മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ
വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ
പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന
ഒരു വിക്കിപദ്ധതിയാണു് ഇത്.

2011 എപ്രിൽ 02 മുതൽ 2011 ഏപ്രിൽ 17 വരെയുള്ള കാലയളവിലാണു് ഈ പദ്ധതി
നടത്താൻ ഉദ്ദേശിക്കുന്നത്. ഈയടുത്ത് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പാണു് ഈ
പദ്ധതി ഇപ്പോൾ നടത്താൻ തീരുമാനിക്കാനുള്ള ഒരു പ്രധാനകാരണം. ശ്രദ്ധേയരായ
മലയാളികളുടെ പറ്റുന്നിടത്തോളം സ്വതന്ത്ര ചിത്രങ്ങൾ ഇതിലൂടെ
വിക്കിയിലെത്തിക്കാൻ ശ്രമിക്കുന്നു.

ഇതിനു് പ്രചോദനം ആയത് യൂറോപ്യൻ രാജ്യങ്ങളിൽ ഒരു പട്ടണത്തെ
സംബന്ധിച്ചുള്ള ചിത്രങ്ങൾ വിക്കിയിലെത്തിക്കാൻ വേണ്ടി നടത്തിയ London Loves
Wikipedia പോലൂള്ള വിക്കിപദ്ധതികളാണു്. പല യൂറോപ്യൻ ഭാഷാ വിക്കികളും
അവരവരുടെ പട്ടണത്തെ സംബന്ധിച്ചുള്ള ചിത്രങ്ങൾ വിക്കിയിലെത്തിക്കാൻ സമാനമായ
വിക്കിപദ്ധതികൾ ഇടയ്ക്കിടയ്ക്ക് നടത്താറുണ്ട്. ഒന്നോ രണ്ടോ ദിവസം ഇതിനു്
വേണ്ടി നീക്കി വച്ച് കുറച്ച് പേർ സംഘമായി പട്ടണത്തിന്റെ വിവിധ ഇടങ്ങളിൽ
പോയി വിക്കിക്ക് പറ്റിയ ചിത്രങ്ങളെടുത്ത് വിക്കിയിലേക്ക് അപ്‌ലോഡ്
ചെയ്യുകയാണു് പതിവ്.

എന്നാൽ ഒരു പട്ടണത്തിൽ ചുറ്റി കറങ്ങി പടം എടുത്ത് വിക്കിയിൽ കയറ്റാനുള്ള
ആൾബലം മലയാളം വിക്കിസംരംഭങ്ങൾക്ക് ഇപ്പോഴില്ല. അതിനാൽ ഈ പദ്ധതി കുറച്ച്
സ്ഥലത്തേക്ക് ഒതുങ്ങാതെ വിശാലമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ
മലയാളം വിക്കിമീഡിയരേയും (മലയാളം വിക്കിയിൽ ഇപ്പോഴില്ലെങ്കിലും ഇതിന്റെ
പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റുള്ളവരേയും), അവർ എവിടെ
താമസിക്കുന്നവരായാലും, ഇതിന്റെ ഭാഗമാകത്തക്കവിധമാണു് ഈ പദ്ധതി വിഭാവനം
ചെയ്തിരിക്കുന്നത്.

പരിപാടി: മലയാളം വിക്കിപീഡിയർ വിക്കിമീഡിയയെ സ്നേഹിക്കുന്നു

തീയ്യതി: 2011 എപ്രിൽ 02 മുതൽ 2011 ഏപ്രിൽ 17 വരെ

ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.

ലക്ഷ്യം: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ വിക്കിപീഡിയയിൽ എത്തിക്കുക

അപ്‌ലോഡ് എവിടെ: വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ മലയാളം വിക്കിപീഡിയ

താങ്കൾക്ക് എന്തു ചെയ്യാൻ പറ്റും?

