സുഹൃത്തുക്കളെ,

2010 ഏപ്രിൽ 17-നു് മലയാളം വിക്കി പ്രവർത്തകർ കളമശ്ശേരിയിൽ ഒത്തു കൂടിയതിനു ശേഷം എല്ലാ മലയാളം വിക്കി പ്രവർത്തകരേയും ഉൾപ്പെടുത്തി കൊണ്ടുള്ള മലയാളം വിക്കി പ്രവർത്തക സംഗമങ്ങൾ ഒന്നും നടത്താൻ നമുക്ക് കഴിഞ്ഞിരുന്നില്ല. പലപ്പോഴായി പലരും  ആവശ്യപ്പെട്ടു എങ്കിലും അത് ഏറ്റെടുത്തു നടത്താനുള്ള ആൾബലവും മറ്റും നമുക്ക് ഉണ്ടായിരുന്നില്ല. മാത്രമല്ല വിക്കി സംഗമങ്ങൾ വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നവർ ആണല്ലോ സംഘടിപ്പിക്കേണ്ടത്.

എന്നാൽ കണ്ണൂരിൽ നിന്നുള്ള മലയാളം വിക്കിപ്രവർത്തകർ ഇപ്പോൾ അത് നടത്താൻ തയ്യാറായി മുൻപോട്ടു വന്നിരിക്കുന്നു. ഇതിനു മുൻപ് നമ്മൾ വിക്കി സംഗമങ്ങൾ നടത്തിയത് തൃശൂർ, എറണാകുളം ജില്ലകളിൽ ആയിരുന്നു. അതിനാൽ ഈ പ്രാവശ്യം പുതിയ ഒരു ജില്ലയിലെ വിക്കി പ്രവർത്തകർ സംഘാടനത്തിനു മുൻകൈ എടുക്കുന്നു എന്നത് സന്തൊഷകരം തന്നെ. മാത്രമല്ല കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ സജീവമലയാളം വിക്കിപ്രവർത്തകർ ഉള്ളതും കണ്ണൂരിൽ നിന്നാണല്ലോ.

സംഗമത്തിന്റെ കാര്യങ്ങൾ ക്രോഡീകരിക്കാനായി തുടങ്ങിയ വിക്കി താൾ ഇവിടെ: വിക്കിപീഡിയ:വിക്കി പ്രവർത്തകസംഗമം/4

കണ്ണൂരിൽ 2011 ജുൺ 11-നു് വിക്കി സംഗമം നടത്തണം എന്ന്  മാത്രമേ തീരുമാനിച്ചിട്ടുള്ളൂ. ബാക്കി എല്ലാ സംഗതികളും ആസൂത്രണഘട്ടതിലാണു്. അതിനാൽ മലയാളം വിക്കി പ്രവർത്തകരുടെ ഈ നാലാമത്തെ സംഗമം വിജയിപ്പിക്കുവാൻ എല്ലാ മലയാളം വിക്കിപ്രവർത്തകരുടേയും സഹായം അഭ്യർത്ഥിക്കുന്നു. ഓൺ ലൈനായും, ഓഫ് ലൈനായും സഹായം ആവശ്യമാണു്. സഹായിക്കാൻ സന്നദ്ധത ഉള്ളവർ ഈ താളിൽ സംഘാടനം എന്ന വിഭാഗത്തിൽ ഒപ്പ് വെക്കുമല്ലോ.

കളമശ്ശെരി വിക്കി സംഗമം പലതു കൊണ്ടും ജനശ്രദ്ധ ആകർഷിച്ചു എന്ന് എല്ലാവർക്കും അറിയാമല്ലോ. മലയാളം വിക്കിപീഡിയ സിഡി, വിക്കി പതിവ് ചോദ്യങ്ങൾ പുസ്തകം അടക്കം മറ്റുള്ള ഇന്ത്യൻ വിക്കിപീഡിയർക്ക് മാതൃകയാക്കാവുന്ന നിരവധി സംഗതികൾ ആ സംഗമത്തിൽ നമ്മൾ ചെയ്തു. മലയാളം വിക്കി സമൂഹത്തിന്റെ പ്രവർത്തനം മറ്റുള്ള ഇന്ത്യൻ വിക്കി സമൂഹങ്ങൾ മാത്രമല്ല ഇന്ത്യക്ക് പുറത്തുള്ള വിക്കി സമൂഹങ്ങളും ആശ്ചര്യത്തോടെ കണ്ടു.

