പ്രിയരെ,

കഴിഞ്ഞ വർഷം മലയാളം വിക്കിസമൂഹത്തിന്റെ പ്രധാനപ്പെട്ട ഒരു പദ്ധതി ആയിരുന്നല്ലോ മലയാളം വിക്കിപീഡിയ സി.ഡി.യുടെ പ്രകാശനം. വളരെയധികം പ്രതിബന്ധങ്ങളെ അതിജീവിച്ച് നമ്മൾ നടത്തിയ സിഡി റിലീസ് മൂലം സിഡി ഉപയോഗിച്ച് നമ്മൾ വിക്കിപീഡിയയുടെ ഉള്ളടക്കം കൂടുതൽ ജനങ്ങളിലെക്ക് എത്തിച്ചതും, അത് അന്താരാഷ്ട്ര തലത്തിൽ തന്നെ നേടിയ വാർത്താ പ്രാധാന്യവും ഒക്കെ  നിങ്ങൾക്ക് എല്ലാവർക്കും അറിയുന്നതാണല്ലോ. സിഡി റിലീസ് നടത്തി കഴിഞ്ഞപ്പോഴാണു് പ്രസ്തുത പരിപാടി ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ ഭാഷാ വിക്കിയും ആദ്യത്തെ ലാറ്റിനേതര ഭാഷ വിക്കിയും നമ്മളാണെന്ന് മനസ്സിലാക്കിയത്.

പക്ഷെ ഇതൊക്കെ നടത്താൻ കഴിഞ്ഞത് നമുക്ക് ശക്തമായ ഒരു വിക്കി സമൂഹത്തിന്റെ പിൻബലം ഉള്ളത് കൊണ്ട് മാത്രമാണു്. നമ്മൾക്ക് ശേഷം തമിഴരും തെലുങ്കരും ഒക്കെ സിഡി റിലീസ് നടത്താൻ പദ്ധതി ഇട്ടെങ്കിലും വിക്കി സമൂഹം ശക്തമല്ലാത്ത് മൂലം അവർക്ക് ഇതു വരെയും അതിനു കഴിഞ്ഞിട്ടില്ല. ഇന്ത്യയിലെ വമ്പൻ ഭാഷയായ ഹിന്ദിക്കു പോലും ഇതൊന്നും ആലോചിക്കാൻ പൊലും പറ്റിയിട്ടില്ല. ഇപ്പോഴും വിക്കിപീഡിയ സിഡി റിലീസ് നടത്തിയ ഏക ഇന്ത്യൻ ഭാഷാ വിക്കി സമൂഹം ആയി മലയാളം നിലകൊള്ളുന്നു.

എന്നാൽ ഒരു സിഡി റിലീസ് ചെയ്ത് നമ്മുടെ ഓഫ്‌ലൈൻ വിക്കി പദ്ധതികൾ അവസാനിപ്പിക്കുന്നത് ശരിയല്ലല്ലോ. അതു കോണ്ടു തന്നെ 2011 ജൂൺ 11നു കണ്ണൂരിൽ വെച്ച് നടക്കുന്ന നാലാമതു് മലയാളം വിക്കിപ്രവർത്തകസംഗമത്തോടനുബന്ധിച്ചു് മലയാളം വിക്കിഗ്രന്ഥശാലയിലെ പണികൾ പൂർത്തിയായ പ്രമുഖകൃതികൾ എടുത്ത് സിഡി റിലീസ് ചെയ്യാൻ പദ്ധതി ഇടുന്നു.

 കഴിഞ്ഞ വർഷം മലയാളം വിക്കിപീഡിയ സിഡിയിൽ ഉൾപ്പെടുത്തേണ്ട ലെഖനങ്ങൾ തിരഞ്ഞെടുക്കാനും റിവ്യൂ ചെയ്യാനും നിങ്ങൾ എല്ലാവരും സഹായിച്ചിരുന്നല്ലോ. അതെ പോലെ ഈ വർഷവും മലയാളം വിക്കിഗ്രന്ഥശാല സിഡിയിൽ ഉൾപ്പെടുത്തേണ്ട കൃതികൾ തിരഞ്ഞെടുക്കാനും പ്രസ്തുത കൃതികൾ സംശോധനം ചെയ്യാനും നിങ്ങൾ എല്ലാവരുടേയും സഹായം ആവശ്യമുണ്ട്. അതിനായി നിർമ്മിച്ച പദ്ധതി താൾ ഇവിടെ

സഹായിക്കുവാൻ താല്പര്യം ഉള്ളവർ വിക്കിഗ്രന്ഥശാല:സിഡി പതിപ്പ് 1.0 എന്ന താളിൽ അംഗങ്ങൾ എന്ന വിഭാഗത്തിൽ ഒപ്പു വെക്കുകയൊ മെയിൽ അയക്കുകയോ ചെയ്യുമല്ലൊ. പദ്ധതിയിൽ നിങ്ങൾക്കുള്ള താല്പര്യം അനുസരിച്ച് വിവിധ പണികൾ വിഭജിച്ചു നൽകാം.

ഷിജ അലക്സ്