ലിപിവിവാദത്തിന്റെ മറവില്‍ ഇടതുപക്ഷ അദ്ധ്യാപകസംഘടനയായ KSTAയുടെ സെക്രട്ടറി ഷാജഹാന്റെ നേതൃത്വത്തില്‍ അട്ടിമറിയ്ക്കപ്പെട്ട മറ്റുകാര്യങ്ങളെക്കുറിച്ച് ആര്‍ക്കും ചര്‍ച്ച ചെയ്യാനില്ലേ ?

കഷ്ടം തന്നെ. മീഡിയാ വിക്കി ഉപയോഗിച്ച് ഉള്ളടക്കസമാഹരണം നടത്തി പാഠപുസ്തകങ്ങള്‍ കൃത്യമായി വേര്‍ഷന്‍ കണ്ട്രോള്‍ ചെയ്ത് യൂണിക്കോഡ് എന്‍കോഡിങ്ങില്‍ സ്വതന്ത്രസോഫ്റ്റ് വെയര്‍ ആയ സീടെക്കില്‍ ടൈപ്പ് സെറ്റ് ചെയ്ത് ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ പുറത്തിറങ്ങേണ്ട, ഇതുമായി ബന്ധപ്പെട്ട കുറേ പേര്‍ ഒരു വര്‍ഷത്തോളമായി കാത്തിരുന്ന ഒരു കാര്യമാണ് ഇത്തവണ നടക്കാതെ പോയത്.

ലിപി മാറ്റമെന്നത് ടെക്കിലെ ഒരു വരി കോഡ് മാറ്റമാണ്. ഇങ്ങനെയൊരു വിവാദം അവിടെ വന്നെങ്കില്‍ പുതിയ ലിപിയില്‍ തന്നെ അച്ചടിയ്ക്കാന്‍ കൊടുക്കാനുള്ള സാധ്യതയുണ്ടായിരുന്നു. അതിന് അവര്‍ തയ്യാറാകാതെ ഈ പദ്ധതി മുഴുവനായി ഉപേക്ഷിക്കുകയാണ് ചെയ്തത്.

മലയാളം വിക്കിഗ്രന്ഥശാലയിലേക്ക് എത്തിച്ചേരേണ്ട, ഇന്ന് പകര്‍പ്പാവകാശപരിധിയില്‍ പ്പെടുന്ന  ഒട്ടേറെ എഴുത്തുകാരുടേയും കൃതികളാണ് ഇതുവഴി നടക്കാതെ പോയിരിക്കുന്നത്. NCERTയും മറ്റും അവരുടെ വിദ്യാഭ്യാസവിഭവങ്ങള്‍ വിക്കിമീഡിയ ഇന്ത്യ ചാപ്റ്ററിന്റെ അടക്കം ഇടപെടലോടെ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിലാക്കി മുന്നേറിക്കൊണ്ടിരിക്കുന്ന അവസരത്തിലാണിത്.

കക്ഷിരാഷ്ട്രീയത്തിന്റേയും സംഘടനാബലം കാണിച്ചുള്ള വിരട്ടലുകളുടേയും ഇടയില്‍ തിരുമാനമെടുക്കാന്‍ ഇച്ഛാശക്തിയില്ലാത്ത ഗവണ്‍മെന്റ് ആണ് നമ്മുടെ ശാപം.

വിക്കിപീഡിയയ്ക്ക് ഇതില്‍ കാര്യമായ നഷ്ടമൊന്നും തോന്നാനിടയില്ലെങ്കിലും വിക്കിഗ്രന്ഥശാലയെ സംബന്ധിച്ച് കമ്മ്യൂണിറ്റി വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഉണ്ടായ കനത്ത പ്രഹരമാണ്. പുതിയ എഴുത്തുകാരുടെ കൃതികള്‍ എത്തുന്നതോടെ ഉണ്ടായേക്കാവുന്ന പുതു ഉണര്‍വ്വാണ് നമുക്ക് നഷ്ടപ്പെട്ടത്.

ലിപി ഒഴികെയുള്ള കാര്യങ്ങളില്‍ വിക്കിമീഡിയ സമൂഹവും അഭിപ്രായരൂപീകരണം നടത്തി പൊതുനിലപാട് വ്യക്തമാക്കണമെന്ന് അഭ്യര്‍ഥിയ്ക്കുന്നു.