വൈജ്ഞാനിക സ്വഭാവമുള്ള സ്വതന്ത്ര ചിത്രങ്ങൾ താങ്കളുടെ പക്കൽ ഉണ്ടെങ്കിൽ 2011 എപ്രിൽ 02 മുതൽ 2011 ഏപ്രിൽ 17 വരെയുള്ള തീയതികളിൽ മലയാളം വിക്കിപീഡിയയിലോ, വിക്കിമീഡിയ കോമൺസിലോ അപ്‌ലോഡ് ചെയ്യുക. സ്വതന്ത്രമായ
ഉപയോഗാനുമതിയുള്ള ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. അങ്ങനെ
ചെയ്യുമ്പോൾ ഉപയോഗാനുമതി സ്വതന്ത്രമാണോയെന്ന് രണ്ടുവട്ടം ഉറപ്പാക്കുക (en:Wikipedia:Public domain image resources പൊതുസഞ്ചയത്തിലുള്ള ചിത്രങ്ങൾ കണ്ടെത്തുവാൻ സഹായകരമാണ്)

നിബന്ധനകൾ

മറ്റൊരാൾ എടുത്ത ചിത്രം അദ്ദേഹത്തിന്റെ അനുവാദം കൂടാതെ അപ്‌ലോഡ്
ചെയ്യരുത്. അഥവാ അനുവാദം കിട്ടിയതാണെങ്കിൽ ആ അനുവാദം ചിത്രത്തിന്റെ ഉടമസ്ഥൻ
വിക്കിപീഡിയയിലേയ്ക്ക് ഇ-മെയിൽ ആയി അറിയിക്കാൻ തയ്യാറായിരിക്കണം.

മറ്റൊരു ചിത്രത്തിന്റെ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യരുത്.

എല്ലായിടത്തും ലഭ്യമാണ് എന്ന കാരണത്താൽ ചിത്രത്തിന് പകർപ്പവകാശം
ഇല്ലെന്ന് അനുമാനിച്ച് അപ്‌ലോഡ് ചെയ്യരുത് (ഉദാ: ദൈവങ്ങളുടെ ചിത്രങ്ങൾ)

സ്കാൻ ചെയ്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അതിന്റെ യഥാർത്ഥ ഉടമയുടെ അനുവാദം വാങ്ങിയിരിക്കണം.

ഫ്ലിക്കർ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ആ ചിത്രം ക്രിയേറ്റീവ് കോമൺസ് അനുമതിയിലാണെന്നും നോൺ-ഡെറിവേറ്റീവ്, നോ-കമ്മേർസ്യൽ നിബന്ധനകൾ ഇല്ലെന്നും ഉറപ്പ് വരുത്തണം. (താങ്കളുടെ സ്വയം എടുത്ത ചിത്രം ഫ്ലിക്കറിലുമുണ്ടെങ്കിൽ ഈ നിബന്ധന ബാധകമല്ല, സ്വതന്ത്രമായ അനുമതിയാവും പിന്നീട് പ്രാബല്യത്തിൽ വരിക)

ചിത്രം കഴിയുന്നതും EXIF അഥവാ മെറ്റാഡാറ്റ ഉൾപ്പടെ അപ്‌ലോഡ് ചെയ്യുക. അപ്‌ലോഡ് ചെയ്ത വ്യക്തി പകർപ്പവകാശ ഉടമയാണെന്നുള്ളതിന്റെ നല്ലൊരു തെളിവാണ് അത്.

എവിടെ അപ്‌ലോഡ് ചെയ്യണം

http://commons.wikimedia.org/, http://ml.wikipedia.org/ എന്നീ സൈറ്റുകളൊന്നിൽ അപ്‌ലോഡ് ചെയ്യുക. ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് അപ്‌ലോഡ് ചെയ്യാൻ കോമൺസിലെ അപ്‌ലോഡ് സഹായി ഏറെ സഹായകമാണ്.

ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനെക്കുറിച്ച് കൂടുതലറിയാൻ ചിത്ര സഹായി കാണുക

സംശയങ്ങൾ help@mlwiki.in എന്ന വിലാസത്തിലേക്ക് അയക്കുക.

അത്യാവശ്യം വേണ്ട ചിത്രങ്ങൾ

കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ

കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ

കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ

കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ

കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ

കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ചിത്രങ്ങൾ

ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രങ്ങൾ (ഇത് മലയാളം വിക്കിപീഡിയയിൽ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ)

മറ്റ് കാര്യങ്ങൾ

ജിയോകോഡിങ്: സാദ്ധ്യമെങ്കിൽ ചിത്രങ്ങളുടെ ഭൂമിയിലെ സ്ഥാനം
അടയാളപ്പെടുത്തുക. കേരളത്തിൽ നിന്ന് എടുത്തിട്ടുള്ള ചിത്രങ്ങളിൽ ഇതുവരെ
ജിയോകോഡിങ് ചെയ്തിട്ടുള്ളവ ഇവിടെ കാണാം.