഹായിക്കുകയും ആവാം. മലയാളം സിനിമകൾ അധികം കണ്ടിട്ടില്ലാത്തവർക്ക് കേരളത്തിൽ വളരെ സാധാരണമായി  ഉപയോഗിക്കുന്ന ഇത്തരം സംഭാഷണശകലങ്ങൾ മനസിലാക്കാൻ ഒരു അവസരം ഉണ്ടാക്കുക എന്നതാണ് ഈ പ്രൊജക്ടിൻ്റെ ലക്ഷ്യം. 

സ്നേഹപൂർവ്വം
നത


--
Netha Hussain
Institute of Neuroscience and Physiology
University of Gothenburg, Sweden