ഇക്കാരണം കൊണ്ടൊക്കെ തന്നെ നമ്മൾ നാലാമത് വിക്കി സംഗമം നടത്തുന്നു എന്ന് അറിയിച്ചപ്പോൾ തന്നെ ഇന്ത്യക്ക് അകത്ത് നിന്നും പുറത്ത്ത് നിന്നും അന്വേഷണങ്ങൾ വന്നു. ഇന്ത്യയിലെ പല ഭാഗത്ത് നിന്നും വിക്കിമീഡിയയുമായി ബന്ധപ്പെട്ട പല പ്രമുഖരും (പ്രത്യേകിച്ച് മറ്റ് ഭാഷക്കാർ) നമ്മുടെ ഈ വിക്കി  സംഗമത്തിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നമ്മുടെ വിക്കിസമൂഹത്തിന്റെ വിജയരഹസ്യം അറിയുകയാണു് എല്ലാവരുടേയും ലക്ഷ്യം. നമ്മുടെ ഈ നാലാം വിക്കി സംഗമം കവർ ചെയ്യാനും മലയാളം വിക്കിമീഡിയരുമായി നേരിട്ടു സംവദിക്കാനുമായി വിക്കിമീഡിയ ഫൗണ്ടേഷന്റെ പ്രതിനിധികൾ തന്നെ യു.എസ്.-ൽ നിന്ന് നേരിട്ടു വരുന്നു എന്നതാണു് ഇതിൽ എടുത്ത് പറയാനുള്ളത്.  ഇതു കൊണ്ടൊക്കെ മലയാളം വിക്കിപ്രവർത്തകരെ ലക്ഷ്യം വെച്ച് നമ്മൾ നടത്തുന്നതാണെങ്കിലും,  ഇതിനു ഒരു അന്താരാഷ്ട്ര വിക്കി സംഗമത്തിന്റെ സ്വഭാവം വന്നിട്ടുണ്ട്.


സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മൾ പരിപാടി നടത്തേണ്ട നഗരം മാത്രമേ തീരുമാനിച്ചിട്ടുള്ളൂ. ബാക്കി എല്ലാ സംഗതികളും ആസൂത്രണഘട്ടത്തിലാണു്. അതിനാൽ ഈ സംഗമം വിജയിപ്പിക്കാൻ എല്ലാ മലയാളം വിക്കി പ്രവർത്തകരുടേയും സഹായം അഭ്യർത്ഥിക്കുന്നു. പരിപാടികളുടെ വിവിധ ആവശ്യങ്ങൾക്കായി നമുക്ക് സ്പോൺസേർസിനെ ആവശ്യമാനു്. വിക്കിയുടെ പ്രവർത്തനത്തിലും, മലയാള ഭാഷയുടെ ഉന്നമനത്തിലും താല്പര്യമുള്ള എല്ലാവരേയും സംഗമത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ഇത് വലിയ വിജയം ആക്കണം എന്നാനൂ് ആഗ്രഹം. അതിനായി എല്ലാവരുടേയും സഹായം അഭ്യർത്ഥിക്കുന്നു.
കഴിഞ്ഞ വർഷത്തെ വിക്കി സംഗമത്തേക്കാൾ ജനശ്രദ്ധയും പ്രയോജനവും കിട്ടുന്ന ഒന്നായി ഇതിനെ മാറ്റാൻ എല്ലാ മലയാള വിക്കി സ്നേഹികളുടേയും സഹകരണം അഭ്യർത്ഥിക്കുന്നു

ഷിജു